മുംബൈ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അനുമതിയില്ലാതെ നിക്കോട്ടിന്‍ പൗച്ചുകള്‍ വിറ്റഴിച്ച സംഭവത്തില്‍ അദാനി ഗ്രൂപ്പിനെതിരെ കടുത്ത നിലപാടുമായി കേന്ദ്ര സര്‍ക്കാര്‍.വിമാനത്താവളങ്ങളിലെ നിക്കോട്ടിന്‍ പൗച്ച് വില്‍പ്പന ഔഷധ നിയമങ്ങളുടെ വ്യക്തമായ ലംഘനമാണെന്നും ഇത് ഗുരുതരമായ പൊതുജന ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നും കേന്ദ്ര സര്‍ക്കാര്‍ ബോധിപ്പിച്ചു. ഔദ്യോഗിക നിയമങ്ങള്‍ ലംഘിച്ച് വിറ്റഴിച്ച നിരോധിത ഉല്‍പ്പന്നങ്ങള്‍ക്കെതിരായ നടപടി ചോദ്യം ചെയ്ത് അദാനി ഗ്രൂപ്പ് സമര്‍പ്പിച്ച ഹര്‍ജി തള്ളണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ മുംബൈ എയര്‍പോര്‍ട്ട് സ്ഥിതി ചെയ്യുന്നത് ഇന്ത്യന്‍ മണ്ണിലാണെന്ന് കേന്ദ്രം കോടതിയില്‍ വ്യക്തമാക്കി. കസ്റ്റംസ് ബോണ്ടഡ് ഗോഡൗണുകളില്‍ സൂക്ഷിക്കുന്നതും അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് മാത്രം വില്‍ക്കുന്നതുമായ നിക്കോട്ടിന്‍ പൗച്ചുകള്‍ക്ക് രാജ്യത്തെ നിയമങ്ങള്‍ ബാധകമല്ലെന്ന അദാനിയുടെ വാദത്തെ സര്‍ക്കാര്‍ പൂര്‍ണ്ണമായും തള്ളി. മുംബൈ വിമാനത്താവളത്തില്‍ എത്തുന്ന നിമിഷം തന്നെ ഇത്തരം ഉല്‍പ്പന്നങ്ങള്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തിയിലേക്കും പ്രദേശത്തിലേക്കും പ്രവേശിക്കുകയാണെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി. ഇവ കസ്റ്റംസ് ബോണ്ടഡ് വെയര്‍ഹൗസില്‍ സൂക്ഷിച്ചിട്ടുണ്ടെന്നത് ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയില്‍ ഭൗതികമായി നിലനില്‍ക്കുന്നില്ല എന്നതിന് ന്യായീകരണമല്ലെന്ന് ജൂലൈ 7-ന് സമര്‍പ്പിച്ച മറുപടി സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
മാര്‍ച്ച് മാസത്തില്‍ സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ നടത്തിയ പരിശോധനയിലാണ് അദാനിയുടെ കീഴിലുള്ള ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ നിയമവിരുദ്ധമായി നിക്കോട്ടിന്‍ പൗച്ചുകള്‍ വില്‍ക്കുന്നത് കണ്ടെത്തിയത്. ഇന്ത്യയില്‍ ഔഷധങ്ങളുടെ പരിധിയില്‍ വരുന്ന ഇത്തരം ഉല്‍പ്പന്നങ്ങള്‍ ആവശ്യമായ അനുമതികളില്ലാതെ വിറ്റഴിച്ചതിനെത്തുടര്‍ന്ന് അധികൃതര്‍ നടപടിയെടുക്കുകയായിരുന്നു. ഇതിനെതിരെയാണ് അദാനി ഗ്രൂപ്പ് ബോംബെ ഹൈക്കോടതിയെ സമീപിച്ചത്. രാജ്യാന്തര വിമാനത്താവളങ്ങളിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ ലോകത്തെ വേഗത്തില്‍ വളരുന്ന നിക്കോട്ടിന്‍ ഉല്‍പ്പന്നമായ ഇത്തരം പൗച്ചുകളുടെ വില്‍പ്പന നിയന്ത്രിക്കുന്നതില്‍ ഈ നിയമപോരാട്ടം വലിയൊരു വഴിത്തിരിവാകുമെന്നാണ് നിയമവിദഗ്ദ്ധര്‍ കരുതുന്നത്. ഈ വിഷയത്തില്‍ കൂടുതല്‍ പ്രതികരണത്തിന് അദാനി ഗ്രൂപ്പ് തയാറായിട്ടില്ല. കേസ് ബോംബെ ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കും.
നിയമലംഘനം നടന്നു എന്ന വാദം തിടുക്കത്തിലുള്ളതാണെന്നും നിയമപരമായി നിലനില്‍ക്കില്ലെന്നുമാണ് വിഷയത്തില്‍ അദാനിയുടെ കീഴിലുള്ള മുംബൈ ട്രാവല്‍ റീട്ടെയ്ല്‍ നല്‍കുന്ന വിശദീകരണം. റെഗുലേറ്ററി അതോറിറ്റിയുടെ വ്യാഖ്യാനത്തെ ചോദ്യം ചെയ്തുകൊണ്ട് ജുഡീഷ്യല്‍ റിവ്യൂ ഹര്‍ജിയാണ് നല്‍കിയിരിക്കുന്നതെന്നും കമ്പനി വ്യക്തമാക്കി. അദാനി ഗ്രൂപ്പിന്റെ വിമാനത്താവളത്തില്‍ അനുമതിയില്ലാത്ത ഉല്‍പ്പന്നങ്ങള്‍ വിറ്റത് വെറുമൊരു നടപടിക്രമപരമായ വീഴ്ചയല്ലെന്നും മററിച്ച് രാജ്യത്തെ ഡ്രഗ് നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും സി.ഡി.എസ്.സി.ഒ കോടതിയില്‍ അറിയിച്ചു. നിയമ ലംഘനത്തില്‍ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന വ്യക്തമായ സന്ദേശമാണ് കേന്ദ്രം ഇതിലൂടെ നല്‍കുന്നത്.
രാജ്യത്ത് നിലവില്‍ ചില നിക്കോട്ടിന്‍ മാറ്റിസ്ഥാപിക്കല്‍ ഉല്‍പ്പന്നങ്ങളായ നിക്കോട്ടിന്‍ പാച്ചുകള്‍, ചൂയിംഗങ്ങള്‍ എന്നിവയ്ക്ക് കൃത്യമായ രജിസ്ട്രേഷന്‍ പ്രക്രിയയിലൂടെ അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ചുണ്ടിനടിയില്‍ വെച്ച് ഉപയോഗിക്കുന്ന നിക്കോട്ടിന്‍ പൗച്ചുകള്‍ക്ക് രാജ്യത്ത് യാതൊരുവിധ അനുമതിയും നല്‍കിയിട്ടില്ലാത്തതിനാല്‍ ഇവ പൂര്‍ണ്ണമായും നിയമവിരുദ്ധമാണ്. ഇ-സിഗററ്റുകളും വേപ്പുകളും നിരോധിച്ചുകൊണ്ട് 2019-ല്‍ കേന്ദ്രം കൊണ്ടുവന്ന നിയമം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത്തരം അനിയന്ത്രിത നിക്കോട്ടിന്‍ ഉല്‍പ്പന്നങ്ങളുടെ ആരോഗ്യപരമായ അപകടസാധ്യതകള്‍ മുന്‍നിര്‍ത്തിയാണ് ആ നിയമം നിര്‍മ്മിച്ചത്. വിമാനത്താവളങ്ങളില്‍ ഇവ വില്‍ക്കാന്‍ അനുവദിക്കുന്നത് നിയമനിര്‍മ്മാണത്തിന്റെ ഉദ്ദേശ്യത്തെ തന്നെ റദ്ദാക്കുന്നതിന് തുല്യമാകുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
ഫിലിപ്പ് മോറിസിന്റെ ‘സെന്‍’ സ്വീഡിഷ് സ്മോക്ക്ലെസ് സൊല്യൂഷന്‍സിന്റെ ‘വൈറ്റ് ഫോക്സ്’ തുടങ്ങിയ ബ്രാന്‍ഡുകളുടെ പതിനായിരക്കണക്കിന് ഡോളര്‍ വിലമതിക്കുന്ന നിക്കോട്ടിന്‍ പൗച്ചുകളാണ് അദാനി ഗ്രൂപ്പ് കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ ഇറക്കുമതി ചെയ്തത്. ലഹരിയുണ്ടാക്കുന്നതും അടിമത്തത്തിലേക്ക് നയിക്കുന്നതുമായ ഇത്തരം രാസവസ്തുക്കള്‍ സുരക്ഷാ പരിശോധനകളില്ലാതെ അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് വില്‍ക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് വ്യക്തമാക്കിയാണ് സര്‍ക്കാര്‍ അദാനിയുടെ ഹര്‍ജിയെ പ്രതിരോധിക്കുന്നത്.

















