ശബരിമല സ്വര്‍ണ്ണക്കവര്‍ച്ചാ കേസില്‍ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ കര്‍ശന നടപടികളുമായി മുന്നോട്ട് പോകാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് ഉന്നതതല അനുമതി ലഭിച്ചു. കേസിലെ നിര്‍ണ്ണായക മൊഴികളും തെളിവുകളും വിശകലനം ചെയ്ത ശേഷം കടകംപള്ളിയെ ചോദ്യം ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് വീണ്ടും നീങ്ങാനാണ് സി.പി.എം നല്‍കിയിരിക്കുന്ന നിർദ്ദേശം. കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാട് പാര്‍ട്ടിക്കില്ലെന്നും ആരെ വേണമെങ്കിലും ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘത്തിന് അധികാരമുണ്ടെന്നും എല്‍.ഡി.എഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍ വ്യക്തമാക്കിയതോടെ കടകംപള്ളിക്കുമേലുള്ള രാഷ്ട്രീയ സംരക്ഷണം നീങ്ങിയതായാണ് വിലയിരുത്തപ്പെടുന്നത്.

കടകംപള്ളിയും മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള പുതിയ ചിത്രങ്ങള്‍ പുറത്തുവന്നതും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. അന്വേഷണത്തിന്റെ പൂര്‍ണ്ണ ചുമതല ക്രൈംബ്രാഞ്ച് എഡിജിപി എച്ച്‌. വെങ്കിടേഷ് നേരിട്ട് ഏറ്റെടുത്തു കഴിഞ്ഞു. ഹൈക്കോടതിയുടെ കര്‍ശന നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് മുന്നോട്ട് പോകാനാണ് പോലീസ് സംഘത്തിന് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം. അന്വേഷണ പുരോഗതി അറിയിക്കാന്‍ എഡിജിപി നേരിട്ട് ഹൈക്കോടതിയില്‍ ഹാജരാകും.എസ്.പിമാരായ ശശിധരന്‍, ബിജോയ് എന്നിവര്‍ ഉള്‍പ്പെട്ട സംഘം കേസിന്റെ ഓരോ വശവും സൂക്ഷ്മമായി പരിശോധിക്കുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഇടപെടലില്ലാതെ സ്വതന്ത്രമായ അന്വേഷണമാണ് നടക്കുന്നതെന്നും കുറ്റക്കാര്‍ എത്ര ഉന്നതരായാലും നിയമത്തിന് മുന്നില്‍ വരുമെന്നും ഉള്ള സന്ദേശം ജനങ്ങൾക്ക് നൽകാനാണ് എൽഡിഎഫും സർക്കാരും ആഗ്രഹിക്കുന്നത്. അതിനിടെ ശബരിമല സ്വര്‍ണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ പ്രത്യേക അന്വേഷണ സംഘം (എസ് ഐ ടി) ആവശ്യമെങ്കില്‍ ഇനിയും ചോദ്യം ചെയ്യുന്നതില്‍ എതിര്‍പ്പില്ലെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ പറഞ്ഞു. കേസില്‍ ആരെ വേണമെങ്കിലും ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘത്തിന് അധികാരമുണ്ടെന്നും എന്നാല്‍, ഏതെങ്കിലും വ്യക്തികള്‍ കുറ്റക്കാരാണെന്ന് തെളിഞ്ഞാല്‍ അവര്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാട് സി പി എമ്മിനില്ലെന്നും ടി പി രാമകൃഷ്ണന്‍ വിശദീകരിച്ചു.

കടകംപള്ളിയും ഉണ്ണികൃഷ്ണന്‍ പോറ്റിയുമൊത്തുള്ള പുതിയ ചിത്രം പുറത്തുവന്ന സാഹചര്യത്തിലായിരുന്നു കണ്‍വീനറുടെ പ്രതികരണം. സ്വര്‍ണ്ണക്കൊള്ള കേസിലെ പ്രതികള്‍ കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷ സോണിയ ഗാന്ധിയുടെ അടുത്തെത്തിയത് എങ്ങനെയെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യു ഡി എഫ് നേതാക്കള്‍ക്കെതിരെ ഉയരുന്ന ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും കേസില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഉന്നതതലത്തിലുള്ള ബന്ധങ്ങള്‍ എങ്ങനെയുണ്ടായി എന്നത് ഗൗരവകരമായ കാര്യമാണെന്നും ടി പി ചൂണ്ടിക്കാട്ടി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക