സിപിഐ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ രാജി വെച്ചു. സിപിഐ വിട്ടുവെന്നും പാർട്ടിയുടെയും എഐവൈഎഫിൻ്റെ എല്ലാ സ്ഥാനങ്ങളും രാജി വെച്ചതായും ശ്രീനാദേവി കുഞ്ഞമ്മ മാധ്യമങ്ങളെ അറിയിച്ചു. നേതൃത്വത്തില്‍ വിശ്വാസം നഷ്ടപ്പെട്ടു. ഒട്ടനവധി പരാതികള്‍ സിപിഐ സംസ്ഥാന നേതൃത്വത്തിന് നല്‍കിയതാണ്. എന്നാല്‍ ഒരു നടപടിയും ഉണ്ടായില്ലെന്നും ശ്രീനാദേവി പറഞ്ഞു. ഏറെക്കാലമായി നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുകയായിരുന്നു.
യുവ വനിതാ നേതാവിനെ പാർട്ടിയിൽ നിന്ന് പുകച്ച് പുറം ചാടിച്ചത് മുൻ ജില്ലാ സെക്രട്ടറി എ പി ജയൻ
സിപിഐ പത്തനംതിട്ട മുൻ ജില്ലാ സെക്രട്ടറി എ പി ജയനെതിരെ പ്രതികരിച്ചതോടെയും നേതൃത്വത്തിന് പരാതി നൽകിയതോടെയുമാണ് ശ്രീനാദേവി പാർട്ടി നേതൃത്വത്തിന് അനഭിമതയായത്. ശക്തമായ തെളിവുകൾ ഉൾപ്പെടെ ശ്രീനാദേവി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എ.പി.ജയന് ജില്ലാ സെക്രട്ടറി പദവി നഷ്ടപ്പെട്ടിരുന്നു. ഇതിൻറെ പ്രതികാര നടപടി എന്നവണം യുവ വനിതാ നേതാവിനെ നിരവധി കള്ള കേസുകളിൽ പ്രതിയാക്കുന്ന സാഹചര്യവും ഉണ്ടായി. നിരന്തരമായ നിയമ പോരാട്ടത്തിന് ഒടുവിലാണ് ഈ കേസുകളിൽ നിന്നെല്ലാം ശ്രീനാദേവി തൻറെ നിരപരാധിത്വം തെളിയിച്ചു പുറത്തുവന്നത്.
അധാർമ്മിക മാധ്യമപ്രവർത്തന ശൈലിയെ ചോദ്യം ചെയ്തപ്പോൾ ചിത്രീകരിച്ചത് മാങ്കൂട്ടം അനുകൂലിയായി
രാഹുൽ മാങ്കൂട്ടത്തിന്റെ പീഡനത്തിനിരയായ എന്ന് ചോദിച്ചു തന്നെ വിളിച്ച മാധ്യമപ്രവർത്തകയെക്കുറിച്ചും, അവർ പ്രതിനിധീകരിക്കുന്ന ചാനലിന്റെ മാധ്യമപ്രവർത്തന ശൈലിയെ കുറിച്ചും വിമർശനാത്മകമായ കുറിപ്പ് ഫേസ്ബുക്കിൽ പങ്കുവെച്ചതോടെ ശ്രീനാദേവിയെ രാഹുൽ മാങ്കൂട്ടം അനുകൂലിയാക്കി ചിത്രീകരിച്ച് ആക്രമിക്കുവാനും ശ്രമങ്ങൾ ഉണ്ടായി. ഇതിന് പിന്നിലും എപിജയനെ അനുകൂലിക്കുന്ന ഒരു വിഭാഗമാണെന്ന് വിലയിരുത്തപ്പെടുന്നു. 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ പത്തനംതിട്ട ജില്ലാ പഞ്ചായത്തിലെ പള്ളിക്കൽ സീറ്റിൽ നിന്ന് റെക്കോർഡ് ഭൂരിപക്ഷം നേടിയാണ് ശ്രീനാദേവി തെരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ നേതൃരംഗത്തെ അഴിമതി ചൂണ്ടിക്കാട്ടിയതോടെ യുവ നേതാവ് പാർട്ടിക്ക് അനഭിമതയായി മാറുകയായിരുന്നു.
പള്ളിക്കലിൽ വീണ്ടും മത്സരത്തിന് ഇറങ്ങുമോ?
സംവരണ സീറ്റുകൾ നിശ്ചയിക്കാനുള്ള നറുക്കെടുപ്പിനൊടുവിൽ ശ്രീനാദേവി പ്രതിനിധീകരിച്ചിരുന്ന പള്ളിക്കൽ ഡിവിഷൻ വീണ്ടും വനിതാ സംവരണമായി മാറിയിട്ടുണ്ട്. അതിനാൽ തന്നെ യുഡിഎഫ് പിന്തുണയോടുകൂടി ശ്രീനാദേവി സ്വന്തം ഡിവിഷനിൽ നിന്ന് മത്സരത്തിനിറങ്ങാനുള്ള സാധ്യതയും ശക്തമാവുകയാണ്. രാജി പ്രഖ്യാപിക്കുന്നതിനു മുൻപ് ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്ററിൽ പള്ളിക്കലിന്റെ വികസനം തുടരണമെന്ന് ക്യാപ്ഷൻ ചേർത്തിരിക്കുന്നത് ഇവർ മത്സരം രംഗത്ത് ഉണ്ടാകും എന്ന സൂചനയായിട്ടാണ് വിലയിരുത്തപ്പെടുന്നത്.
ശ്രീനാദേവിയെ തള്ളി സിപിഐ: ശ്രീനാദേവിക്ക് ഇപ്പോള്‍ പാർട്ടിയുമായി ബന്ധമില്ലെന്നും അവർ പാർട്ടിയുടെ പേരില്‍ ജയിച്ച ജില്ലാ പഞ്ചായത്ത് അംഗമാണെന്നും അവരുടെ ഫേസ്ബുക്ക് പോസ്റ്റില്‍ സിപിഐക്ക് ഉത്തരവാദിത്തമില്ലെന്നും സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗവും അടൂർ മണ്ഡലം സെക്രട്ടറിയുമായ മുണ്ടപ്പള്ളി തോമസ് പറഞ്ഞിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെ ശ്രീനാദേവി പിന്തുണയ്ക്കുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ സാങ്കല്‍പ്പിക ഇരകളെ സൃഷ്ടിക്കാൻ ശ്രമമെന്നും തന്നെ ഇരയാക്കാൻ ഒരു ചാനല്‍ ശ്രമിച്ചെന്നുമായിരുന്നു ശ്രീനാദേവി കുഞ്ഞമ്മയുടെ ഫേസ്ബുക്ക് പോസ്റ്റ്. രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമത്തിനു മുന്നില്‍ തെറ്റുകാരനാണെങ്കില്‍ ശിക്ഷിക്കപ്പെടണം. എന്നാല്‍, ഈ വിഷയത്തില്‍ സാങ്കല്‍പ്പിക ഇരകളെ സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇരകളെ മാത്രമല്ല ഇരകളെ സൃഷ്ടിക്കാൻ ശ്രമിക്കുന്നവരെയും ക്രൈംബ്രാഞ്ച് കണ്ടെത്തണമെന്നുമാണ് അവർ കുറിപ്പില്‍ പറഞ്ഞിരുന്നത്.

















