ജൂബിലി പെരുന്നാളിന്റെയും തദ്ദേശ തെരഞ്ഞെടുപ്പിന്റെയും തിരക്കിനിടയിൽ പാലാ ടൗണിൽ അനധികൃതമായി ഓട്ടോ സ്റ്റാൻഡ് സ്ഥാപിക്കാൻ ശ്രമം നടക്കുന്നു. മറ്റത്തിൽ പ്രിയ ജ്വല്ലറിക്കും ബ്ലൂ മൂൺ ഹോട്ടലിലും ഇടയിലുള്ള 5.7 മീറ്റർ വീതിയുള്ള വഴിയിൽ ഓട്ടോ സ്റ്റാൻഡ് സ്ഥാപിക്കാനുള്ള ശ്രമത്തിനെതിരെ വ്യാപാരികൾ കോടതിയിൽ പോയി ഉത്തരവ് നേടിയിരുന്നു. വാഹനങ്ങളുടെ സുഗമമായ കടന്നുപോക്കിനും നടപ്പ് യാത്രികരുടെ സുരക്ഷയ്ക്കും വെല്ലുവിളിയാകും എന്ന് വിലയിരുത്തി ആയിരുന്നു കോടതിയുടെ ഉത്തരവ്.
ഈ ഉത്തരവിനെ അട്ടിമറിക്കാൻ സാങ്കേതികത്വം പറഞ്ഞ് മണർകാട് റോഡിനും മെയിൻ റോഡിനും ഇടയിലുള്ള മൂന്നു മീറ്റർ മാത്രം വീതിയുള്ള ഏക ഇടവഴിയിൽ ഓട്ടോ സ്റ്റാൻഡ് സ്ഥാപിക്കാനുള്ള നീക്കങ്ങളാണ് ഇപ്പോൾ നടക്കുന്നത്. സാധാരണക്കാരായ കാൽനടയാത്രികർ ആശ്രയിക്കുന്ന ഈ വഴിയുടെ ലക്ഷ്യം തന്നെ അട്ടിമറിക്കുന്ന നീക്കമാണ് നടക്കുന്നത്. ഓട്ടോ സ്റ്റാൻഡിന് ക്രമവിരുദ്ധമായി അംഗീകാരം നൽകുവാൻ ട്രാഫിക് അഡ്വൈസറി കമ്മിറ്റി ഇന്ന് യോഗം ചേരുന്നുണ്ട്. കേരള കോൺഗ്രസ് പാർട്ടിയുടെ ഉന്നത നേതൃത്വത്തിൽ നിന്ന് വ്യക്തമായ നിർദ്ദേശങ്ങൾ ഇവർക്ക് ലഭിച്ചിട്ടുണ്ട് എന്ന് സംശയങ്ങളും ശക്തമാവുകയാണ്.

ഓട്ടോ സ്റ്റാൻഡ് അനുവദിച്ച ശേഷം അവിടെ ഓട്ടോയിടുന്നതിനായി പണം പിടുങ്ങുന്ന ട്രേഡ് യൂണിയൻ നേതാവിന്റെ നീക്കങ്ങളാണ് ഇത്തരത്തിൽ കാൽനടക്കാരുടെ സുരക്ഷിതത്വത്തിന് പോലും വെല്ലുവിളിയാകുന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥിത്വം ലഭിക്കാത്തതിനാൽ ഇടഞ്ഞുനിൽക്കുന്ന ട്രേഡ് യൂണിയൻ നേതാവിനെ അനുനയിപ്പിക്കുവാനുള്ള പാർട്ടി നേതൃത്വത്തിന്റെ ഇടപെടലാണ് തെരഞ്ഞെടുപ്പും ജൂബിലി പെരുന്നാളും മറയാക്കി ഇത്തരം ഒരു സ്റ്റാൻഡ് അനുവദിക്കുവാനുള്ള ഇടപെടലിനു പിന്നിൽ എന്നും ആക്ഷേപം ഉയർന്നു വരുന്നുണ്ട്.
പാലാ ടൗണിന്റെ ഈ ഭാഗത്ത് യാത്രികർക്ക് സൗകര്യപ്രദമായ രീതിയിൽ ആവശ്യത്തിലേറെ ഓട്ടോ സ്റ്റാൻഡുകൾ ഉള്ളിടത്താണ് കാൽനടക്കാർക്കും വ്യാപാരികൾക്കും തടസ്സം സൃഷ്ടിക്കുന്ന പുതിയ സ്റ്റാൻഡ് അനുവദിക്കാൻ പോകുന്നത്. നഗ്നമായ അധികാര ദുർവിനിയോഗത്തിന്റെയും അഴിമതിയുടെയും ഏറ്റവും നല്ല ഉദാഹരണമാണ് ഈ സംഭവം. ഈ ക്രമവിരുദ്ധ നീക്കത്തിനെതിരെ കോടതിയെ സമീപിക്കുവാനുള്ള ആലോചനകൾ വിവിധ സംഘടനകളുടെ ഭാഗത്തുനിന്നും സജീവമാകുന്നുണ്ട്.

















