ഗുരുതരമായ ക്രിമിനല്‍ കേസില്‍ അറസ്റ്റിലായി തുടർച്ചയായി 30 ദിവസം കസ്റ്റഡിയില്‍ കഴിയുന്ന മന്ത്രിമാരെ പദവിയില്‍ നിന്ന് നീക്കാൻ വ്യവസ്ഥ ചെയ്യുന്ന ഭരണഘടനാ ഭേദഗതി ബില്ലിന് സംയുക്ത പാർലമെന്ററി സമിതി (ജെപിസി) അംഗീകാരം നല്‍കാനൊരുങ്ങുന്നതായി റിപ്പോർട്ട്.ജൂലായ് 20-ന് ആരംഭിക്കാൻ സാധ്യതയുള്ള പാർലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കുന്നതിന് മുന്നോടിയായാണ് ജെപിസി റിപ്പോർട്ട് സമർപ്പിക്കാൻ നീക്കം.
ജൂലായ് 17-ന് ബില്ലിന് സമിതിയുടെ അംഗീകാരം ലഭിച്ചേക്കുമെന്നാണ് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്.ഭരണഘടനയുടെ 130-ാം ഭേദഗതി ബില്‍, 2025 പ്രകാരം പ്രധാനമന്ത്രി, മുഖ്യമന്ത്രിമാർ, കേന്ദ്ര-സംസ്ഥാന മന്ത്രിമാർ എന്നിവർ അഞ്ച് വർഷമോ അതില്‍ കൂടുതലോ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യത്തില്‍ പ്രതിയായി അറസ്റ്റിലായി തുടർച്ചയായി 30 ദിവസം കസ്റ്റഡിയില്‍ കഴിയുകയാണെങ്കില്‍ മന്ത്രിസ്ഥാനത്ത് തുടരാനാവില്ല.
പ്രധാനമന്ത്രിയുടെയോ മുഖ്യമന്ത്രിയുടെയോ ഉപദേശപ്രകാരം രാഷ്ട്രപതിക്കോ ഗവർണർക്കോ നടപടിയെടുക്കാനാകും. അത്തരം നടപടി ഉണ്ടായില്ലെങ്കിലും 31-ാം ദിവസം മുതല്‍ മന്ത്രിസ്ഥാനം നഷ്ടമാകുന്ന തരത്തിലാണ് ബില്ലിലെ വ്യവസ്ഥ. പ്രധാനമന്ത്രിയുടെയോ മുഖ്യമന്ത്രിയുടെയോ കാര്യത്തില്‍ രാഷ്ട്രപതിയോ ബന്ധപ്പെട്ട ഗവർണറോ തീരുമാനമെടുക്കും.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് കഴിഞ്ഞ വർഷം ബില്‍ പാർലമെന്റില്‍ അവതരിപ്പിച്ചത്. തുടർന്ന് ബിജെപി എംപി അപരാജിത സാരംഗിയുടെ അധ്യക്ഷതയില്‍ 31 അംഗ സംയുക്ത പാർലമെന്ററി സമിതി രൂപീകരിച്ച് ബില്‍ വിശദമായി പരിശോധിക്കാൻ തീരുമാനിക്കുകയായിരുന്നു.

















