വ്യാപകമായ സിനിമാ-ഒ.ടി.ടി പൈറസിക്ക് എതിരെ പ്രമുഖ മെസ്സേജിങ് ആപ്പായ ടെലിഗ്രാമിന് കടുത്ത താക്കീതുമായി കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം.പൈറസി തടയാൻ കർശനമായ സംവിധാനങ്ങള്‍ ഒരുക്കണമെന്നും 15 ദിവസത്തിനകം ഇതിന്മേല്‍ എടുത്ത നടപടികളുടെ റിപ്പോർട്ട് സമർപ്പിക്കണമെന്നും കേന്ദ്ര സർക്കാർ ശനിയാഴ്ച പുറപ്പെടുവിച്ച നോട്ടീസില്‍ ആവശ്യപ്പെട്ടു.
ടെലിഗ്രാം വഴി വ്യാജ സിനിമകളും ഒ.ടി.ടി ഉള്ളടക്കങ്ങളും മറ്റ് ഓഡിയോ-വിഷ്വല്‍ മെറ്റീരിയലുകളും വ്യാപകമായി പ്രചരിപ്പിക്കുന്നത് തടയാൻ മെസ്സേജിങ് പ്ലാറ്റ്‌ഫോം അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു. വ്യാജ ഉള്ളടക്കങ്ങള്‍ കണ്ടെത്താനും റിപ്പോർട്ട് ചെയ്യാനും അവ നീക്കം ചെയ്യാനുമുള്ള സംവിധാനങ്ങള്‍ ടെലിഗ്രാം കൂടുതല്‍ ശക്തമാക്കേണ്ടതുണ്ട്. മുൻപ് സർക്കാർ ആവശ്യപ്പെടുമ്പോള്‍ ചില ചാനലുകള്‍ മാത്രം നീക്കം ചെയ്യുന്ന രീതിയായിരുന്നു ടെലിഗ്രാം അവലംബിച്ചിരുന്നത്. ഇതിനകം തന്നെ പൈറസി നടത്തിയ 3,000-ത്തിലധികം ടെലിഗ്രാം ചാനലുകള്‍ക്കെതിരെ സർക്കാർ നടപടിയെടുത്തിട്ടുണ്ട്.
എന്നാല്‍ ഇനിമുതല്‍ ഓരോ ചാനലുകളായി നീക്കം ചെയ്യാൻ സർക്കാർ പറയുന്നത് വരെ ടെലിഗ്രാം കാത്തിരിക്കരുത്. പൈറസി തടയാൻ പ്ലാറ്റ്‌ഫോമിന് പൂർണ്ണ ഉത്തരവാദിത്തമുണ്ടെന്ന് ഐടി നിയമം , ഐടി റൂള്‍സ് എന്നിവ മുൻനിർത്തി മന്ത്രാലയം ഓർമ്മിപ്പിച്ചു. പൈറസി ആവർത്തിക്കുന്ന ചാനലുകള്‍, ഗ്രൂപ്പുകള്‍, ബോട്ടുകള്‍ , അക്കൗണ്ടുകള്‍, അഡ്മിനിസ്ട്രേറ്റർമാർ എന്നിവർക്കെതിരെ കർശന നടപടിയെടുക്കാൻ കേന്ദ്രം നിർദ്ദേശിച്ചിട്ടുണ്ട്. നിർമ്മാതാക്കള്‍ക്കും ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ക്കും നിയമപാലകർക്കും പരാതി നല്‍കാനുള്ള ഗ്രീവൻസ് റെഡ്ഡ്രസല്‍ സിസ്റ്റത്തിന്റെ വിശദാംശങ്ങള്‍ ടെലിഗ്രാം സമർപ്പിക്കണം. കോപ്പിറൈറ്റ് ലംഘനം ഇന്ത്യയില്‍ വെറും സിവില്‍ കുറ്റമല്ല, മറിച്ച് 1957-ലെ കോപ്പിറൈറ്റ് ആക്‌ട് പ്രകാരവും 1952-ലെ സിനിമാറ്റോഗ്രാഫ് ആക്‌ട് പ്രകാരവും കടുത്ത ക്രിമിനല്‍ കുറ്റമാണെന്നും കേന്ദ്രം വ്യക്തമാക്കി.
അടുത്തിടെ നീറ്റ് യുജി പുനഃപരീക്ഷയ്ക്ക് മുന്നോടിയായി ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ തടയാൻ ജൂണ്‍ 22 വരെ ടെലിഗ്രാമിന് ഇന്ത്യയില്‍ താല്‍ക്കാലിക നിരോധനം ഏർപ്പെടുത്തിയിരുന്നു. മെയ് 3-ന് നടന്ന പരീക്ഷ ചോർച്ചയെ തുടർന്ന് മെയ് 12-ന് റദ്ദാക്കിയിരുന്നു. തുടർന്ന് ജൂണ്‍ 21-ലെ പുനഃപരീക്ഷയ്ക്ക് മുൻപ് ആറ് ദിവസത്തേക്ക് ആപ്പ് ബ്ലോക്ക് ചെയ്യാനുള്ള സർക്കാരിന്റെ തീരുമാനത്തെ ജൂണ്‍ 19-ന് ഡല്‍ഹി ഹൈക്കോടതിയും ശരിവെച്ചിരുന്നു. വിദ്യാർത്ഥികള്‍ പഠന സാമഗ്രികള്‍ പങ്കുവെക്കാൻ വ്യാപകമായി ഉപയോഗിക്കുന്ന പ്ലാറ്റ്‌ഫോമാണ് ടെലിഗ്രാം.

















