എസ്‌എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രതിയായ മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസിലെ അന്വേഷണത്തിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി.കേസില്‍ യാതൊരുവിധ അന്വേഷണ പുരോഗതിയും ഇല്ലാത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ വിമർശനം.
മൂന്നാഴ്ചയ്ക്കകം അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് നല്‍കാണാമെന്നും അല്ലാത്ത പക്ഷം എസ്പി എസ് ശശിധരനെ അന്വേഷണ ചുമതലയില്‍ നിന്ന് മാറ്റുമെന്നും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി. പകരം അന്വേഷണം നടത്താൻ പുതിയ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തുമെന്നും കോടതി അറിയിച്ചു.
നിരന്തരം നിര്‍ദ്ദേശിച്ചിട്ടും എസ്പി എസ് ശശിധരന്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് നല്‍കിയില്ല. മൈക്രോ ഫിനാന്‍സ് കേസ് കൈകാര്യം ചെയ്യാന്‍ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല. അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയെ കളിയാക്കരുതെന്നും കോടതി വ്യക്തമാക്കി. അന്വേഷണ ഉദ്യോഗസ്ഥന് മേല്‍ ചില സമ്മര്‍ദ്ദമുണ്ടെന്നും ആണ് ജസ്റ്റിസ് എ ബദറുദ്ദീന്‍ അധ്യക്ഷനായ സിംഗിള്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റെ നിരീക്ഷണം.
കേസ് അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ഫെബ്രുവരിയില്‍ വെള്ളാപ്പള്ളി നടേശനെ വിജിലൻസ് വീട്ടിലെത്തി ചോദ്യം ചെയ്തിരുന്നു. മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ പരാതിയെ തുടർന്നാണ് മൈക്രോഫിനാൻസ് തട്ടിപ്പില്‍ കേസെടുത്തത്. 2016ലാണ് വി എസിന്റെ പരാതിയില്‍ വെള്ളാപ്പള്ളി നടേശനെതിരെ അന്വേഷണം തുടങ്ങിയത്. എസ്‌എൻഡിപി യോഗം പ്രസിഡന്റ് എം.എൻ.സോമൻ, മൈക്രോഫിനാൻസ് സംസ്ഥാന കോഓർഡിനേറ്റർ കെ.കെ.മഹേശൻ, കെഎസ്ബിസിഡിസി മുൻ എംഡി ദിലീപ്കുമാർ തുടങ്ങിയവരാണ് കേസിലെ പ്രതികള്‍. കെഎസ്ബിസിഡിസി ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാജ രേഖകള്‍ ഹാജരാക്കി ക്രമക്കേട് നടത്തിയെന്നാണ് ആരോപണം. സാമ്പത്തിക തിരിമറി ഗൂഡാലോചന എന്നിവയിലൂടെ 15 കോടി രൂപ തട്ടിയെടുത്തെന്നാണ് വി എസ് അച്യുതാനന്ദന്‍ ആരോപിച്ചത്.















