ഓണ്‍ലൈനില്‍ അശ്ലീല ദൃശ്യങ്ങള്‍ തിരഞ്ഞ യുവാവിന് ലഭിച്ചത് ജീവിതത്തിലെ ഏറ്റവും ഭയാനകമായ അനുഭവം. ഹോങ്കോംഗ് സ്വദേശിയായ എറിക് എന്ന യുവാവാണ് അശ്ലീല സൈറ്റില്‍ സ്വന്തം കിടപ്പറ ദൃശ്യങ്ങള്‍ കാണാനിടയായത്. മാസങ്ങള്‍ക്ക് മുൻപ് ചൈനയിലെ ഷെൻഷെനിലുള്ള ഹോട്ടലില്‍ താനും കാമുകിയും താമസിച്ചപ്പോള്‍ ഒളിക്യാമറയില്‍ പകർത്തിയ ദൃശ്യങ്ങളാണ് യുവാവ് കണ്ടത്.2023ലാണ് എറിക് കാമുകി എമിലിക്കൊപ്പം ഹോട്ടലില്‍ താമസിച്ചത്.
ആഴ്ചകള്‍ക്ക് ശേഷം താൻ പതിവായി സന്ദർശിക്കുന്ന അശ്ലീല സൈറ്റില്‍ വീഡിയോകള്‍ തിരയുമ്പോഴായിരുന്നു പരിചിതമായ ഹോട്ടല്‍ മുറി എറിക്കിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. നിമിഷങ്ങള്‍ക്കകം അത് താനും കാമുകിയും താമസിച്ച മുറിയാണെന്നും, ദൃശ്യങ്ങളിലുള്ളത് തങ്ങള്‍ തന്നെയാണെന്നും അയാള്‍ തിരിച്ചറിഞ്ഞു. ഏതാണ്ട് ഒരു മണിക്കൂറോളം നീളുന്ന ദൃശ്യങ്ങളാണ് ഹോട്ടല്‍ മുറിയിലെ ഒളിക്യാമറയില്‍ പതിഞ്ഞത്.
ഇത്തരം ഒളിക്യാമറാ ദൃശ്യങ്ങള്‍ തനിക്ക് കാണാൻ താല്പര്യമുണ്ടായിരുന്നുവെന്ന് എറിക് തുറന്നുപറഞ്ഞു. ‘ആളുകള്‍ അറിയാതെ പകർത്തിയ ദൃശ്യങ്ങള്‍ക്ക് സ്വാഭാവികത കൂടുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ഞാൻ തന്നെ അതിന്റെ ഇരയായപ്പോള്‍ ഭീകരത മനസിലായത്,’ എറിക് ബിബിസിയോട് പറഞ്ഞു. സംഭവത്തിന് പിന്നാലെ കാമുകി എമിലി കടുത്ത മാനസിക വിഷമത്തിലാണ്. സുഹൃത്തുക്കളോ വീട്ടുകാരോ ദൃശ്യങ്ങള്‍ കണ്ടിരിക്കുമോ എന്ന പേടിയിലാണ് ഇരുവരും. ഇപ്പോള്‍ ഹോട്ടലുകളില്‍ താമസിക്കാൻ പോലും ഇവർക്ക് ഭയമാണ്. പുറത്തിറങ്ങുമ്പോള്‍ തിരിച്ചറിയാതിരിക്കാൻ തൊപ്പി വച്ചാണ് ഇരുവരും നടക്കുന്നത്.
ചൈനയില്‍ അശ്ലീല ദൃശ്യങ്ങള്‍ നിർമ്മിക്കുന്നതും പ്രചരിപ്പിക്കുന്നതും നിയമവിരുദ്ധമാണെങ്കിലും കഴിഞ്ഞ പത്ത് വർഷമായി ഇത്തരം കാര്യങ്ങള്‍ രാജ്യത്ത് സജീവമാണ്. കഴിഞ്ഞ ഏപ്രിലില്‍ ചൈനീസ് സർക്കാർ ഹോട്ടലുടമകള്‍ക്ക് കർശന നിർദ്ദേശം നല്‍കിയിരുന്നു. ഓരോ മുറിയും പരിശോധിച്ചു ഒളിക്യാമറകള്‍ ഇല്ലെന്ന് ഉറപ്പുവരുത്തണമെന്നാണ് നിയമം. ബിബിസി നടത്തിയ അന്വേഷണത്തില്‍ ചൈനയിലെ വിവിധ ഹോട്ടലുകളില്‍ നിന്നായി 180ലധികം ഒളിക്യാമറകളാണ് കണ്ടെത്തിയത്. ആയിരക്കണക്കിന് ദൃശ്യങ്ങള്‍ ഇപ്പോഴും വിവിധ സൈറ്റുകളില്‍ വില്പനയ്ക്ക് വച്ചിട്ടുണ്ട്.

















