ഗാർഹിക എല്‍പിജിയുടെ അളവ് കുറക്കാൻ കേന്ദ്ര സർക്കാർ ആലോചന. 14.2 കിലോ സിലണ്ടറിന് പകരം 10 കിലോ നല്‍കും.ആശുപത്രികള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മുൻഗണന നല്‍കി കൂടുതല്‍ വാണിജ്യ സിലിണ്ടറുകള്‍ നല്‍കാനാണ് തീരുമാനം.
നിലവിലുള്ള സ്റ്റോക്ക് പരമാവധി ആളുകളിലേക്ക് എത്തിക്കുന്നതിനായി സിലിണ്ടറുകളില്‍ നിറയ്ക്കുന്ന വാതകത്തിന്റെ അളവ് കുറയ്ക്കാനാണ് പൊതുമേഖലാ എണ്ണക്കമ്പനികള്‍ പദ്ധതിയിടുന്നത്. നിലവിലെ 14.2 കിലോഗ്രാം സിലിണ്ടറുകളില്‍ ഏകദേശം 10 കിലോഗ്രാം വീതം പാചകവാതകം മാത്രം നിറച്ചു വിതരണം ചെയ്യാനാണ് ചർച്ചകള്‍ നടക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.വിതരണ ശൃംഖലയിലെ തടസ്സം മൂലം വീടുകളിലേക്കുള്ള കണക്ഷനുകള്‍ മുടങ്ങാതിരിക്കാനാണ് ഈ താത്കാലിക ക്രമീകരണം.
ഇന്ത്യയുടെ ആകെ പാചകവാതക ആവശ്യത്തിന്റെ 60 ശതമാനത്തോളം ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. ഇതില്‍ വലിയൊരു ഭാഗവും എത്തുന്നത് തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വഴിയാണ്. പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമായതോടെ ഈ വഴിയുള്ള കപ്പല്‍ ഗതാഗതം കുത്തനെ കുറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വളരെ കുറഞ്ഞ അളവില്‍ മാത്രമേ എല്‍പിജി ഇന്ത്യയില്‍ എത്തിയിട്ടുള്ളൂ. നിലവില്‍ പുതിയ കപ്പലുകളൊന്നും ഇന്ത്യൻ തീരത്തേക്ക് വരുന്നില്ലെന്നത് ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്.
ഇന്ത്യൻ തീരങ്ങളിലേക്ക് നിലവില്‍ പുതിയ കപ്പലുകളൊന്നും വരുന്നില്ലെന്ന് വ്യവസായ മേഖലയില്‍ നിന്നുള്ള കണക്കുകളും സൂചിപ്പിക്കുന്നുണ്ട്. കഴിഞ്ഞ ആഴ്‌ച വളരെ കുറച്ച് കപ്പലുകള്‍ മാത്രമാണ് കടലിടുക്ക് വഴി കടന്നുപോയത്. ഇവയിലുണ്ടായിരുന്ന ഇന്ധനത്തിന്റെ അളവ് രാജ്യത്തെ ഏകദേശം ഒരു ദിവസത്തെ ഉപഭോഗത്തിന് തുല്യം മാത്രമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

















