വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് പിന്നാലെ രാജ്യം വീണ്ടുമൊരു രാജ്യസഭാ തെരഞ്ഞെടുപ്പിലേക്ക്.ജൂണില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 22 രാജ്യസഭാ സീറ്റുകളിലാണ് ഒഴിവ് വരുന്നത്. ഇതോടെ പ്രമുഖ രാഷ്ട്രീയ പാർട്ടികളെല്ലാം സ്ഥാനാർത്ഥി നിർണയത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.
കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ, മുതിർന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ്, കേന്ദ്രമന്ത്രി ജോർജ് കുര്യൻ തുടങ്ങിയ പ്രമുഖരുടെ കാലാവധിയാണ് ജൂണില്‍ അവസാനിക്കുന്നത്.
മല്ലികാർജുൻ ഖർഗെ രാജ്യസഭയില്‍ തുടർന്നു കൗണ്‍സിലിനെ നയിക്കാനാണ് സാധ്യത. എന്നാല്‍ മുതിർന്ന നേതാവായ ദിഗ്വിജയ് സിംഗിനെ വീണ്ടും പരിഗണിച്ചേക്കില്ലെന്നാണ് സൂചന. അതേസമയം, രാജസ്ഥാൻ മുൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, പവൻ ഖേര തുടങ്ങിയ പ്രമുഖ നേതാക്കള്‍ രാജ്യസഭയിലേക്ക് എത്താൻ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
ജാർഖണ്ഡില്‍ ഒഴിവ് വരുന്ന രണ്ട് സീറ്റുകളില്‍ ഒന്നിനായി സഖ്യകക്ഷിയായ ജെഎംഎമ്മിന് മേല്‍ കോണ്‍ഗ്രസ് സമ്മർദം ശക്തമാക്കിയിട്ടുണ്ട്. സ്ഥാനാർത്ഥി നിർണയത്തിനായുള്ള ബിജെപിയുടെ ഔദ്യോഗിക ചർച്ചകള്‍ അടുത്ത ആഴ്ച മുതല്‍ ദില്ലിയില്‍ ആരംഭിക്കും. കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉള്‍പ്പെടെയുള്ളവരുടെ കാര്യത്തില്‍ പാർട്ടി കേന്ദ്ര നേതൃത്വം അന്തിമ തീരുമാനമെടുക്കും.

















