കോട്ടയം നഗരസഭ പടിഞ്ഞാറൻ മേഖലയിലെ സിപിഎമ്മിന്റെ ശക്തനായ നേതാവും ഇരുപത്തിയേഴാം വാർഡ് ആയ 16ൽ ചിറയിലെ കൗൺസിലറും ആണ് ടി എൻ മനോജ്. സിപിഎം നിയന്ത്രണത്തിലുള്ള കാരാപ്പുഴ സഹകരണ ബാങ്കിലെ ജീവനക്കാരൻ കൂടിയാണ് ഇദ്ദേഹം. എന്നാൽ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് പ്രമോഷൻ തരപ്പെടുത്തി എന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിൽ ഇയാളെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു എന്നതാണ് ഏറ്റവും പുതിയ റിപ്പോർട്ട്. വിവരം പുറത്തിറഞ്ഞ് നാണക്കേട് ആവാതിരിക്കാൻ പാർട്ടി തന്നെ സംഭവം അതീവ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ് എന്നും സൂചനകൾ ഉണ്ട്.
സംസ്ഥാന തലത്തിൽ തന്നെ കോൺഗ്രസിന് മികച്ച പ്രചരണ ആയുധം ആകേണ്ട ഈ വാർത്ത രാഷ്ട്രീയമായി ഉപയോഗിക്കാതിരിക്കുന്ന കോൺഗ്രസ് മുനിസിപ്പൽ നേതൃത്വത്തിന്റെ സ്വാർത്ഥ താല്പര്യങ്ങളും ഇപ്പോൾ ചർച്ചയാകുന്നുണ്ട്. രണ്ടോ മൂന്നോ മാസങ്ങൾക്കപ്പുറം തദ്ദേശ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇടത്, വലത് മുന്നണികൾ തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന കോട്ടയം നഗരസഭയിലെ ഭരണകക്ഷിയായ കോൺഗ്രസ് ഈ വിഷയത്തെക്കുറിച്ച് തികഞ്ഞ മൗനത്തിലാണ്. നഗരസഭയിൽ പ്രതിപക്ഷ നിരയിലെ സിപിഎമ്മും, ബിജെപിയും ഭരണകക്ഷിയായ കോൺഗ്രസിനെ ആരോപണങ്ങൾ കൊണ്ട് വീർപ്പ് മുട്ടിക്കുന്ന ഘട്ടത്തിൽ പോലും തിരിച്ചടിക്കാനുള്ള ആയുധം കയ്യിൽ കിട്ടിയിട്ടും നേതൃത്വം മൗനം പാലിക്കുന്നതിന് പിന്നിൽ മുൻ നഗരസഭ ചെയർമാനും നിലവിൽ കൗൺസിലറുമായ ഒരു നേതാവിന്റെ ഗൂഡ നീക്കങ്ങളും സ്വാർത്ഥ താൽപര്യങ്ങളും ആണെന്നാണ് സംശയം ഉയരുന്നത്.
നഗരസഭ പടിഞ്ഞാറൻ മേഖലയിലെ അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം
സംശയ നിഴലിലുള്ള കോൺഗ്രസ് നേതാവും ഭാര്യയും നഗരസഭയുടെ അധ്യക്ഷ പദവി അലങ്കരിച്ചിട്ടുള്ളവരാണ്. പടിഞ്ഞാറൻ മേഖലയിലെ സീറ്റുകളിൽ ഇവർ സ്ഥിരം സ്ഥാനാർത്ഥികളും ആണ്. ഈ ദമ്പതികളുടെ തുടർച്ചയായ വിജയത്തിന് പിന്നിൽ പലപ്പോഴും സിപിഎമ്മിലെ ഒരു വിഭാഗവുമായി ഇവർ പുലർത്തി പോരുന്ന ധാരണകൾ ആണെന്ന ആക്ഷേപം ഇരു പാർട്ടിക്കുള്ളിലും ഉയരാറുണ്ട്. അതുകൊണ്ടുതന്നെ ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ എന്ന നിലയിൽ രാഷ്ട്രീയ എതിരാളിക്കെതിരെയുള്ള രാഷ്ട്രീയ ആയുധം കോൺഗ്രസ് നേതാവ് പൂഴ്ത്തി എന്നതാണ് സംശയം.
രാഷ്ട്രീയപ്രവർത്തനം കൊണ്ട് കുടിലിൽ നിന്ന് കൊട്ടാരത്തിലേക്ക്; തൊഴിൽ ഒന്നും ചെയ്തിട്ടില്ലെങ്കിലും കോടികളുടെ ആസ്തി
ആരോപണ വിധേയനായ കോൺഗ്രസ് നേതാവ് ദരിദ്ര പശ്ചാത്തലത്തിൽ നിന്ന് രാഷ്ട്രീയ പ്രവർത്തനത്തിന്റെ ആനുകൂല്യത്തിൽ കോടികളുടെ സമ്പാദ്യത്തിന് ഉടമയായ വ്യക്തിയാണെന്നും ആക്ഷേപങ്ങൾ ശക്തമാണ്. ഇയാളുടെ സ്വത്ത് വകകളിൽ രാഷ്ട്രീയ പ്രവർത്തനം നടന്ന കാലഘട്ടത്തിൽ ഉണ്ടായത് അഭൂദപൂർവ്വമായ വളർച്ചയാണ്. ഇയാൾക്കും സ്വന്തം പാർട്ടിയുടെ പ്രതിനിധിയായ നഗരസഭാ വൈസ് ചെയർമാനും ഇടയിലുള്ള ശീതയുദ്ധം കോട്ടയം നഗരസഭയിൽ കോൺഗ്രസിന്റെ ശിഥിലീകരണത്തിനാണ് വഴിവെക്കുന്നതെന്നും ആക്ഷേപമുണ്ട്. കൗൺസിൽ യോഗങ്ങളിൽ അടക്കം ആരോപണ പ്രത്യാരോപണങ്ങളുമായി ഇരുവരും കൊമ്പ് കോർക്കുമ്പോൾ പ്രതിപക്ഷത്തിന് കാര്യമായി ഒന്നും ചെയ്യാനില്ല എന്നതാണ് യാഥാർത്ഥ്യം

















