കെപിസിസി ദ്വിദിന ലക്ഷ്യ ലീഡര്‍ഷിപ്പ് സമ്മിറ്റില്‍ കളം നിറഞ്ഞ് കെസി വേണുഗോപാല്‍ എംപി. നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെയും മുന്നണിയുടെയും ദിശ നിർണയിക്കുന്നത് കേരളത്തിൽ നിന്നുള്ള ദേശീയ നേതാവ് തന്നെയാകും എന്നുള്ള വ്യക്തമായ സൂചനകൾ ക്യാമ്പിൽ പ്രകടമാണ്. ദേശീയതലത്തിലെ ജയ പരാജയങ്ങളില്‍ നിന്നുള്ള പാഠം ഉള്‍ക്കൊണ്ടുള്ള കരുത്തുമായി തിരഞ്ഞെടുപ്പ് രാഷ്ട്രീയ നയതന്ത്ര രൂപീകരണത്തില്‍ നിര്‍ണ്ണായക ഇടപെടലാണ് കെസി വേണുഗോപാൽ ദ്വിദിന ക്യാമ്പില്‍ നടത്തുന്നത്.
“ദിശയുടെ” ദിശ നിർണയിച്ച ഉദ്ഘാടന പ്രസംഗം
ക്യാമ്പിന്റെ ദിശയും അജണ്ടയും നിര്‍ണ്ണയിച്ചത് കെസിയുടെ ഉദ്ഘാടന പ്രസംഗമാണ്.കേരളത്തില്‍ വരാന്‍ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം മനസിലാക്കി ദേശീയതലത്തിലെ മുഴുവന്‍ തിരക്കുകളും മാറ്റിവെച്ച് കെസി രണ്ടു ദിവസത്തെ ക്യാമ്പില്‍ മുഴുവന്‍ സമയവും ചെലവഴിക്കുന്നുണ്ട്. കൂടാതെ ദക്ഷിണ, മധ്യ, ഉത്തരമേഖലകള്‍ തിരിച്ച് നടന്ന സംഘടനാ ചര്‍ച്ചകളിലും അദ്ദേഹം പങ്കാളിയായി വേണ്ട മാര്‍ഗനിര്‍ദ്ദേശം നല്‍കി. നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട കര്‍മ്മ പരിപാടികള്‍, ജയസാധ്യത കുറഞ്ഞ സീറ്റുകള്‍ എങ്ങെനെ പിടിക്കാം, ജനങ്ങളില്‍ സ്വാധീനം വര്‍ധിപ്പിക്കാനുള്ള ഇടപെടലുകള്‍ എന്നിവ സംബന്ധിച്ച നയതന്ത്രവും അദ്ദേഹം വിശദീകരിച്ചു.
സ്ഥാനാർത്ഥി നിർണയത്തിൽ നിഷ്പക്ഷത ഉറപ്പാക്കി കെ സി ടച്ച്
കോൺഗ്രസിന്റെ വിജയത്തിൽ ഏറ്റവും നിർണായക പങ്കുവഹിക്കേണ്ടത് സ്ഥാനാർത്ഥിനിർണയത്തിലെ കൃത്യതയും നിഷ്പക്ഷതയും ആണെന്നുള്ള നിലപാടാണ് കെ സി വേണുഗോപാൽ കൈക്കൊണ്ടിട്ടുള്ളത്. ഗ്രൂപ്പ് തിരിച്ചുള്ള വീതംവെപ്പോ ഇഷ്ടക്കാരെ തിരുകി കയറ്റുവാനുള്ള ശ്രമങ്ങളോ സ്വയം പ്രഖ്യാപിത സ്ഥാനാർത്ഥികളായി അവതരിക്കുന്ന പ്രവണതയോ അംഗീകരിക്കില്ല എന്ന് കർശന ഭാഷയിൽ തന്നെയാണ് അദ്ദേഹം മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. സുനിൽ കനഗേലു ടീമിന്റെയും ഹൈക്കമാൻഡ് നിയോഗിച്ചിട്ടുള്ള ദേശീയ ഏജൻസികളുടെയും സർവേയിലുള്ള കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ തന്നെ വിജയസാധ്യത മാത്രം മാനദണ്ഡമാക്കി സ്ഥാനാർത്ഥികളെ നിശ്ചയിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

തമ്മിലടിക്കരുതെന്ന് സംസ്ഥാന നേതൃത്വത്തിന് മുന്നറിയിപ്പ്
പരസ്പരം പടവെട്ടാതെയും ചെളിവാരിയെറിയാതെയും പൊതസമൂഹത്തില്‍ കോണ്‍ഗ്രസിന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ ഊന്നിപ്പറഞ്ഞു.സിപിഎമ്മും ബിജെപിയും കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങളും തമ്മിത്തല്ലുമാണെന്ന് പ്രചരിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനുള്ള ആയുധം കൊടുക്കരുതെന്ന മുന്നറിയിപ്പ് നേതാക്കൾക്കും സ്ഥാനമോഹികൾക്കുമുള്ള കർശന താക്കീതായി മാറി. കൂടാതെ പാര്‍ട്ടിക്കായി പണിയെടുത്ത, കൊടിപിടിച്ച, തൊണ്ടപൊട്ടുമാറ് മുദ്രാവാക്യം വിളിച്ച, ചുവരെഴുതിയ അണികളെ നിരാശരാക്കുന്ന പ്രവൃത്തികള്‍ നേതൃത്വത്തിന്റെ ഭാഗത്ത് നിന്നു ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന നിര്‍ദ്ദേശവും കെസി പങ്കുവെച്ചു .പാര്‍ട്ടി ഒരു തീരുമാനം കൂട്ടായെടുത്താല്‍ അതിനെ വിമര്‍ശിക്കുന്ന കോണ്‍ഗ്രസിന്റെ പരമ്പരാഗത ശൈലിയ്ക്ക് മാറ്റം വേണമെന്ന നിര്‍ദ്ദേശം നടപ്പാക്കിയാല്‍ തന്നെ കോണ്‍ഗ്രസിന് അതേറെ ഗുണം ചെയ്യും എന്ന് മറ്റ് നേതാക്കളും ചൂണ്ടിക്കാട്ടി.
താഴെത്തട്ടിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നവർക്ക് അംഗീകാരവും പ്രോത്സാഹനവും
പാര്‍ട്ടിക്കായി പണിയെടുക്കുന്ന പ്രവര്‍ത്തകരെ ചേര്‍ത്ത് നിര്‍ത്തണമെന്നും, അവരാണ് പാര്‍ട്ടിയുടെ വികാരവും മൂലധനവും എന്ന് വ്യക്തമാക്കിയ വേണുഗോപാല്‍ വാര്‍ഡ് തലത്തില്‍ വോട്ട് വര്‍ധിപ്പിക്കുന്ന നേതാക്കള്‍ക്കും പാരിതോഷികവും അംഗീകാരവും നല്‍കുമെന്ന സംഘടനാ കാര്യ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറിയുടെ പ്രഖ്യാപനം പാർട്ടിയുടെ പ്രാദേശിക നേതാക്കളെയും പ്രവർത്തകരെയും ആവേശപ്പെടുത്തുന്നതാണ്. കോൺഗ്രസിനുള്ളിൽ മികവിന് അംഗീകാരം ലഭിക്കുമെന്ന പ്രഖ്യാപനം ഏറെ പ്രതീക്ഷയോടെ കൂടിയാണ് അവർ നോക്കിക്കാണുന്നത്. ആത്മാർത്ഥമായി പ്രവർത്തിച്ചാൽ അതിനു പ്രതിഫലം കിട്ടും എന്ന് തിരിച്ചറിവ് കോൺഗ്രസ് പ്രവർത്തകരെ തെരഞ്ഞെടുപ്പ് രംഗത്ത് കൂടുതൽ ഊർജ്ജസ്വരലാക്കും എന്ന വിലയിരുത്തലുകളും പുറത്തുവരുന്നുണ്ട്. വിജയിച്ച വാര്‍ഡ് മെമ്പര്‍, സ്ഥാനാര്‍ത്ഥികള്‍, ബൂത്ത്, മണ്ഡലം,ബ്ലോക്ക് ഭാരവാഹികള്‍ എന്നിവര്‍ അവരവരുടെ വാര്‍ഡുകളില്‍ 100 വോട്ട് അധികം വര്‍ധിപ്പിക്കണമെന്ന ടാര്‍ഗറ്റ് നല്‍കാനാണ് അദ്ദേഹം മുന്നോട്ട് വെച്ച നിര്‍ദ്ദേശങ്ങളില്‍ ഏറ്റവും പ്രധാനം.നൂറ് സീറ്റെന്ന ലക്ഷ്യത്തിലേക്ക് കോണ്‍ഗ്രസിനും മുന്നണിക്കും കുതിക്കാന്‍ വാര്‍ഡിലെ 100 വോട്ടിന്റെ വര്‍ധന സഹായകമാകും എന്നാണ് അദ്ദേഹത്തിൻ്റെ നിലപാട്.
ബിജെപിയെയും സിപിഎമ്മിനെയും ഒരുമിച്ച് നേരിടേണ്ടത് എങ്ങനെയെന്നും ക്ലാസ്
ദേശീയ -സംസ്ഥാന രാഷ്ട്രീയം കൃത്യമായി വിലയിരുത്തി, സിപിഎമ്മും ബിജെപിയെന്ന രണ്ടു പൊതുശത്രുകളെ എങ്ങനെ മര്‍മ്മമറിഞ്ഞ് രാഷ്ട്രീയമായി ആക്രമിക്കണമെന്നതിന്റെ സംക്ഷിപ്ത രൂപം കെസി വേണുഗോപാല്‍ പ്രസംഗത്തിലും തുടര്‍ന്ന് നടന്ന സംഘടനാതല ചര്‍ച്ചയിലും മുന്നോട്ട് വെച്ചു. കൂടാതെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയം, നടപടി,ശൈലി എന്നിവയ്‌ക്കെതിരെ ശക്തമായ പ്രക്ഷോഭം നടത്താനും അത് ജനങ്ങളെ ബോധ്യപ്പെടുത്താനും സംസ്ഥാന നേതൃത്വത്തിന് നിര്‍ദ്ദേശം നല്‍കി.അണികളുടേയും കോണ്‍ഗ്രസിനെ സ്‌നേഹിക്കുന്നവരുടെയും പ്രതീക്ഷക്കനുസരിച്ച് കോണ്‍ഗ്രസിനെ എങ്ങനെ അധികാരത്തില്‍ കൊണ്ടുവരാമെന്ന തന്ത്രങ്ങളാണ് ചര്‍ച്ചകളില്‍ ഉടനീളം കെസി ചൂണ്ടിക്കാട്ടിയത്.

















