തിരുനക്കര ക്ഷേത്രത്തിലെ ഉത്സവ സീസൺ കോട്ടയംകാർക്ക് ആഘോഷത്തിന്റെ സമയമാണ്. എല്ലാവർഷവും ഉത്സവ സമയത്ത് തിരുനക്കര ജനസാഗരമാകുന്നത് നാം കാണാറുണ്ട്. തിരുന്നക്കര മൈതാനത്ത് ഉത്സവത്തിന് കൊഴുപ്പ് ഏകാൻ അമ്യൂസ്മെൻറ് പാർക്കും ലഘു ഭക്ഷണശാലകളും ചെറുകിട വ്യാപാര സ്റ്റാളുകളും ഒരുക്കപ്പെടാറുണ്ട്. ഈ ആവശ്യത്തിലേക്കായി നഗരസഭയുടെ ഉടമസ്ഥതയിലുള്ള തിരുനക്കര മൈതാനം സ്വകാര്യ കരാറുകാർ ലേലം വിളിച്ചാണ് എടുക്കാറുള്ളത്.

ഈ വർഷം ലേലം കൊണ്ടത് 19 ലക്ഷം രൂപയ്ക്ക്

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഈ വർഷം ഇത്തരത്തിലുള്ള ആവശ്യങ്ങൾക്കായി മൈതാനം ലേലം കൊണ്ടത് 19 ലക്ഷം രൂപയ്ക്കാണ്. ഈ തുകയ്ക്ക് പുറമേ മൂന്നു ലക്ഷത്തിലധികം രൂപ ജി എസ് ടി ഐ അടയ്ക്കണം. വിവിധ ലൈസൻസ് ഇനങ്ങളിൽ ലക്ഷക്കണക്കിന് രൂപ പിന്നെയും സർക്കാരിലേക്ക് അടച്ച് അമ്യൂസ്മെൻറ് പാർക്ക് ഉപകരണങ്ങളുടെ ട്രാൻസ്പോർട്ടേഷൻ തുക നൽകി മൈതാനത്ത് ഉത്സവ വിരുന്നൊരുക്കാൻ കരാറുകാരൻ ഏകദേശം 30 ലക്ഷത്തോളം രൂപ ചിലവഴിക്കേണ്ടി വരും.

പെരുമഴ ചതിച്ചപ്പോൾ വെള്ളത്തിലായത് ലക്ഷങ്ങൾ

30 ലക്ഷം മുതൽമുടക്കുന്ന കരാറുകാരൻ മുതൽ തിരികെ പിടിച്ച് ലാഭമുണ്ടാക്കാൻ മുന്നിലുള്ളത് 10 ദിവസമാണ്. ഉത്സവത്തിന് എത്തുന്ന ജനസാന്നിധ്യത്തെ ആശ്രയിച്ചിരിക്കും ലാഭവും നഷ്ടവും. എന്നാൽ പേമാരിയായി പെയ്തിറങ്ങിയ വേനൽ മഴ കരാറുകാരുടെ കണക്കുകൂട്ടലുകൾ പാടെ തെറ്റിച്ചിരിക്കുകയാണ്. പരമാവധി ആളുകളെ പ്രതീക്ഷിക്കുന്ന അഞ്ച് രാത്രികളാണ് വെള്ളത്തിൽ മുങ്ങിപ്പോയത്. വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കരാറുകാരെ ഇത് തള്ളിവിടുമെന്ന് ഉറപ്പാണ്.

കനിയുമോ നഗരസഭ?

കോടാനുകോടികളുടെ അഴിമതി ആരോപണങ്ങളുടെ പേരിൽ കുപ്രസിദ്ധമാണ് കോട്ടയം നഗരസഭ. ഇതിൽ രാഷ്ട്രീയ നേതൃത്വം എന്നോ ഭരണപ്രതിപക്ഷം എന്നോ അധികൃതരെന്നോ വ്യത്യാസമില്ല. സാമാന്യ നീതി അനുസരിച്ച് വ്യവസായ സൗഹാർദ നയങ്ങൾ കണക്കിലെടുത്ത് പ്രകൃതിയുടെ വിളയാട്ടം മൂലം ലക്ഷക്കണക്കിന് രൂപ നഷ്ടമുണ്ടായ കരാറുകാരന് ലേലം കൊണ്ടപ്പോൾ കെട്ടിവെച്ച തുകയുടെ പകുതിയെങ്കിലും തിരികെ നൽകുവാനുള്ള മര്യാദ നഗരസഭാ ഭരണകൂടം കാണിക്കേണ്ടതാണ്. ഇതിനുള്ള ആർജ്ജവവും ജനപക്ഷ നിലപാടും നഗരസഭയിലെ ഭരണ പ്രതിപക്ഷ രാഷ്ട്രീയ നേതൃത്വത്തിന് ഉണ്ടാകുമോ എന്നും, വിഷയത്തിൽ മുനിസിപ്പൽ സർക്കാർ അധികൃതർ അനുഭാവപൂർണ്ണമായ നിലപാടുകൾ സ്വീകരിക്കുമോ എന്നുമെല്ലാം കണ്ടറിയേണ്ടതുണ്ട്. നിയമങ്ങളും നിലപാടുകളും എങ്ങനെയാണെങ്കിലും ഉത്തരവാദിത്തപ്പെട്ട മാധ്യമ സ്ഥാപനം എന്ന നിലയിൽ ഞങ്ങളുടെസാമൂഹിക പ്രതിബദ്ധതയുടെ പേരിലാണ് ഈ വിഷയം ശ്രദ്ധയിൽപ്പെടുത്തുവാൻ ഈ വാർത്ത ശകലം പങ്കുവയ്ക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക