വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയിലെ വലിയൊരു വിഭാഗം നേതാക്കള്‍ക്കും മത്സരിക്കാൻ സീറ്റ് ലഭിക്കില്ല.ഘടകകക്ഷികള്‍ക്ക് കൂടുതല്‍ സീറ്റുകള്‍ നല്‍കേണ്ടി വരുന്നതും വിജയ സാധ്യത കണക്കിലെടുത്ത് പാർട്ടിക്ക് പുറത്തുള്ളവരെ സ്ഥാനാർത്ഥികളാക്കുകയും ചെയ്യുന്നതാണ് കാലങ്ങളായി ബിജെപിയില്‍ പ്രവർത്തിക്കുന്ന നേതാക്കള്‍ക്ക് ഇക്കുറി വിനയാകുന്നത്.
സീറ്റ് മോഹികളായി എത്തുന്നവർ സ്ഥാനാർത്ഥികളാകുന്നതോടെ ആശയങ്ങളില്‍ ആകൃഷ്ടരായി പാർട്ടിയിലെത്തിയവർ ഇക്കുറി പോസ്റ്ററൊട്ടിപ്പ് ഉള്‍പ്പെടെയുള്ള പ്രചാരണ പ്രവർത്തനങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വരും.
ഘടകകക്ഷികളുടെ സീറ്റ് ആവശ്യങ്ങള്‍ കുത്തനെ ഉയരുകയും മറ്റ് പാർട്ടികളില്‍ നിന്നെത്തുന്ന സ്ഥാനാർഥികള്‍ക്ക് മുൻഗണന ലഭിക്കുകയും ചെയ്യുന്ന സാഹചര്യമാണ് നിലവില്‍ കേരളത്തിലെ ബിജെപിയിലുള്ളത്. ഇത്തരമൊരു സാഹചര്യത്തില്‍ ബി.ജെ.പിയിലെ രണ്ടാം-മൂന്നാം നിര നേതാക്കളുടെ വലിയൊരു വിഭാഗം ഇത്തവണ മത്സരപ്പട്ടികയില്‍ നിന്ന് പുറത്താകാനാണ് സാധ്യത. തിരഞ്ഞെടുപ്പ് രംഗത്തെ പതിവ് മുഖങ്ങളില്‍ പലരും മാറിനില്‍ക്കും എന്നതാണ് പാർട്ടി വൃത്തങ്ങളില്‍ നിന്നുള്ള സൂചന.
ബി.ഡി.ജെ.എസും പുതുതായി എൻ.ഡി.എ.യിലെത്തിയ ട്വന്റി ട്വന്റിയും സീറ്റ് പങ്കിടലില്‍ ശക്തമായ നിലപാടാണ് സ്വീകരിച്ചത്. ഈ ഘടകകക്ഷികള്‍ക്ക് 50-60 വരെ സീറ്റുകള്‍ നല്‍കേണ്ടിവരുമെന്ന കണക്കുകൂട്ടലാണ് ഉയരുന്നത്. ഇതോടെ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് തയ്യാറെടുപ്പുകള്‍ തുടങ്ങിയ പല ബി.ജെ.പി നേതാക്കള്‍ക്കും സ്ഥാനാർഥിത്വം ലഭിക്കില്ലെന്നത് ഉറപ്പായി.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. മികച്ച പ്രകടനം കാഴ്ചവെച്ച കായംകുളം, വർക്കല ഉള്‍പ്പെടെ ഏകദേശം ഒരു ഡസൻ മണ്ഡലങ്ങളിലേക്കാണ് ബി.ഡി.ജെ.എസ്. ശക്തമായ അവകാശവാദം ഉന്നയിക്കുന്നത്. 2016-ല്‍ 37 സീറ്റുകളില്‍ മത്സരിച്ച ബി.ഡി.ജെ.എസ്., 2021-ല്‍ 21 സീറ്റിലേക്ക് ചുരുങ്ങിയിരുന്നു. എന്നാല്‍ ഇക്കുറി 40 സീറ്റ് ആവശ്യപ്പെട്ടാണ് അവർ രംഗത്തുള്ളത്.
ട്വന്റി ട്വന്റി 30 സീറ്റെന്ന ആവശ്യവുമായാണ് മുന്നോട്ട് വരുന്നത്. എന്നാല്‍, കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ട്വന്റി ട്വന്റി സ്ഥാനാർഥികള്‍ ബി.ജെ.പി സ്ഥാനാർഥികളേക്കാള്‍ കൂടുതല്‍ വോട്ട് നേടിയ മണ്ഡലങ്ങള്‍ ഉള്‍പ്പെടെ 10 സീറ്റില്‍ കൂടുതല്‍ നല്‍കുന്നത് ശരിയല്ലെന്ന അഭിപ്രായം പാർട്ടിക്കുള്ളില്‍ ശക്തമാണ്. തിരഞ്ഞെടുപ്പ് വേളയില്‍ മാത്രം മറ്റ് പാർട്ടികളില്‍ നിന്ന് എത്തിയവർ തെരഞ്ഞെടുപ്പിന് ശേഷം വീണ്ടും മാറിപ്പോകുന്ന പ്രവണതയാണെന്ന് രണ്ടാംനിര നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. മുൻ തെരഞ്ഞെടുപ്പുകളില്‍ ഇത്തരത്തില്‍ എത്തിയവരില്‍ 10 ശതമാനത്തില്‍ താഴെപേരുകള്‍ മാത്രമാണ് പിന്നീട് പാർട്ടിയില്‍ സജീവമായി തുടരുന്നതെന്നും അവർ കണക്കുകള്‍ നിരത്തുന്നു.
സീറ്റ് പങ്കിടലിന് മുമ്പ് ഘടകകക്ഷികള്‍ അവരുടെ സ്ഥാനാർഥി പട്ടിക വ്യക്തമാക്കണമെന്ന് ബി.ജെ.പി. സംസ്ഥാന നേതൃത്വം നിർദേശിച്ചിട്ടുണ്ട്. നിലവാരമുള്ള സ്ഥാനാർഥികളെ മുന്നോട്ടുവച്ചില്ലെങ്കില്‍ വർക്കല, റാന്നി, കായംകുളം, അരൂർ, പറവൂർ, നെന്മാറ തുടങ്ങിയ മണ്ഡലങ്ങള്‍ തിരിച്ചെടുക്കുന്ന കാര്യം പരിഗണിക്കുമെന്ന സൂചനയും നേതൃത്വം നല്‍കിയിട്ടുണ്ടെന്നാണ് വിവരം.

















