പിറവം നഗരസഭാ ചെയർമാനായി കെ.ആർ. പ്രദീപ്കുമാറിനെ പാർട്ടി തീരുമാനിച്ചു. നറുക്കെടുപ്പിലൂടെയാണ് പ്രദീപ് കുമാറിനെ നിശ്ചയിച്ചത്. 28 വാർഡില്‍ 21 സീറ്റിലാണ് യുഡിഎഫ് വിജയിച്ചത്. ചെയർമാൻ സ്ഥാനം കോണ്‍ഗ്രസിനായതിനാല്‍ ചെയർമാൻ സ്ഥാനത്തേക്ക് പ്രദീപ്കുമാറിനെയും അരുണ്‍ കല്ലറയ്ക്കലിനെയുമാണ് പരിഗണിച്ചത്. ഇന്നലെ ഇന്ദിരാ ഭവനില്‍ ചേർന്ന യോഗത്തില്‍ ഇരുവർക്കും രണ്ടര വർഷം ടേം അനുവദിക്കാൻ തീരുമാനമായി അപ്പോഴാണ് ആദ്യ ചെയർമാൻ സ്ഥാനം ആർക്ക് എന്നതിനെ ചൊല്ലി തർക്കമുയർന്നത്.
ആദ്യം ആര് എന്ന് നിശ്ചയിക്കാൻ രഹസ്യ വോട്ടെടുപ്പ് നടത്താൻ തീരുമാനമായി. 16 പേരുള്ള കോണ്‍ഗ്രസ് അംഗങ്ങളില്‍ നിന്നും വോട്ടെടുപ്പ് നടത്താൻ തീരുമാനിക്കുകയായിരുന്നു. ഇരുവർക്കും അനുകൂലമായി എട്ട് വോട്ടുകള്‍ വീതം ലഭിച്ചു. യോഗത്തില്‍ കെപിസിസി ഭാരവാഹികളായ ജെയ്സണ്‍ ജോസഫ് , വി. ജെ. പൗലോസ്, ഡിസിസി അംഗം വില്‍സണ്‍ കെ. ജോണ്‍ തുടങ്ങിയവരുണ്ടായിരുന്നു.
16 പേരടങ്ങിയ അംഗങ്ങളില്‍ വോട്ടിംഗില്‍ ഇരുവർക്കും തുല്യവോട്ട് ലഭിച്ചതോടെയാണ് നറുക്കെടുപ്പ് വേണ്ടിവന്നത്. നറുക്കെടുപ്പില്‍ ഭാഗ്യം പ്രദീപിനെ തുണച്ചു. ഡിസിസി സെക്രട്ടറി കൂടിയായ പ്രദീപ്കുമാറിനെ ആദ്യടേമില്‍ ചെയർമാനാക്കാൻ തീരുമാനമായി.

















