പുതുമോഡലുകള്‍ക്കൊണ്ട് ഇന്ത്യക്കാരെ വീണ്ടും വീണ്ടും വിസ്‌മയിപ്പിച്ചുകൊണ്ടിരിക്കുകയാണ് ടാറ്റ മോട്ടോർസ്. ന്യൂജെൻ ആള്‍ട്രോസ്, സിയറ, സഫാരി, ഹാരിയർ പെട്രോള്‍ മോഡലുകള്‍ എന്നിവയെല്ലാം ഈയടുത്ത് അവതരിപ്പിച്ച കമ്ബനി അടുത്തതായി മൈക്രോ എസ്‌യുവിയായ പഞ്ചിൻ്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെക്കൂടി വിപണിയില്‍ അവതരിപ്പിച്ച്‌ ഏവരേയും അമ്ബരപ്പിക്കാൻ ഒരുങ്ങുകയാണ്.ഒപ്പം പുതുവർഷത്തോട് അനുബന്ധിച്ച്‌ മോഡല്‍ നിരയില്‍ ഗംഭീര ഡിസ്‌കൗണ്ട് ഓഫറുകളും അവതരിപ്പിച്ചിരിക്കുകയാണ് ബ്രാൻഡിപ്പോള്‍. നിലവിലുള്ള കച്ചോടം വർധിപ്പിക്കാനും വില്‍പ്പന കണക്കുകളില്‍ മഹീന്ദ്രയേയും ഹ്യുണ്ടായിയേം പൊട്ടിക്കാനും ഇതിന് പിന്നില്‍ നീക്കമുണ്ട്.

2026 ജനുവരി മാസത്തേക്കായി ടാറ്റ അവതരിപ്പിച്ചിരിക്കുന്ന ഓഫറുകളുടെ വിശദവിവരം നോക്കാം.ഓഫർ കാലയളവ് ജനുവരി 1 മുതല്‍ 2026 ജനുവരി 31 വരെയാണ്. കണ്‍സ്യൂമർ ഡിസ്‌കൗണ്ട്, എക്സ്ചേഞ്ച് അല്ലെങ്കില്‍ സ്ക്രാപ്പേജ്, ലോയല്‍റ്റി ബോണസ്, കോർപ്പറേറ്റ് കിഴിവുകള്‍, SBI യോനോ ഡിസ്‌കൗണ്ട്, SSS ഓഫറുകള്‍ (ഷോപ്പ് ഷെയർ സ്‌മൈല്‍), SSS റഫറലുകള്‍, അലയൻസ് ഓഫറുകള്‍ എന്നിവയെല്ലാമാണ് ടാറ്റ കാർ വാങ്ങുന്നവരെ കാത്തിരിക്കുന്ന ന്യൂഇയർ സമ്മാനങ്ങള്‍. ഇനി മോഡല്‍ തിരിച്ചുള്ള ആനുകൂല്യങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ടാറ്റ മോട്ടോർസിൻ്റെ എൻട്രി ലെവല്‍ മോഡലുകളായ ടിയാഗോ, ടിഗോർ എന്നിവയുടെ ന്യൂഇയർ ഓഫർ തന്നെ പറഞ്ഞുതുടങ്ങാം. ടിയാഗോ XE ബേസ് വേരിയൻ്റ് ഒഴികെയുള്ള എല്ലാ വേരിയൻ്റുകള്‍ക്കും ടാറ്റ മോട്ടോർസ് 35,000 രൂപ വരെ മൊത്തം കണ്‍സ്യൂമർ ഡിസ്‌കൗണ്ട് വാഗ്ദാനം ചെയ്യുന്നു. ഇത് 2024, 2025 ഷാസി മോഡലുകള്‍ക്ക് ബാധകമാണെന്നാണ് റഷ്‌ലൈൻ വെബ്സൈറ്റ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. ടിയാഗോയും ടിഗോറും 2025 മോഡല്‍ ഇയറിൻ്റെ ഭാഗമായി പുതുക്കിയ എക്സ്റ്റീരിയറും ഇൻ്റീരിയറും നല്‍കി ടാറ്റ അപ്‌ഡേറ്റ് ചെയ്‌തിരുന്നു.

ഇനി ടാറ്റയുടെ പ്രീമിയം ഹാച്ച്‌ബാക്ക് മോഡലായ ആള്‍ട്രോസിൻ്റെ കാര്യത്തിലേക്ക് വന്നാലും ആകർഷകമായ ഓഫറുകളാണ് കമ്ബനി ഒരുക്കിവെച്ചിരിക്കുന്നത്. പ്രീ-ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകളില്‍ 60,000 രൂപ വരെ വരുന്ന കണ്‍സ്യൂമർ ഡിസ്‌കൗണ്ടും എക്സ്ചേഞ്ച് അല്ലെങ്കില്‍ സ്ക്രാപ്പേജ് ബോണസായി 25,000 രൂപ വരെയും അധിക ആനുകൂല്യവും ലഭിക്കും. അങ്ങനെ പഴയ ആള്‍ട്രോസ് വാങ്ങാൻ താത്പര്യമുള്ളവർക്ക് മൊത്തം 85,000 രൂപ വരെ ഓഫർ ഉപയോഗപ്പെടുത്താനാവും.

എസ്‌ബി‌ഐ യോനോ, ടാറ്റ എസ്‌എസ്‌എസ് റഫറല്‍, കോർപ്പറേറ്റ് ബുക്കിംഗ്, മറ്റ് രീതികള്‍ എന്നിവ ഉപയോഗിച്ച്‌ ആള്‍ട്രോസിൻ്റെ പ്രീ-ഫെയ്‌സ്‌ലിഫ്റ്റ് മോഡല്‍ വാങ്ങുന്നവർക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ ചേർക്കാൻ കഴിയുമെന്നും കമ്ബനി പറയുന്നു. ഇനി പുതിയ ആള്‍ട്രോസ് മതിയെന്നുള്ളവർക്കും നിരാശപ്പെടേണ്ടി വരില്ല കേട്ടോ. മുഖംമിനുക്കിയെത്തിയ പ്രീമിയം ഹാച്ച്‌ബാക്കിൻ്റെ എല്ലാ വകഭേദങ്ങള്‍ക്കും പരമാവധി 25,000 രൂപ കിഴിവ് ലഭിക്കും.

പഞ്ച് എസ്‌യുവിയുടെ (MY24, MY25) എല്ലാ വകഭേദങ്ങള്‍ക്കും പെട്രോള്‍, സിഎൻജി എഞ്ചിൻ ഓപ്ഷനുകളില്‍ 40,000 രൂപ വരെ ഓഫറുകള്‍ നല്‍കിയാണ് ടാറ്റ വിറ്റഴിക്കുന്നത്. ഇതില്‍ 20,000 രൂപ ലോയല്‍റ്റി ബോണസും ഉള്‍പ്പെടുന്നുവെന്നത് ഇരട്ടി മധുരമാണ് നല്‍കുക. ഇന്ത്യയിലെ ടോപ്പ് സെല്ലിംഗ് എസ്‌യുവികളില്‍ ഒന്നായ നെക്സോണ്‍ വാങ്ങുന്നവർക്ക് അതിൻ്റെ പെട്രോള്‍, ഡീസല്‍, സിഎൻജി ഓപ്ഷനുകളില്‍ 50,000 രൂപ ഏകീകൃത ഓഫർ ടാറ്റ മോട്ടോർസ് വാഗ്‌ദാനം ചെയ്യുന്നുണ്ട്.

ഇതില്‍ 20,000 രൂപ ലോയല്‍റ്റി ബോണസും ഉള്‍പ്പെടുന്നുണ്ട്. മറുവശത്ത് ടാറ്റയുടെ കൂപ്പെ സ്റ്റൈല്‍ എസ്‌യുവിയായ കർവിലേക്ക് വന്നാല്‍ 2026 ജനുവരി മാസത്തേക്കായി 40,000 രൂപ വരെയാണ് കമ്ബനി ആനുകൂല്യങ്ങള്‍ നല്‍കുന്നത്. ഇതില്‍ ലോയല്‍റ്റി ബോണസ് ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ബ്രാൻഡ് അവകാശപ്പെടുന്നു. ടാറ്റ മോട്ടോർസിന്റെ ഫ്ലാഗ്ഷിപ്പ് ഹാരിയർ, സഫാരി എസ്‌യുവികളുടെ എല്ലാ വകഭേദങ്ങള്‍ക്കും 75,000 രൂപ ഏകീകൃത ഓഫർ ലഭിക്കും. ഇതില്‍ 25,000 രൂപ ഉപഭോക്തൃ കിഴിവും 50,000 രൂപ എക്‌സ്‌ചേഞ്ച് / സ്‌ക്രാപ്പേജ് ബോണസും ഉള്‍പ്പെടുന്നു.

യോഗ്യരായ ഉപഭോക്താക്കള്‍ക്ക് കോർപ്പറേറ്റ് കിഴിവുകള്‍, എസ്‌ബി‌ഐ യോനോ കണ്‍സ്യൂമർ ഡിസ്‌കൗണ്ട്, ടാറ്റ ഗ്രൂപ്പ് ജീവനക്കാർക്കുള്ള എസ്‌എസ്‌എസ് കിഴിവുകള്‍ അല്ലെങ്കില്‍ ടാറ്റ ഗ്രൂപ്പ് ജീവനക്കാരുടെ റഫറലിനുള്ള എസ്‌എസ്‌എസ് റഫറല്‍ കിഴിവുകള്‍, ടാറ്റ ഗ്രൂപ്പ് തിരഞ്ഞെടുത്ത വിതരണക്കാരും ഡീലർമാരും (ടിജിഎസ്ഡിഡി) ഇന്ത്യൻ ഡെന്റല്‍ അസോസിയേഷൻ, ഡെലോയിറ്റ്, ആദിത്യ ബിർള ഗ്രൂപ്പ് ജീവനക്കാർ തുടങ്ങിയവർക്കായി പ്രത്യേക അലയൻസ് ഓഫറുകള്‍ കമ്ബനി ഒരുക്കിയിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക