സൗഹൃദം നടിച്ച് യുവ അഭിഭാഷകയുടെ നഗ്ന ദൃശ്യങ്ങള്‍ പകർത്തി പ്രചരിപ്പിച്ച കേസില്‍ സുഹൃത്ത് അറസ്റ്റില്‍. പാലക്കാട് പിരായിരി സ്വദേശിയും വക്കീല്‍ ഗുമസ്തനുമായ മുഹമ്മദ് ഷഫീഖിനെ ടൗണ്‍ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമാണ് വാട്സ്‌ആപ് വഴി യുവാവ് ദൃശ്യങ്ങള്‍ അയച്ചുകൊടുത്തത്.
ജനുവരി ആദ്യവാരമായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. യുവ അഭിഭാഷകയും ഗുമസ്തൻ മുഹമ്മദ് ഷഫീക്കും സൗഹൃദത്തിലായിരുന്നു. ഈ സമയത്താണ് യുവതി അറിയാതെ ഗുമസ്തൻ നഗ്ന ദൃശ്യങ്ങള്‍ ചിത്രീകരിച്ചത്. യുവതിയുടെ വിവാഹ ശേഷം ഇരുവരും തമ്മിലുള്ള സൗഹൃദം തകർന്നു. ഇതിന് ശേഷമാണ് യുവാവ് യുവതിയുടെ ബന്ധുക്കള്‍ക്ക് വാട്സാപ്പിലൂടെ ദൃശ്യങ്ങള്‍ അയച്ചു കൊടുത്തത്.
യുവതിയുടെ പരാതിയില്‍ കേസെടുത്ത പാലക്കാട് ടൗണ്‍ സൗത്ത് പൊലീസ് 24 വയസുള്ള ഷഫീഖിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഐടി ആക്‌ട് പ്രകാരമാണ് കേസെടുത്തത്. വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയ യുവാവിനെ റിമാൻഡ് ചെയ്തു. സുഹൃത്ത് ബന്ധത്തില്‍ നിന്ന് അഭിഭാഷക പിൻമാറിയതിൻ്റെ വൈരാഗ്യത്തിലാണ് പ്രതി ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.

















