എസ്‌എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് അയോഗ്യനാക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ വെള്ളാപ്പള്ളി നടേശന്‍ സമർപ്പിച്ച ഹർജിയില്‍ ഇടപെടാതെ ഹൈക്കോടതി.സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വെള്ളാപ്പള്ളി നടേശന്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. ഹര്‍ജിയില്‍ കോടതി സര്‍ക്കാരിന്റെ നിലപാട് തേടി.
പുതിയ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളെ നിയമിക്കണമെന്ന കോടതി നിര്‍ദേശം നടപ്പിലാക്കുന്നതില്‍ കാലതാമസം ഉണ്ടാകുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ചീഫ് ജസ്റ്റിസ് സൗമന്‍ സെന്‍ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. സിംഗിള്‍ ബെഞ്ച് അധികാര പരിധി വിട്ടെന്നാണ് വെള്ളാപ്പള്ളിയുടെ വാദം. തുടര്‍ച്ചയായി റിട്ടേണ്‍ സമര്‍പ്പിച്ചില്ല എന്ന സിംഗിള്‍ ബെഞ്ചിന്റെ കണ്ടെത്തലില്‍ തെറ്റുണ്ടെന്നും അതുകൊണ്ട് അയോഗ്യത നിലനില്‍ക്കില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടികാട്ടി.
യോഗത്തിന്റെ കണക്ക് ഹാജരാക്കുന്നതിലെ ബൈലോ ലംഘനം കണ്ടെത്തിയാണ് വെള്ളാപ്പള്ളി നടേശന്‍ അടക്കമുള്ള മുഴുവന്‍ ഭാരവാഹികളും ഡയറക്ടർ ബോർഡ് അംഗങ്ങളും അയോഗ്യരാണെന്നായിരുന്നു സിംഗിള്‍ ബെഞ്ച് വിധിച്ചത്. വെള്ളാപ്പള്ളി നടേശന്‍, വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, പ്രസിഡന്റ് എം.എന്‍.സോമന്‍, ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് തുടങ്ങി 170 ബോര്‍ഡ് അംഗങ്ങളാണ് അയോഗ്യരാക്കപ്പെട്ടത്. ഒമ്പത് വര്‍ഷമായി എസ്‌എന്‍ഡിപി യോഗത്തിന്റെ വാര്‍ഷിക വരവ് ചെലവ് കണക്ക് നല്‍കിയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. യോഗത്തിന് പുതിയ ബോർഡ് ഓഫ് ഡയറക്ടേഴ്‌സിനെ നിയമിക്കാനും ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
പ്രൊഫ. എം.കെ സാനു മാസ്റ്ററും, എസ്‌എൻഡിപി സംരക്ഷണ സമിതി ചെയര്‍മാന്‍ അഡ്വ. എസ്ചചന്ദ്രസേനനും നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ടി.ആർ രവി ഉത്തരവിട്ടത്. സംഘടനയിലെ ക്രമക്കേടുകളുടെ പശ്ചാത്തലത്തില്‍ വെള്ളാപ്പള്ളിയെ അയോഗ്യനാക്കണമെന്നും, ജനറല്‍ സെക്രട്ടറി പദവിയില്‍നിന്നും നീക്കണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം. കൃത്യമായ കണക്കുകള്‍ ബോധിപ്പിക്കുന്നില്ലെന്നും എസ്‌എൻഡിപി യോഗത്തില്‍ വലിയ ക്രമക്കേടുകളാണ് നടക്കുന്നതെന്നും ഹർജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

















