ടാറ്റ മോട്ടോര്‍സിന്റെ ജനപ്രിയ മൈക്രോ എസ്‌യുവിയായ പഞ്ച് പുതിയ രൂപത്തില്‍ വിപണിയിലെത്താന്‍ പോകുകയാണ്. ലോഞ്ചിന് കാഹളമൂതിക്കൊണ്ട് കമ്ബനി കഴിഞ്ഞ ദിവസം പഞ്ച് ഫെയ്സ്ലിഫ്റ്റിന്റെ ടീസര്‍ പുറത്തുവിട്ടിരുന്നു.2026 ജനുവരി 13-ന് വാഹനത്തിന്റെ ഔദ്യോഗിക അവതരണം നടക്കുമെന്നാണ് കമ്ബനി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ടീസറില്‍ അറിയിച്ചിരിക്കുന്നത്.

2021-ല്‍ പുറത്തിറങ്ങിയ പഞ്ച് ഐസിഇ പതിപ്പ് ഇതാദ്യമായാണ് അപ്ഡേറ്റിന് വിധേയമാകുന്നത്. നിലവില്‍ വില്‍പ്പനയിലുള്ള പഞ്ചില്‍ നിന്ന് പുത്തന്‍ മോഡലിനെ വ്യത്യസ്തമാക്കുന്ന കാര്യങ്ങളും ടീസറില്‍ വെളിപ്പെട്ട ചില സുപ്രധാന വിവരങ്ങളും ഈ ലേഖനത്തില്‍ വായിക്കാം.ഔട്ട്ഗോയിംഗ് മോഡലിനേക്കാള്‍ കൂടുതല്‍ കരുത്തുറ്റതും അത്യാധുനികവുമായ രൂപഭംഗിയാണ് പുത്തന്‍ പഞ്ചിന് ടാറ്റ നല്‍കിയിരിക്കുന്നത്. ബ്ലാക്ക് ക്ലാഡിംഗും സില്‍വര്‍ ഫിനിഷും ചേരുന്ന പുത്തന്‍ ഫ്രണ്ട് ബമ്ബറാണ് മുന്‍വശത്തെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്ന്. ബമ്ബറിന്റെ മുകള്‍ഭാഗത്ത് രണ്ട് എയര്‍ ഇന്‍ടേക്ക് സ്ലിറ്റുകളും താഴെയായി എയര്‍ കര്‍ട്ടനുകളും നല്‍കി വലിയ എസ്‌യുവികളുടെ അതേ പരിവേഷം പഞ്ചിന് നല്‍കാന്‍ വേണ്ടി ടാറ്റ ഡിസൈനര്‍മാര്‍ ശ്രമിച്ചിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പഞ്ച് ഇവിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട വെര്‍ട്ടിക്കല്‍ എല്‍ഇഡി ഹെഡ്‌ലാമ്ബുകള്‍ ഫ്രണ്ട് ഫാസിയയില്‍ ഒരു അലങ്കാരമായി കാണാം. വശങ്ങളില്‍ ആകര്‍ഷകമായ എല്‍ഇഡി ഡിആര്‍എല്ലുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇലക്‌ട്രിക് മോഡലിനെപ്പോലെ വീതിയുള്ള എല്‍ഇഡി ബാര്‍ ഇല്ലെങ്കിലും പഞ്ച് ഐസിഇ പതിപ്പിന് സ്വന്തമായി ഒരു ഐഡന്റി നല്‍കാനാണ് മുഖംമിനുക്കലിലൂടെ ടാറ്റ ശ്രദ്ധിച്ചത്.

മുന്‍വശത്തെ ക്യാമറയുടെ സാന്നിധ്യമാണ് പുതിയ ടീസറില്‍ ദൃശ്യമായ മറ്റൊരു ശ്രദ്ധേയ മാറ്റം. വശങ്ങളിലെ മിററുകള്‍ക്ക് (ORVM) താഴെയുള്ള ക്യാമറ സംവിധാനങ്ങള്‍ കൂടി പരിഗണിക്കുമ്ബോള്‍, പഞ്ചിന്റെ ഉയര്‍ന്ന വേരിയന്റുകള്‍ക്ക് 360 ഡിഗ്രി ക്യാമറ ലഭിക്കുമെന്ന് ഏറെക്കുറെ ഉറപ്പിക്കാം. ബജറ്റ് വിലയില്‍ വരുന്ന കാറില്‍ 360 ഡിഗ്രി ക്യാമറ പോലുള്ള ഫീച്ചര്‍ ചേര്‍ക്കുന്നത് എസ്‌യുവി വിഭാഗത്തില്‍ പഞ്ചിനെ കൂടുതല്‍ ആകര്‍ഷകമാക്കും.

ടോപ്പ് എന്‍ഡ് വേരിയന്റുകള്‍ക്ക് പുത്തന്‍ ഡിസൈനിലുള്ള അലോയ് വീലുകള്‍ ലഭിക്കും. കണക്റ്റഡ് എല്‍ഇഡി ടെയില്‍ ലാമ്ബുകളും പുതിയ ടാറ്റ ലോഗോയുമാണ് റിയര്‍ എന്‍ഡിലെ പ്രധാന പരിഷ്‌കാരം. നിലവിലുള്ള വാഹനത്തിന്റെ പ്രധാന രൂപഘടനയില്‍ വലിയ മാറ്റം വരുത്താതെ തന്നെ ചില്ലറ കോസ്മെറ്റിക് പരിഷ്‌കാരങ്ങളും പുതിയ കളര്‍ ഓപ്ഷനുകള്‍ നല്‍കി വാഹനത്തെ കൂടുതല്‍ ആകര്‍ഷകമാക്കാനാണ് കമ്ബനി ലക്ഷ്യമിടുന്നത്.

സാങ്കേതിക വശങ്ങിലേക്ക് കടക്കുമ്ബോള്‍ പഞ്ചില്‍ ആദ്യമായി കരുത്തുറ്റ ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ അവതരിപ്പിക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സിനൊപ്പം എത്തുന്ന ഈ എഞ്ചിന്‍ വാഹനത്തിന്റെ പെര്‍ഫോമന്‍സ് ഗണ്യമായി മെച്ചപ്പെടുത്തും. സാധാരണയില്‍ കൂടുതല്‍ പവര്‍ ആഗ്രഹിക്കുന്ന ഡ്രൈവിംഗ് കമ്ബക്കാര്‍ക്ക് വലിയ ആവേശം നല്‍കുന്നതാണ് പഞ്ചില്‍ ടര്‍ബോ എഞ്ചിന്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനം.

നിലവില്‍ 5.50 ലക്ഷം മുതല്‍ 9.30 ലക്ഷം രൂപ വരെയാണ് പഞ്ചിന്റെ എക്സ്ഷോറൂം വില. അപ്ഡേറ്റുകളുടെ ഫലമായി ഫെയ്സ്ലിഫ്റ്റ് മോഡലിന് അല്‍പ്പം വില കൂടാന്‍ സാധ്യതയുണ്ട്. പുതിയ പഞ്ച് ഫെയ്സ്ലിഫ്റ്റിന്റെ പ്രാരംഭ വില ഏകദേശം ആറ് ലക്ഷം രൂപയായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉയര്‍ന്ന മോഡലുകള്‍ക്ക് 9.50 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വില വരാം. മൈക്രോ എസ്‌യുവി വിഭാഗത്തില്‍ ഹ്യുണ്ടായി എക്സ്റ്ററാണ് പഞ്ചിന്റെ നേരിട്ടുള്ള എതിരാളി.

മാരുതി സുസുക്കി സ്വിഫ്റ്റ്, മാരുതി സുസുക്കി ഇഗ്നിസ്, സിട്രണ്‍ C3 എന്നീ മോഡലുകള്‍ക്കും പഞ്ച് വെല്ലുവിളി ഉയര്‍ത്തുന്നു. ടര്‍ബോ എഞ്ചിനും ആധുനിക സവിശേഷതകളും ചേര്‍ത്ത് നവീകരിക്കുന്ന പഞ്ച് കോംപാക്‌ട് എസ്‌യുവി വിഭാഗത്തില്‍ ടാറ്റയുടെ വിപണി വിഹിതം ഉയര്‍ത്താന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏതായാലും ഹാച്ച്‌ബാക്കിന്റെ വിലയില്‍ കിട്ടുന്ന എസ്‌യുവിയുടെ മുഖംമിനിക്കിയ മോഡല്‍ കമ്ബനി അടുത്ത ആഴ്ച അവതരിപ്പിക്കും. കൂടുതല്‍ സാങ്കേതിക വിവരങ്ങള്‍ അന്ന് വെളിപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക