എല്‍.ഡി.എഫിന്റെ സിറ്റിംഗ് സീറ്റില്‍ അവരുടെ സ്ഥാനാർത്ഥിയെ തോല്‍പ്പിക്കാൻ യു.ഡി.എഫ് കളത്തിലിറക്കിയത് ജ്യേഷ്ഠനെ. പത്തനാപുരം പഞ്ചായത്തിലെ കല്ലുംകടവ് വാർഡിലാണ് സഹോദരന്മാർ തമ്മില്‍ പോരടിക്കുന്നത്. ഡെൻസണ്‍ വർഗീസ് (45), മൂത്ത സഹോദരൻ ഡെന്നി വർഗീസ് (53) എന്നിവരാണ് എല്‍.ഡി.എഫ്-യു.ഡി.എഫ് സ്ഥാനാർത്ഥികള്‍. കഴിഞ്ഞ തവണയും കല്ലുംകടവില്‍ വിജയിച്ചത് ഡെൻസണ്‍ ആയിരുന്നു. ഇക്കുറിയും ഡെൻസണെ തന്നെ സി.പി.എം രംഗത്തിറക്കി.പിന്നാലെ ഡെന്നി വർഗീസിനെ യു.ഡി.എഫ് കളത്തിലിറക്കുകയായിരുന്നു.

നേരത്തേ ഇരുവരും എസ്.എഫ്.ഐയുടെ സജീവ മുഖങ്ങളായിരുന്നു. പിന്നീട് ഡെന്നി വർഗീസ് കേരള കോണ്‍ഗ്രസില്‍ ചേർന്നു. പത്തനംതിട്ട ജില്ലാ കോടതി അഭിഭാഷകനായ ഡെന്നി കേരള കോണ്‍ഗ്രസ് പത്തനാപുരം നിയോജകമണ്ഡലം പ്രസിഡന്റാണ്. ഭാര്യ ബ്രിജിത്ത് ഡെന്നി 2010-15 കാലഘട്ടത്തില്‍ കല്ലുംകടവ് വാർഡിലെ ജനപ്രതിനിധിയായിരുന്നു. കഴിഞ്ഞ തവണ ജില്ലാപഞ്ചായത്തിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഡെൻസണ്‍ വർഗീസ് സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗവും പത്തനാപുരം സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനുമാണ്. ഇരുമുന്നണികളും വിജയിച്ച ചരിത്രവും കല്ലുംകടവ് വാർഡിനുണ്ട്. കല്ലുംകടവിലെ കുടുംബവീടായ നല്ലവീട്ടില്‍ കുറ്റിയിലാണ് ഡെൻസണ്‍ വർഗീസ്, അമ്മ കുഞ്ഞമ്മ വർഗീസ്, ഭാര്യ റിൻസി, മക്കളായ ഹദാഷ, ഹെലൻ, ഹേബ എന്നിവർ താമസിക്കുന്നത്. കുടുംബവീട്ടില്‍ നിന്ന് ഒരു കിലോമീറ്റർ മാറിയാണ് ഡെന്നി വർഗീസ് താമസിക്കുന്നത്. മക്കള്‍: ഡെവിൻ, ഡിയോണ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക