തങ്ങള്‍ക്ക് മലയാളികളെ വേണ്ടെന്ന് കർണാടക ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡി.കെ. ശിവകുമാർ. കർണാടകയിലെ ബെംഗളൂരുവിന് സമീപത്തെ യെലഹങ്ക കോഗിലു ലേ ഔട്ടിലെ കുടിയൊഴിപ്പിക്കലിനെക്കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കവെയാണ് അദ്ദേഹം ഈ പരാമർശം നടത്തിയത്. പിന്നാലെ ഇത് രാഷ്ട്രീയ വിവാദത്തിന് കാരണമായി.

കുടിയൊഴിപ്പിക്കല്‍ സംബന്ധിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വിമർശനത്തെക്കുറിച്ച്‌ ഒരു മാധ്യമപ്രവർത്തകൻ ശിവകുമാറിനോട് ചോദിച്ചു. മുസ്ലീമുകളെ ലക്ഷ്യം വെച്ചുള്ള നടപടിയെ “ന്യൂനപക്ഷ വിരുദ്ധ അക്രമരാഷ്ട്രീയം” എന്ന് പിണറായി വിജയൻ വിശേഷിപ്പിച്ചിരുന്നു. നടപടിയെ “ബുള്‍ഡോസർ രാജി”നോട് താരതമ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതിന് മറുപടിയായിട്ടാണ് “ഞങ്ങള്‍ക്ക് മലയാളികളെ വേണ്ട. ഞങ്ങളുടെ മുഖ്യമന്ത്രി ഇവിടെയുണ്ട്. അദ്ദേഹം തന്റെ ജോലി ചെയ്യട്ടെ,” എന്ന് ഡി.കെ. ശിവകുമാർ പറഞ്ഞത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ശിവകുമാർ നടത്തിയത് കേരള വിരുദ്ധ പ്രസ്താവനയാണെന്ന് ബി.ജെ.പി. വിശേഷിപ്പിച്ചു. കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം ശിവകുമാറിന്റെ പരാമർശം അംഗീകരിച്ചോയെന്ന് ബി.ജെ.പി. ദേശീയ വക്താവ് ഷെഹ്‌സാദ് പൂനവാല ചോദിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെ ആക്രമിക്കാൻ ശ്രമിക്കുന്നതിനിടെ നടത്തിയ പ്രസ്താവന കേരളത്തെ അപാനിക്കുന്നതാണെന്ന് സാമൂഹികമാധ്യമമായ എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ അദ്ദേഹം പറഞ്ഞു. കേരളത്തില്‍ നിന്നുള്ള എംപിയും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധി വദ്ര ശിവകുമാറിന്റെ ഈ അഭിപ്രായത്തോട് യോജിക്കുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

“ഇടതുപക്ഷവും കോണ്‍ഗ്രസും തമ്മിലുള്ള പോരാട്ടം ഇപ്പോള്‍ അത്രത്തോളം വളർന്നിരിക്കുന്നു. ഡി.കെ. ശിവകുമാർ കേരളവിരുദ്ധവും മലയാളി വിരുദ്ധവുമായ പ്രസ്താവനകള്‍ പരസ്യമായി നടത്തുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു. തങ്ങള്‍ക്ക് മലയാളികളെ ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞിരിക്കുന്നു. കേരളത്തിലെ കോണ്‍ഗ്രസ് ഈ പ്രസ്താവനയോട് യോജിക്കുന്നുണ്ടോ? ഇതാണ് കോണ്‍ഗ്രസിന്റെ ‘തുക്‌ഡെ-തുക്‌ഡെ’ മാനസികാവസ്ഥ. കർണാടകയില്‍ കോണ്‍ഗ്രസ് തന്നെ ബുള്‍ഡോസർ ഉപയോഗിക്കുന്നു. എന്നാല്‍ ഉത്തർപ്രദേശില്‍ ബുള്‍ഡോസർ ഉപയോഗിക്കുമ്ബോള്‍ അവർ അതിനെകുറിച്ച്‌ പറഞ്ഞ് കരയുന്നു. യുപിയില്‍ അത് മാഫിയകള്‍ക്കെതിരെയാണ് ഉപയോഗിക്കുന്നത്,” പൂനവാല പറഞ്ഞു.

വിദേശികളെ വിശ്വസിക്കുന്ന കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തിയും പൂനവാല പോസ്റ്റ് പങ്കുവെച്ചു. “ഐഎൻസി ഇനി മുതല്‍ ഇന്ത്യൻ നാഷണല്‍ കോണ്‍ഗ്രസ് അല്ല, ഇസ്ലാമാബാദ് നാഷണല്‍ കോണ്‍ഗ്രസ് എന്നാണ് അത് അർത്ഥമാക്കുന്നത്. അതുകൊണ്ടാണ് അവർക്ക് അതിന്റെ സ്ഥാപകദിനത്തില്‍ ദേശീയഗാനം പോലും ശരിയായി ആലപിക്കാൻ കഴിയാത്തത്. സൈന്യത്തെ സംശയിക്കുന്ന, ഭരണഘടനാ സ്ഥാപനങ്ങളെ ആക്രമിക്കുന്ന, വന്ദേമാതരത്തെ എതിർക്കുന്ന ഒരു പാർട്ടിയാണിത്. നിങ്ങള്‍ക്ക് ഇന്ത്യയില്ലല്ലാതെ ഇറ്റലിയിലും റോമിലുമാണ് കൂടുതല്‍ വിശ്വാസമെങ്കില്‍ നിങ്ങള്‍ ഇനിയും അത്തരം തെറ്റുകള്‍ വരുത്താൻ സാധ്യതയുണ്ട്,” പൂനവാല പറഞ്ഞു.

കോണ്‍ഗ്രസ് ഭിന്നിപ്പിക്കുന്ന രാഷ്ട്രീയമാണ് പിന്തുടരുന്നതെന്ന് ആരോപിച്ച്‌ മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരനും ശിവകുമാറിനെ നിശിതമായി വിമർശിച്ച്‌ രംഗത്തെത്തി. കോണ്‍ഗ്രസ് പാർട്ടി ഐക്യത്തെയും ഭരണഘടനയെയും കുറിച്ച്‌ സംസാരിക്കുന്നുണ്ടെങ്കിലും ഭൂമിശാസ്ത്രം, ജാതി, മതം, ഭാഷ എന്നിവയെ അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയമാണ് അവർ പ്രയോഗിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അതേ യുക്തി ഉപയോഗിച്ച്‌, ‘ഇറ്റാലിയൻമാരും പകുതി ഇറ്റാലിയൻമാരും’ കേരളത്തിലും ഇന്ത്യയിലും ഇടപെടാൻ ആഗ്രഹിക്കുന്നില്ലെന്ന് ആളുകള്‍ പറയണോ എന്നും ചന്ദ്രശേഖർ ചോദിച്ചു.ഖരമാലിന്യ സംസ്‌കരണത്തിനായി ഉദ്ദേശിച്ചിരുന്ന സർക്കാർ ‘ഗോമാല’ ഭൂമിയില്‍ അടുത്തിടെ നടന്ന കയ്യേറ്റങ്ങള്‍ക്കെതിരായാണ് നടപടി സ്വീകരിച്ചതെന്ന് പിന്നീട് കുടിയൊഴിപ്പിക്കല്‍ നീക്കത്തെ ന്യായീകരിച്ച്‌ ശിവകുമാർ പറഞ്ഞു. ആ ഭൂമി വാസയോഗ്യമല്ലെന്നും പൊളിച്ചുമാറ്റുന്നതിന് മുമ്ബ് നോട്ടീസ് നല്‍കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക