കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മില്‍‌ ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് സിഎൻഎൻ-ന്യൂസ് 18 പുറത്തുവിട്ട ‘വോട്ട് വൈബ്’ (VoteVibe) സർവേ.എല്‍ഡിഎഫിന് 68 മുതല്‍ 74 വരെ സീറ്റുകളും യുഡിഎഫിന് 64-70 സീറ്റുകളുമാണ് സർവേ പ്രവചിക്കുന്നത്. എൻഡിഎ 1 മുതല്‍ 3 സീറ്റ് വരെ പിടിക്കാമെന്നും സര്‍വേയില്‍ പറയുന്നു. ‌

യുഡിഎഫും എല്‍ഡിഎഫും 36.5% വോട്ടുകളുമായി ഒപ്പത്തിനൊപ്പമാണ്.വടക്കൻ കേരളത്തില്‍ യുഡിഎഫിനാണ് മുൻതൂക്കം പ്രവചിക്കുന്നത്. 48 സീറ്റുകളില്‍ യുഡിഎഫ് 26-28 വരെ സീറ്റ് നേടാം. എല്‍ഡിഎഫിന് 20-22 സീറ്റുകളാണ് പ്രവചിക്കുന്നത്. വടക്കൻ കേരളത്തില്‍ എൻഡിഎക്ക് ഒരു സീറ്റും ലഭിച്ചേക്കില്ലെന്നാണ് സര്‍വേ പ്രവചനം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മധ്യകേരളത്തിലും യുഡിഎഫിനാണ് മുൻതൂക്കം പ്രവചിക്കുന്നത്. ആകെയുള്ള 53 സീറ്റുകളില്‍ 27-29 സീറ്റുകളില്‍ യുഡിഎഫിന് വിജയം പ്രവചിക്കുന്നു. എല്‍ഡിഎഫ് 24-26 സീറ്റുകളില്‍ വിജയിച്ചേക്കാം. മധ്യകേരളത്തിലും എൻഡിഎക്ക് ഒരു സീറ്റിലും വിജയിക്കാനാകില്ലെന്നാണ് പ്രവചനം.

തെക്കൻ കേരളത്തില്‍ എല്‍ഡിഎഫിന് മികച്ച മുൻതൂക്കമാണ് പ്രവചിക്കുന്നത്. ആകെയുള്ള 39 സീറ്റുകളില്‍ എല്‍ഡിഎഫ് 24-26 സീറ്റുകളില്‍ വിജയിക്കാമെന്നാണ് പ്രവചനം. യുഡിഎഫ് 11-13 സീറ്റുകളില്‍ ഒതുങ്ങും. തെക്കൻ കേരളത്തില്‍ എൻഡിഎ 1-3 സീറ്റുകള്‍ വരെ നേടാനാകുമെന്നും സർവേ പറയുന്നു.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിണറായി വിജയനും വി ഡി സതീശനും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.വി ഡി സതീശനും മുഖ്യമന്ത്രി പിണറായി വിജയനും 29% പിന്തുണയോടെ ഒപ്പത്തിനൊപ്പമാണ്. ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖർ 10.8% പിന്തുണയോടെ മൂന്നാം സ്ഥാനത്തുണ്ട്. കെ കെ ശൈലജ 9.3%, ശശി തരൂർ 8.4%, പിന്തുണയും നേടി. രമേശ് ചെന്നിത്തല 3.9%, കെ സി വേണുഗോപാല്‍ 3.4% എന്നിങ്ങനെയാണ് മറഫ്റു നേതാക്കളുടെ പിന്തുണ.

മുസ്ലിം വിഭാഗത്തില്‍ നിന്നുള്ള 39.3% പേരും ക്രിസ്ത്യൻ വിഭാഗത്തില്‍ നിന്നുള്ള 36.6% പേരും വി ഡി സതീശനെ ശക്തമായി പിന്തുണയ്ക്കുന്നു. എസ് സി/എസ് ടി (SC/ST) വിഭാഗങ്ങള്‍ക്കിടയില്‍ പിണറായി വിജയന് താരതമ്യേന ശക്തമായ പിന്തുണയുണ്ട്. നേതൃത്വത്തിലുള്ള വിശ്വാസ്യതയുടെ കാര്യത്തില്‍ യുഡിഎഫ് നേതാക്കള്‍ക്ക് 45% റേറ്റിംഗ് ലഭിച്ചപ്പോള്‍ എല്‍ഡിഎഫ് നേതാക്കള്‍ക്ക് 39% റേറ്റിംഗ് ലഭിച്ചു.

സർക്കാരിന്റെ പ്രകടനം (കഴിഞ്ഞ 5 വർഷം)

സംതൃപ്തി: 38.8% പേർ സർക്കാരിന്റെ പ്രകടനം “മികച്ചത്/നല്ലത്” എന്ന് വിലയിരുത്തിയപ്പോള്‍, 43.1% പേർ “മോശം/വളരെ മോശം” എന്ന് രേഖപ്പെടുത്തി. ഇത് സർക്കാരിനെതിരെയുള്ള അതൃപ്തിയെ സൂചിപ്പിക്കുന്നു.

ഗ്രാമം vs നഗരം: ഗ്രാമീണ വോട്ടർമാരാണ് സർക്കാരിനെതിരെ കൂടുതല്‍ വിമർശനാത്മക നിലപാട് സ്വീകരിക്കുന്നത് (50.9% അതൃപ്തി).

പ്രായപരിധി: 18-24 വയസ്സുള്ള യുവാക്കള്‍ സർക്കാരില്‍ താരതമ്യേന സംതൃപ്തരാണ്. എന്നാല്‍ 35-44 പ്രായക്കാർക്കിടയിലാണ് ഏറ്റവും കൂടുതല്‍ അതൃപ്തിയുള്ളത് (50.7%).

സമുദായം: ക്രൈസ്തവ, മുസ്ലിം വിഭാഗങ്ങളാണ് സർക്കാരിനെ ഏറ്റവുമധികം വിമർശിക്കുന്നത്.

പ്രധാന തിരഞ്ഞെടുപ്പ് വിഷയങ്ങള്‍

‌വിലക്കയറ്റം: വോട്ടർമാരുടെ പ്രധാന ആശങ്ക വിലക്കയറ്റമാണ് (19.7%). തൊഴിലില്ലായ്മ (15.6%), അഴിമതി (14.4%) എന്നിവയാണ് തൊട്ടുപിന്നില്‍.

ലഹരി ഉപയോഗം: മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം എല്ലാ വിഭാഗങ്ങള്‍ക്കിടയിലും വലിയ ഉത്കണ്ഠയുണ്ടാക്കുന്ന വിഷയമാണ് (12.7%).

വർഗീയ ധ്രുവീകരണം:മുസ്ലിം വിഭാഗങ്ങള്‍ക്കും (8.7%), 35-44 പ്രായക്കാർക്കും (9%) ഇടയില്‍ ഈ വിഷയം ഗൗരവതരമാണ്.

യുവാക്കള്‍ മറ്റെല്ലാ വിഷയങ്ങളേക്കാളും തൊഴിലില്ലായ്മയ്ക്ക് മുൻഗണന നല്‍കുന്നു.

വോട്ടിംഗ് ശതമാനം (പ്രവചനം)

‌യുഡിഎഫും എല്‍ഡിഎഫും 36.5% വോട്ടുകളുമായി ഒപ്പത്തിനൊപ്പമാണ്.എൻഡിഎ ഏകദേശം 15% വോട്ടുകള്‍ നേടിയേക്കാം.

ഒബിസി, എസ്സി/എസ്ടി വിഭാഗങ്ങള്‍ എല്‍ഡിഎഫിനെയും, മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങള്‍ യുഡിഎഫിനെയും പിന്തുണയ്ക്കുന്നു. സവർണ്ണ ഹിന്ദുക്കള്‍ക്കിടയില്‍ ബിജെപി ശക്തമാണ് (26.5%).

പ്രധാന വിലയിരുത്തലുകള്‍

1. ഇഞ്ചോടിഞ്ച് പോരാട്ടം: ആര് ജയിക്കുമെന്ന് പ്രവചിക്കുക അസാധ്യമാണ്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ തിരിച്ചടിയില്‍ നിന്ന് എല്‍ഡിഎഫ് ഭാഗികമായി കരകയറിയതായി കാണുന്നു.

2. കോണ്‍ഗ്രസ്: സ്ഥാനാർത്ഥി നിർണ്ണയ വേളയിലുണ്ടായ വിവാദങ്ങള്‍ കോണ്‍ഗ്രസിന്റെ ആവേശം കുറച്ചിട്ടുണ്ട്.

3. ഭരണവിരുദ്ധ വികാരം: സർക്കാരിനെതിരായ വികാരം ശക്തമാണെങ്കിലും അതിന്റെ ഗുണം യുഡിഎഫിനും എൻഡിഎയ്ക്കുമായി ഭിന്നിച്ചു പോകുന്നത് എല്‍ഡിഎഫിന് ആശ്വാസമായേക്കാം.

4. മേഖലാ മാറ്റം: തെക്കൻ കേരളത്തില്‍ നിന്ന് വടക്കോട്ട് നീങ്ങുന്തോറും വോട്ടർമാരുടെ മനോഭാവത്തില്‍ വ്യത്യാസം പ്രകടമാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക