കൗൺസിൽ യോഗത്തിനിടയിൽ പ്രതിപക്ഷം ഉന്നയിച്ച വിഷയത്തിൽ മറുപടി കൊടുക്കവേ സ്വന്തം പാർട്ടിക്കാരെ കുത്തിയ നഗരസഭ ചെയർമാൻ ഷാജു തുരുത്തനും ഭരണകക്ഷിയിലെ കൗൺസിലർമാരും തമ്മിൽ തർക്കവും വാക്കേറ്റവും. അച്ചായൻസ് ഗോൾഡ് എന്ന സ്ഥാപനത്തിൽ അതിക്രമം കാട്ടിയതിന്റെ പേരിൽ ചെയർമാന് എതിരെ ക്രിമിനൽ കേസെടുത്ത സംഭവം യോഗത്തിൽ ഉന്നയിച്ചത് പ്രതിപക്ഷ നേതാവ് പ്രൊഫ. സതീശ് ചൊള്ളാനിയാണ്. സംഭവത്തെക്കുറിച്ച് യോഗത്തിൽ വിശദീകരിച്ച് വിവരിച്ച ചെയർമാൻ തനിക്ക് ഭരണപക്ഷത്തു നിന്നു പോലും വിഷയത്തിൽ വേണ്ടത്ര പിന്തുണ ലഭിച്ചില്ല എന്ന് സൂചിപ്പിച്ചു.

ചെയർമാന്റെ പരാമർശം ഭരണപക്ഷത്തെ കൗൺസിലർമാരെ ചൊടിപ്പിച്ചതോടെയാണ് തർക്കം ഉടലെടുത്തത്. ചെയർമാൻ ഏകപക്ഷീയമായി കൈക്കൊണ്ട നടപടിയാണ്, അതുകൊണ്ടുതന്നെ പ്രത്യാഘാതം സ്വയം നേരിടണം എന്ന നിലപാടാണ് അദ്ദേഹത്തിന്റെ സ്വന്തം പാർട്ടിയിലെ കൗൺസിലർമാർ സ്വീകരിച്ചത്. തങ്ങൾ സംഭവം അറിഞ്ഞത് വാട്സ്ആപ്പിലൂടെ ആണെന്നും ചെയർമാൻ കാര്യങ്ങൾ തങ്ങളോട് പങ്കുവയ്ക്കുവാനുള്ള മര്യാദ കാട്ടിയില്ലെന്നും ഭരണപക്ഷത്തെ യുവ കൗൺസിലർ ജോസ് ചീരാൻകുഴി ചൂണ്ടിക്കാട്ടി. കവടി നിരത്തി കാര്യങ്ങൾ അറിയാൻ തങ്ങൾക്ക് കഴിയില്ല എന്ന് ജോസ് പറഞ്ഞപ്പോൾ പിതൃത്വത്തെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള അവഹേളന പരാമർശം കൊണ്ടാണ് ചെയർമാൻ മറുപടി നൽകിയത്. ഇതോടുകൂടി ഇരുവരും തമ്മിലുള്ള വാഗ്വാദം മുറുകി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പുറമേ ഒറ്റക്കെട്ടായി നിന്നിരുന്നെങ്കിലും കേരള കോൺഗ്രസ് മാണി ഗ്രൂപ്പിലെ അംഗങ്ങൾ തമ്മിൽ ഭിന്നതയുണ്ടെന്ന് നേരത്തെ വാർത്തകൾ ഉണ്ടായിരുന്നു. ഭരണം അവസാന ലാപിലേക്ക് കടക്കുമ്പോൾ ചെയർമാൻ സ്ഥാനം പങ്കിടുന്ന വിഷയത്തെ ചൊല്ലിയും തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. ഭരണപക്ഷത്തെ അന്തചിദ്രം രൂക്ഷമാകുന്നു എന്ന സൂചനകൾ തന്നെയാണ് ഇന്നുണ്ടായ സംഭവവികാസങ്ങൾ നൽകുന്നത്.

നഗരസഭാ ചെയർമാൻ ഷാജു തുരുത്തൻ പദവി ഒഴിയില്ല എന്ന പരസ്യ നിലപാടാണ് ഇപ്പോൾ കൈകൊണ്ടിട്ടുള്ളത്. എന്നാൽ അവസാന വർഷം ചെയർമാൻ പദവി തോമസ് പീറ്ററിന് വിട്ടുകൊടുക്കാം എന്ന് ധാരണയുണ്ടെന്നു മറുപക്ഷം ചൂണ്ടിക്കാട്ടുന്നുണ്ട്. അവസാനവർഷം അധികാരത്തിലേക്ക് തിരിച്ചെത്തുവാൻ മറ്റൊരു പ്രമുഖനും കരുക്കൾ നീക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്. ജനുവരി മാസത്തിൽ പദവി ഒഴിയുവാൻ ഷാജു തുരുത്തൻ സന്നദ്ധനായെങ്കിൽ മാത്രമേ സുഗമമായ അധികാരം കൈമാറ്റം ഉണ്ടാവുകയുള്ളൂ. അതിനുള്ള സാധ്യതകൾ നന്നേ കുറവാണ് എന്നാണ് ഇന്ന് കൗൺസിൽ യോഗത്തിൽ ഭരണപക്ഷത്തുണ്ടായ ഭിന്നതയിൽ നിന്ന് വിലയിരുത്താൻ കഴിയുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക