മഡിവാള സന്ധ്യ തിയേറ്ററിലെ സ്ത്രീകളുടെ ടോയ്‌ലറ്റില്‍ ഒളികാമറ കണ്ടെത്തിയതായി റിപ്പോർട്ട്. സംഭവത്തില്‍ ഒരു യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ടോയ്‌ലറ്റില്‍ പോയ സ്ത്രീകളും പെണ്‍കുട്ടികളും കാമറ കണ്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ജനുവരി 4 – ന് വൈകുന്നേരമാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്.
ബെംഗളൂരുവില്‍ മലയാളികള്‍ തിങ്ങിപ്പാർക്കുന്ന മേഖലയാണ് മഡിവാള. ഇക്കാരണത്താല്‍ തന്നെ ധാരാളം നലയാളികള്‍ പോകുന്ന പ്രശസ്തമായ തിയേറ്ററാണ് സന്ധ്യയെന്നത് ആശങ്കയായി.തിയേറ്ററിലെ ഒരു ജീവനക്കാർ തന്നെയാണ് പിടിയിലായിരിക്കുന്നതെന്ന് ചില റിപ്പോർട്ടുകള്‍ പറയുന്നുണ്ട്. ഇക്കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
മഡിവാള പോലീസ് സ്റ്റേഷൻ പരിധിയിലാണ് സന്ധ്യ തിയേറ്റർ വരുന്നത്. ‘നുവ്വു നാക്കു നച്ചാവ്’ എന്ന തെലുങ്ക് സിനിമയുടെ പ്രദർശനത്തിനിടെയാണ് കാമറയുടെ സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടത്. ശുചിമുറിയില്‍ കാമറ കണ്ടെത്തിയതിനെ തുടർന്ന് ആളുകള്‍ പരിഭ്രാന്തരായി. സംശയിക്കുന്ന യുവാവിനെ നാട്ടുകാരും സിനിമാ കാണാനെത്തിയവരും ചേർന്ന് പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. പോലീസ് എത്തുന്നതിന് മുമ്ബ് ജനങ്ങള്‍ യുവാവിനെ ആക്രമിച്ചതായും റിപ്പോർട്ടുണ്ട്.
പോലീസ് യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. കാമറ സ്ഥാപിച്ചതിന്റെ ഉദ്ദേശ്യം എന്താണെന്ന് മനസ്സിലാക്കാനാണ് പോലീസിന്റെ ശ്രമം. മുമ്ബ് ഇത്തരത്തില്‍ എന്തെങ്കിലും ദൃശ്യങ്ങള്‍ പകർത്തി സൂക്ഷിക്കുകയോ, പ്രചരിപ്പിക്കുകയോ ചെയ്തോ എന്നതിനെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇത്തരം ദൃശ്യങ്ങള്‍ വാങ്ങുന്ന ഓണ്‍ലൈൻ പ്ലാറ്റുഫോമുകള്‍ ധാരാളമുള്ളത് ആശങ്കയാണ്.
ഫോറൻസിക് പരിശോധനയുടെ ഫലങ്ങള്‍ കൂടി വന്നതിന് ശേഷം തുടർ നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് പറയുന്നു. പൊതുസ്ഥലങ്ങളില്‍, പ്രത്യേകിച്ച് വിനോദ കേന്ദ്രങ്ങളില്‍ സ്ത്രീകളുടെ സുരക്ഷയും സ്വകാര്യതയും സംബന്ധിച്ച ആശങ്ക ഉയർത്തിയിരിക്കുകയാണ് ഈ സംഭവം.തിയേറ്ററിലെ ജീവനക്കാരെയും സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.
ഈ സംഭവം പൊതുസ്ഥലങ്ങളില്‍ സ്ത്രീകളുടെ സുരക്ഷയെക്കുറിച്ചുള്ള ചർച്ചകള്‍ വീണ്ടും സജീവമാക്കിയിരിക്കുകയാണ്. സ്ത്രീകള്‍ പൊതു ടോയ്‌ലറ്റുകള്‍ ഉപയോഗിക്കുമ്ബോള്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും സംശയാസ്പദമായ എന്തെങ്കിലും കണ്ടാല്‍ ഉടൻ പോലീസില്‍ അറിയിക്കണമെന്നും നിർദ്ദേശമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ഉടൻ പുറത്തുവരുമെന്ന് പോലീസ് അറിയിച്ചു.
സമാനമായ സംഭവങ്ങള്‍ ബെംഗളൂരുവിലെ തിയറ്ററുകളില്‍ നേരത്തെയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വർഷത്തില്‍ ഒന്നോ രണ്ടോ സംഭവങ്ങള്‍ സമാന സ്വഭാവത്തില്‍ പുറത്തു വരാറുണ്ട്. 2024ല്‍ ഇത്തരമൊരു സംഭവത്തില്‍ മൈനറായ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പലപ്പോഴും സ്ഥാപനങ്ങളിലെ ജീവനക്കാരാണ് ഇത്തരം കേസുകളില്‍ പിടിയിലാകാറുള്ളത്.








