ശബരിമലയിലെ ക്രമക്കേടുകളും ആയി ബന്ധപ്പെട്ട നിരവധി വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. സ്വർണ്ണക്കൊള്ളയ്ക്കപ്പുറം വിഗ്രഹ കടത്തു വരെ ശബരിമലയിൽ നടന്നു എന്ന സൂചനകളും ആരോപണങ്ങളും ഉയരുന്നുണ്ട്. ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണ പരിധിക്ക് അപ്പുറമാണ് കാര്യങ്ങൾ ഒന്ന് സൂചന നൽകുന്ന തെളിവുകളാണ് അനുദിനം ഉയർന്നുവരുന്നത്.
സിപിഎമ്മിന്റെ ഉന്നത നേതാക്കൾക്കും ഈ ക്രമക്കേടുകളിൽ പങ്കുണ്ട് എന്ന വ്യക്തമായ സൂചനകളും പുറത്തുവന്നിട്ടുണ്ട്. സിപിഎം നോമിനിയായി ദേവസ്വം ബോർഡ് അധ്യക്ഷ സ്ഥാനത്തിരുന്ന രണ്ടുപേർ ആഴ്ചകളായി ജയിലിൽ കഴിയുന്നതും അവരെ പ്രതിരോധത്തിൽ ആക്കുന്നുണ്ട്. മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും, നിലവിലെ ദേവസ്വം മന്ത്രി വി എൻ വാസവനും ഇപ്പോൾ സംശയ നിഴലിൽ ആണ്.
എന്നാൽ ശബരിമലയിലെ കർമ്മകേടുകളുടെ ആഴം ഇതിലും എത്രയോ മടങ്ങ് വലുതാണെന്നും, അതിന് പിന്നിൽ ദേവതുല്യരായവർ പ്രവർത്തിച്ചിട്ടുണ്ട് എന്നുമുള്ള ആരോപണങ്ങൾക്ക് ആക്കം കൂട്ടിക്കൊണ്ട് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത് അയ്യപ്പസേവാസംഘം ദേശീയ ഭാരവാഹി കൂടിയായ അഡ്വക്കേറ്റ് ആർ മനോജാണ്. ശബരിമലയിൽ നടന്ന ക്രമക്കേടുകൾക്ക് പിന്നിൽ തന്ത്രിക്കുള്ള പങ്കിനെ കുറിച്ചാണ് മനോജ് ആരോപണം ഉയർത്തുന്നത്. റിപ്പോർട്ടർ ടിവിയുടെ ചർച്ചയിൽ പാനലിസ്റ്റായി പങ്കെടുക്കവെ ആണ് അയ്യപ്പ സേവാസംഘം ഭാരവാഹി ഗുരുതര ആരോപണങ്ങൾ ഉയർത്തിയത്.
ശബരിമലയിലെ മണികളും താഴികക്കുടങ്ങളും കൊടിമരത്തിലെ വാജീ വാഹനവും കടത്തിയിട്ടുണ്ട് എന്ന സൂചനകളാണ് മനോജ് നൽകിയത്. ഇതിന് പിന്നിലുള്ള തന്ത്രിയുടെ ഇടപെടലുകൾ ദുരൂഹമാണെന്നും മനോജ് പറഞ്ഞുവെക്കുന്നു. ശബരിമലയിലെ താന്ത്രിക വിധികളിൽ അവസാനവാക്കായ തന്ത്രി അധികാരങ്ങൾ ദുരുപയോഗം ചെയ്തു എന്ന സൂചനയും മനോജിന്റെ വാക്കുകളിൽ ഉണ്ട്. പതിറ്റാണ്ടുകളായി ശബരിമലയിൽ കാര്യങ്ങൾ നിയന്ത്രിക്കുന്ന മാഫിയ സംഘം ആണെന്നും ഉണ്ണികൃഷ്ണൻ പോറ്റിയെ അടക്കം സന്നിധാനത്ത് എത്തിച്ചതിൽ തന്ത്രിക്ക് പങ്കുണ്ടെന്നും അഡ്വക്കേറ്റ് മനോജ് പറഞ്ഞു വെക്കുന്നു.

















