ഒരിടവേളയ്ക്ക് ശേഷം ചാഞ്ചാടി പച്ചക്കറിവില. വെളുത്തുള്ളി വില 200 രൂപയിലേക്ക് കുതിക്കുകയാണ്. കോവയ്ക്ക, വള്ളിപ്പയർ എന്നിവയ്ക്കും വില വർദ്ധിച്ചിട്ടുണ്ട്. വെളുത്തുള്ളിയുടെ ചില്ലറ വില്‍പ്പന വില 170 ആയിരുന്നത് നിലവില്‍ 200 ആയി വർദ്ധിച്ചിട്ടുണ്ട്. അതേസമയം ക്യാരറ്റ്, കൂർക്ക, മുരിങ്ങയ്ക്ക തുടങ്ങി ചിലയിനങ്ങള്‍ക്ക് വില കുറഞ്ഞിട്ടുമുണ്ട്.മൈസൂരു, ബെംഗളൂരു എന്നിവിടങ്ങളിലെല്ലാം കനത്ത മഞ്ഞായതിനാല്‍ പച്ചക്കറി ലഭ്യത കുറഞ്ഞതാണ് ബീൻസ്, കോവയ്ക്ക, പയർ തുടങ്ങിയവയ്ക്ക് വില വർദ്ധിക്കാനിടയായത്.
കഴിഞ്ഞയാഴ്ച കിലോയ്ക്ക് 40 രൂപയുണ്ടായിരുന്ന ബീൻസിന് മൊത്തവ്യാപാരവില 50 രൂപയായും ചില്ലറ വില്‍പ്പന വില 80 രൂപയായും വർദ്ധിച്ചു. കഴിഞ്ഞയാഴ്ച 40 – 45നും ഇടയില്‍നിന്ന കോവയ്ക്കയുടെ ചില്ലറ വില്‍പ്പന വില ഒരാഴ്ചയ്ക്കിടെ 70 മുതല്‍ 80 രൂപവരെയായി വർധിച്ചിട്ടുണ്ട്. ഏതാനുംദിവസം മുമ്പുവരെ 60 രൂപ വരെയുണ്ടായിരുന്ന വള്ളിപ്പയറിന്റെ മൊത്തവ്യാപാരവില 75 രൂപയാണ്. ചില്ലറ വില്‍പ്പനവില 90 മുതല്‍ 100 രൂപ വരെയായി.
ചെങ്കോട്ടയില്‍ നിന്ന് വരവ് വർദ്ധിച്ചതോടെ കൂർക്കയുടെ വില 70ല്‍ നിന്ന് 50 രൂപയായി കുറഞ്ഞിട്ടുണ്ട്. ഒരാഴ്ച മുമ്പുവരെ മുരിങ്ങയ്ക്കായുടെ വില കിലോയ്ക്ക് 350 വരെയായിരുന്നത് നിലവില്‍ 170 ആയി കുറഞ്ഞിട്ടുണ്ട്. തക്കാളി, സവാള, വെണ്ടയ്ക്ക, വെള്ളരിക്ക, ചേന എന്നിവയുടെ വിലകളെല്ലാം ഒരുമാസത്തിലധികമായി കാര്യമായ ഏറ്റക്കുറച്ചിലുകളില്ലാതെ ഒരേനിലയില്‍ തുടരുകയാണ്. കോയമ്പത്തൂർ, മൈസൂർ, ബാംഗ്ലൂർ, ഊട്ടി, ഹൊസൂർ, മേട്ടുപ്പാളയം എന്നിവിടങ്ങളില്‍ നിന്നാണ് പാലക്കാട് ജില്ലയിലേക്ക് പ്രധാനമായും പച്ചക്കറിയിനങ്ങള്‍ എത്തുന്നത്. കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ കാലാവസ്ഥ വ്യതിയാനവും വിലയില്‍ ഓരോദിനവും പ്രതിഫലിക്കുന്നുണ്ട്.
ഉത്പാദനം കൂടി, വില ഇടിഞ്ഞു: പാലക്കാട് വലിയ അങ്ങാടിയില്‍ ഒരുകിലോ കാരറ്റിന് 25 രൂപയാണ് വില. തക്കാളിക്ക് കിലോയ്ക്ക് 20 രൂപയാണ്. ഉരുളക്കിഴങ്ങ് 20 രൂപ, സവാള 18, ചെറിയ ഉള്ളി 20, കാബേജ് എട്ട്, ബീറ്റ് റൂട്ട് 20 എന്നിങ്ങനെയാണ് വില. മാർക്കറ്റുകളുകളില്‍ വൻതോതില്‍ പച്ചക്കറികള്‍ വരുന്നുണ്ടെന്ന് കോയമ്പത്തൂർ എം.ജി.ആർ മാർക്കറ്റിലെ മൊത്ത വ്യാപാരികള്‍ പറയുന്നു. ബെംഗളൂരുവില്‍ സീസണ്‍ സജീവമായതോടെ അവിടെ നിന്നും വൻതോതില്‍ കാരറ്റ് കേരളത്തിലേക്കും തമിഴ്നാട്ടിലേക്കും എത്തുന്നുണ്ട്.

















