കോൺഗ്രസ് നേതൃത്വത്തെ ഒന്നടങ്കം ഞെട്ടിച്ച് പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മന്റെ പ്രഖ്യാപനം. പുതുമുഖങ്ങൾക്ക് അവസരം നൽകണമെങ്കിൽ താൻ മാറിനിൽക്കാൻ തയ്യാറാണ് എന്ന നിലപാടാണ് യുവ നേതാവ് പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ വയനാട്ടിൽ നടക്കുന്ന കോൺഗ്രസ് നേതൃത്വ ക്യാമ്പിലാണ് ചാണ്ടി ഉമ്മൻ നിർണായക നിലപാട് പ്രഖ്യാപിച്ചത്. കേരളത്തിൻറെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷിയോടും ചാണ്ടി ഈ നിലപാട് ആവർത്തിച്ചു.

ചാണ്ടി ഉമ്മന്റെ ഭാഗത്തു നിന്നുള്ള ഈ പ്രഖ്യാപനം കോൺഗ്രസ് നേതൃത്വത്തെ ആശയക്കുഴപ്പത്തിൽ ആക്കിയിട്ടുണ്ട്. ചാണ്ടിയുടെ സഹോദരി അച്ചു ഉമ്മനെ ചെങ്ങന്നൂർ സീറ്റിൽ മത്സരിപ്പിക്കുവാൻ നേതൃത്വം ആലോചിക്കുന്നുണ്ട് എന്ന വാർത്ത പുറത്തു വരുന്നതിനിടയാണ് ചാണ്ടിയുടെ പ്രതികരണം എന്നതും ശ്രദ്ധേയമാണ്. ഒരു കുടുംബത്തിൽ നിന്ന് ഒന്നിലധികം സ്ഥാനാർത്ഥികൾ ഉണ്ടാകുന്നത് ഒരു അഭംഗിയായി വിലയിരുത്തപ്പെടും എന്നതിനാൽ ആണോ ഇത്തരം ഒരു പ്രതികരണമെന്ന് ചിലർ സംശയിക്കുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാൽ ചാണ്ടിയുടെ ഈ പ്രഖ്യാപനത്തിന് ഇതിലും വലിയ മാനങ്ങൾ ഉണ്ടെന്നാണ് ഒരു വിഭാഗം രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. ചാണ്ടി ഉമ്മൻ ലക്ഷ്യമിടുന്നത് തുടർച്ചയായി മത്സരിക്കുവാൻ ഇറങ്ങുന്ന നേതാക്കളെ ആണെന്നാണ് ഇവരുടെ പക്ഷം. തീർത്തും വിജയ സാധ്യതയില്ലാത്തവർ പോലും തുടർച്ചയായി മത്സരിക്കുന്നത് പാർട്ടിയുടെയും മുന്നണിയുടെയും വിജയ സാധ്യതയെ ബാധിക്കുന്നതിൽ ഉള്ള അതൃപ്ത്തി മൂലം പുതുപ്പള്ളി എംഎൽഎയുടെ ഭാഗത്തുനിന്നുണ്ടായ വികാരപ്രകടനമാണ് ഇതെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

ഏതായാലും ചാണ്ടിയുടെ ഭാഗത്തുനിന്നുണ്ടായിട്ടുള്ള നിർണായക നീക്കം വലിയ ചർച്ചാവിഷയം ആകുകയാണ്. ക്യാമ്പിനുള്ളിൽ വച്ച് നടത്തിയ പ്രതികരണം ഉടനടി മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതിനെയും നേതൃത്വം സംശയത്തോട് കൂടി തന്നെയാണ് വീക്ഷിക്കുന്നത്. കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെ നടത്തിയ പരാമർശവും, അത് ബോധപൂർവ്വം മാധ്യമങ്ങൾക്ക് ചോർത്തി നൽകിയതും നിഷ്കളങ്കമാണ് എന്ന് ആരും കരുതുന്നില്ല. ചാണ്ടിയുടെ വാദം ഏറ്റുപിടിച്ച് ഇവ നേതാക്കൾ കളത്തിൽ ഇറങ്ങിയാൽ അത് സ്ഥാനാർത്ഥിനിർണയം അടക്കമുള്ള വിഷയങ്ങളിൽ തലവേദന സൃഷ്ടിക്കുമെന്ന ഭയവും സംസ്ഥാന നേതൃത്വത്തിനുണ്ട്. അപ്രവചനീയത മുഖമുദ്രയാക്കിയ ചാണ്ടി ഉമ്മന്റെ യഥാർത്ഥ ലക്ഷ്യം എന്ത് എന്ന് തല പുകയ്ക്കുകയാണ് ഒരു വിഭാഗം പാർട്ടി നേതാക്കൾ ഇപ്പോൾ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക