അന്തരിച്ച വ്യവസായി രത്തൻ ടാറ്റയുടെ പിൻഗാമിയായി ടാറ്റ ട്രസ്റ്റിന്റെ ചെയർമാൻ സ്ഥാനത്തേക്ക് നോയല്‍ ടാറ്റ. ഇന്നു മുംബൈയില്‍ ചേർന്ന ട്രസ്റ്റ് യോഗത്തിലാണ് തീരുമാനം. രത്തൻ ടാറ്റായുടെ അർധസഹോദരനാണ്.
ഇന്ത്യയിലെ പബ്ലിക് ചാരിറ്റബിള്‍ ഫൗണ്ടേഷനുകളില്‍ ഏറ്റവും വലുതാണ് ടാറ്റ ട്രസ്റ്റ്. സർ ദോറാബ്ജി ടാറ്റ ട്രസ്റ്റും സർ രത്തൻ ടാറ്റ ട്രസ്റ്റുമാണ് ടാറ്റ ട്രസ്റ്റിനുകീഴിലുള്ള രണ്ട് പ്രധാന സ്ഥാപനങ്ങള്‍. ടാറ്റ ഗ്രൂപ്പിന്റെ മാതൃ കമ്ബനിയായ ടാറ്റ സണ്‍സിന്റെ 52 ശതമാനത്തോളം ഓഹരിയാണ് ഇരു ട്രസ്റ്റുകളും ചേർന്ന് കൈവശം വെച്ചിരിക്കുന്നത്.
സർ രത്തൻ ടാറ്റ ട്രസ്റ്റിന്റെയും സർ ദൊറാബ്ജി ട്രസ്റ്റിന്റെയും കീഴില്‍ മൂന്ന് ട്രസ്റ്റുകള്‍ വീതമുണ്ട്. ടാറ്റാ ഗ്രൂപ്പിൻറെ ലാഭത്തിലെ സിംഹഭാഗവും ടാറ്റ ട്രസ്റ്റുകൾ വഴിയുള്ള സന്നദ്ധ സേവന പ്രവർത്തനങ്ങൾക്കാണ് വിനിയോഗിക്കുക. അതുകൊണ്ടുതന്നെ രാജ്യത്തിന്റെയും സമൂഹത്തിന്റെയും മുന്നോട്ടുള്ള യാത്രയിൽ ടാറ്റാ ട്രസ്റ്റുകൾ നിർവഹിക്കുന്ന പങ്ക് ചെറുതല്ല.













