രാജ്യത്ത് കഫ് സിറപ്പുകള്‍ ഉള്‍പ്പെടെയുള്ള എല്ലാത്തരം ദ്രവരൂപത്തിലുള്ള മരുന്നുകളുടെയും (Syrups) സ്വയംചികിത്സയ്ക്കും അനിയന്ത്രിതമായ വില്‍പ്പനയ്ക്കും കർശന നിയന്ത്രണമേർപ്പെടുത്തി കേന്ദ്ര സർക്കാർ.ഇനിമുതല്‍ ചുമ സിറപ്പുകള്‍ അടക്കമുള്ള സിറപ്പ് വിഭാഗത്തില്‍പ്പെടുന്ന മരുന്നുകള്‍ വാങ്ങാൻ ഡോക്ടറുടെ കൃത്യമായ പ്രിസ്‌ക്രിപ്ഷൻ (കുറിപ്പടി) നിർബന്ധമാക്കി.

ഒടിസി (Over The Counter) അഥവാ ഡോക്ടറുടെ നിർദ്ദേശമില്ലാതെ മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്ന് നേരിട്ട് മരുന്നുകള്‍ വാങ്ങുന്ന രീതി ഇതോടെ അവസാനിക്കുകയാണ്. ഇത് സംബന്ധിച്ച കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ (MoHFW) ഔദ്യോഗിക ഗസറ്റ് വിജ്ഞാപനം ജൂണ്‍ 9-ന് പുറത്തിറങ്ങി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞ ഡിസംബറില്‍ ഇത് സംബന്ധിച്ച കരട് വിജ്ഞാപനം മന്ത്രാലയം പുറപ്പെടുവിച്ചിരുന്നു. നിശ്ചിത സമയത്തിനകം ബന്ധപ്പെട്ട പങ്കാളികളില്‍ നിന്നോ പൊതുജനങ്ങളില്‍ നിന്നോ ആക്ഷേപങ്ങളോ എതിർപ്പുകളോ ഒന്നും തന്നെ ഉയരാത്ത സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ ഇപ്പോള്‍ പുതിയ ഭേദഗതി ഔദ്യോഗികമായി നിയമമാക്കി മാറ്റിയിരിക്കുന്നത്.

ഇന്ത്യയിലെ ഡ്രഗ്സ് റൂള്‍സ് 1945-ല്‍ വരുത്തിയ നിർണായകമായ ഭേദഗതിയിലൂടെയാണ് പുതിയ മാറ്റം നടപ്പിലാക്കിയിരിക്കുന്നത്. നിയമത്തിലെ ‘ഷെഡ്യൂള്‍ കെ’ (Schedule K) പ്രകാരം ചില പ്രത്യേക നിയന്ത്രണങ്ങളില്‍ നിന്നും ഇളവ് നല്‍കിയിരുന്ന മരുന്നുകളുടെ പട്ടികയില്‍ നിന്നാണ് ‘സിറപ്പുകള്‍’ (Syrups) എന്ന വാക്ക് ഇപ്പോള്‍ കേന്ദ്രം പൂർണ്ണമായി ഒഴിവാക്കിയത്. ഷെഡ്യൂള്‍ കെ, സീരിയല്‍ നമ്പർ 13, ഐറ്റം നമ്പർ (7) ലാണ് കഫ് സിറപ്പുകള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് മുൻപ് ഇളവുകള്‍ അനുവദിച്ചിരുന്നത്. ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്‌ട് അനുസരിച്ച്‌ ചില നിബന്ധനകളോടെ വില്‍ക്കാൻ അനുവാദമുണ്ടായിരുന്ന ഇളവുകളുടെ പട്ടികയില്‍ നിന്ന് പുറത്തായതോടെ, സിറപ്പുകള്‍ ഇനി മുതല്‍ കടുത്ത നിയന്ത്രണങ്ങളുള്ള മരുന്നുകളുടെ പരിധിയിലേക്ക് മാറും.

കഫ് സിറപ്പുകളുടെ ദുരുപയോഗം തടയുന്നതിനും കുട്ടികളിലടക്കം ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലാതാക്കുന്നതിനും വേണ്ടിയാണ് കേന്ദ്രത്തിന്റെ ഈ സുപ്രധാന നീക്കമെന്നാണ് വിലയിരുത്തല്‍. പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ഡോക്ടറുടെ കുറിപ്പടിയില്ലാതെ സിറപ്പുകള്‍ വില്‍ക്കുന്ന മെഡിക്കല്‍ ഷോപ്പുകള്‍ക്കെതിരെ കർശന നിയമനടപടികള്‍ ഉണ്ടാകും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക