സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എല്ലാ കണ്ണുകളും മഞ്ചേശ്വരത്തേയ്ക്ക്. ബിജെപിയ്ക്ക് ശക്തമായ സ്വാധീനമുള്ള മണ്ഡലമാണ് മഞ്ചേശ്വരം.എന്നാല്‍, ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന് കപ്പിനും ചുണ്ടിനുമിടയില്‍ മണ്ഡലം നഷ്ടപ്പെട്ട ചരിത്രമുണ്ട്. ഇത്തവണ എന്തൊക്കെ പ്രതിസന്ധികള്‍ നേരിട്ടാലും മഞ്ചേശ്വരത്ത് വിജയിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് എൻഡിഎ സ്ഥാനാര്‍ത്ഥിയായ കെ സുരേന്ദ്രൻ.

ഇത്തവണ സിറ്റിംഗ് എംഎല്‍എയായ എ കെ എം അഷ്റഫിനെ തന്നെയാണ് യുഡിഎഫ് കളത്തിലിറക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വെറും 745 വോട്ടുകളുടെ മാത്രം ഭൂരിപക്ഷത്തിനായിരുന്നു അഷ്റഫിന്റെ വിജയം. ഇത്തവണ മികച്ച ഭൂരിപക്ഷത്തില്‍ വിജയം നേടാനാകും എന്ന ആത്മവിശ്വാസത്തിലാണ് അദ്ദേഹം. ഇതിനിടെ മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്ന് പിഡിപി അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയാണ് തീരുമാനം അറിയിച്ചത്. ബിജെപിയ്ക്കുള്ള വിജയസാധ്യത ഒഴിവാക്കാനാണ് യുഡിഎഫിനെ പിന്തുണയ്ക്കുന്നതെന്ന് പിഡിപി ജില്ലാ പ്രസിഡന്റ് എസ് എം ബഷീര്‍ റിസ്വി വ്യക്തമാക്കി.മഞ്ചേശ്വരത്ത് സ്വാധീനമുള്ള പാര്‍ട്ടിയാണ് പിഡിപി. മഞ്ചേശ്വരം പഞ്ചായത്തില്‍ ഒരു വാര്‍ഡ് ഇവര്‍ വിജയിച്ചിട്ടുണ്ട്. സാധാരണയായി എല്‍ഡിഎഫിനെയാണ് പിഡിപി പിന്തുണയ്ക്കാറുള്ളത്. എന്നാല്‍, മഞ്ചേശ്വരത്തെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്താണ് ഇത്തവണ യുഡിഎഫിനെ പിന്തുണയ്ക്കാൻ പിഡിപി തീരുമാനിച്ചിരിക്കുന്നത്. കെ സുരേന്ദ്രന്റെ വിജയ സാധ്യത, മതേതര വോട്ടുകള്‍ ഭിന്നിക്കാനുള്ള സാധ്യത, എല്‍ഡിഎഫിന്റെ വിജയ സാധ്യത തുടങ്ങിയ വിഷയങ്ങള്‍ പരിഗണിച്ചാണ് തീരുമാനം.

അതേസമയം, മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാര്‍ത്ഥി മത്സരിക്കുമോ എന്നതാണ് ഇനി അറിയേണ്ടത്. എസ്ഡിപിഐ സ്ഥാനാര്‍ത്ഥി കെ എം അഷ്റഫ് പ്രചാരണവുമായി മണ്ഡലത്തില്‍ സജീവമാണ്. മഞ്ചേശ്വരത്ത് കഴിഞ്ഞ തവണ 7,500ലധികം വോട്ടുകള്‍ എസ്ഡിപിഐയ്ക്കുണ്ട്. എന്നാല്‍, സ്ഥാനാര്‍ത്ഥിത്വം പിൻവലിക്കാൻ എസ്ഡിപിഐയ്ക്ക് മേല്‍ സമ്മര്‍ദ്ദമുണ്ടെന്നാണ് സൂചന. സ്ഥാനാര്‍ത്ഥി പട്ടിക പിൻവലിക്കാൻ ഇന്ന് വൈകുന്നേരം 5 മണി വരെയാണ് സമയം. അങ്ങനെ സംഭവിച്ചാല്‍ യുഡിഎഫിനെ സഹായിക്കുന്നതിനായി എസ്ഡിപിഐ സ്ഥാനാര്‍ത്ഥിത്വം പിൻവലിച്ചെന്ന വലിയ രീതിയിലുള്ള പ്രചാരണം എൻഡിഎ നടത്താൻ സാധ്യതയുണ്ട്. ആര്‍ക്കും മുൻതൂക്കം പ്രവചിക്കാൻ സാധിക്കാത്ത സാഹചര്യമാണ് നിലവില്‍ മഞ്ചേശ്വരത്തുള്ളത്.

മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍

2006ല്‍ സിച്ച്‌ കുഞ്ഞമ്പു ഇടത്പക്ഷത്തിനായി വിജയിച്ച ചരിത്രം മഞ്ചേശ്വരം മണ്ഡലത്തിനുണ്ട്. അന്ന് അഡ്വ. നാരായണ ഭട്ടായിരുന്നു ബിജെപി സ്ഥാനാര്‍ത്ഥി. വെറും 4,829 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു കുഞ്ഞമ്പു ജയിച്ചത്. 2011, 2016 തെരഞ്ഞെടുപ്പുകളില്‍ കെ സുരേന്ദ്രനാണ് എൻഡിഎയ്ക്ക് വേണ്ടി കളത്തിലിറങ്ങിയത്. മറുഭാഗത്ത് മുസ്ലീം ലീഗിന്റെ പി ബി അബ്ദുള്‍ റസാഖായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി. 2011ല്‍ 5,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ അബ്ദുള്‍ റസാഖ് വിജയിച്ചെങ്കില്‍ 2016ല്‍ അദ്ദേഹം കഷ്ടിച്ച്‌ രക്ഷപ്പെടുകയായിരുന്നു. വെറും 89 വോട്ടുകളുടെ മാത്രം വ്യത്യാസത്തിലാണ് സുരേന്ദ്രന് മണ്ഡലം നഷ്ടമായത്. അന്ന് കെ സുന്ദര എന്ന അപരൻ പിടിച്ച വോട്ടുകള്‍ നിര്‍ണായകമായി.

2019ലെ ഉപതെരഞ്ഞെടുപ്പില്‍ ലീഗിന്റെ എം സി ഖമറുദ്ദീൻ ബിജെപിയുടെ രവീശ തന്ത്രി കുണ്ടാറിനെ 8,000ത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തി. എന്നാല്‍, 2021ല്‍ വീണ്ടും സുരേന്ദ്രൻ മഞ്ചേശ്വരം മണ്ഡലത്തില്‍ തിരിച്ചെത്തി. ലീഗ് സ്ഥാനാര്‍ത്ഥിയായ എ കെ എം അഷ്റഫിനോട് വാശിയേറിയ പോരാട്ടമാണ് സുരേന്ദ്രൻ പുറത്തെടുത്തത്. വീണ്ടും നിസാര വോട്ടുകള്‍ക്ക് (745) സുരേന്ദ്രന് മണ്ഡലം നഷ്ടമാകുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക