പതിനേഴുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍ ഹയർ സെക്കൻഡറി സ്‌കൂള്‍ മുൻ പ്രിൻസിപ്പലും മോട്ടിവേഷൻ സ്പീക്കറുമായ കെ.സി.ഷാജു (59) അറസ്റ്റില്‍. മാസ്റ്റർ ട്രെയിനർ എന്നറിയപ്പെട്ടിരുന്ന മുഴക്കുന്ന് എടത്തൊട്ടി കൊട്ടയാടിലെ കുന്നത്ത് വീട്ടില്‍ ഷാജുവിനെ മുഴക്കുന്ന് പൊലീസാണ് അറസ്റ്റുചെയ്തത്.
പതിനേഴുകാരിയെ വീട്ടിലെത്തി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. ഇയാള്‍ക്കെതിരെ നേരത്തേയും ഇത്തരത്തിലുള്ള പരാതികള്‍ ഉയർന്നിരുന്നു എന്നാണ് റിപ്പോർട്ട്. മട്ടന്നൂർ കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.പ്രിൻസിപ്പലായി വിരമിച്ച ശേഷം ഷാജു ഹയർ സെക്കൻഡറി വകുപ്പ് കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗണ്‍സലിംഗ് സംസ്ഥാന ഫാക്കല്‍റ്റിയായി പ്രവർത്തിച്ചുവരികയായിരുന്നു. സമൂഹ മാദ്ധ്യമങ്ങളിലും സ്ഥിരമായി മോട്ടിവേഷനല്‍ വീഡിയോകള്‍ ചെയ്തിരുന്നു. വിദ്യാഭ്യാസ വകുപ്പിനുവേണ്ടി നിരവധി ബോധവല്‍ക്കരണ ക്ലാസുകളും എടുത്തിരുന്നു.സൈക്കോളജിസ്റ്റ്, ഫിസിയോ തെറാപ്പിസ്റ്റ്, ലൈഫ് സ്‌കില്‍ ട്രെയിനർ എന്നി നിലകളിലെല്ലാം പ്രവർത്തിച്ചിരുന്നു.
പീഡനത്തിനിരയാക്കിയെന്ന പതിനാറുകാരിയുടെ പരാതിയില്‍ മുൻ പൊലീസ് ഉദ്യോഗസ്ഥനും മോട്ടിവേഷൻ സ്പീക്കറുമായ ഫിലിപ്പ് മമ്ബാടനും അടുത്തിടെ അറസ്റ്റിലായിരുന്നു. കാഞ്ഞങ്ങാട്, നിലമ്ബൂർ എന്നിവിടങ്ങളില്‍ ലോഡ്ജില്‍ വച്ച് പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. സോഷ്യല്‍ മീഡിയയില്‍ ഏറെ ഫോളോവേഴ്സ് ഉള്ള വ്യക്തിയാണ് ഫിലിപ്പ് മമ്ബാടൻ. നിരവധി വീഡിയോകളാണ് ഇയാള്‍ പങ്കുവച്ചിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ ഇയാള്‍ ക്ലാസുകള്‍ എടുക്കുകയും ചെയ്തിരുന്നു.

















