റോഡരുകില്‍ യുവതിയുടെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയ സംഭവത്തില്‍ വൻ ട്വിസ്റ്റ്. മൊഹോബ സ്വദേശിനിയായ കിരണ്‍ സിംഗ് (30) കൊല്ലപ്പെട്ട സംഭവത്തില്‍ സബ് ഇൻസ്പെക്ടർ തന്നെ അറസ്റ്റിലായിരിക്കുകയാണ്. കിരണ്‍ സിംഗ് തന്റെ ഭർത്താവിനെതിര നല്‍കിയ സ്ത്രീധന പീഡന കേസ് അന്വേഷിച്ചിരുന്ന സബ് ഇൻസ്പെക്ടർ അങ്കിത് യാദവ് ആണ് അറസ്റ്റിലായത്. ഭർത്താവിനെതിരെ പരാതി നല്‍കാനെത്തിയതിന് പിന്നാലെ യുവതിയും സബ് ഇൻസ്പെക്ടറും തമ്മില്‍ പ്രണയത്തിലായിരുന്നു. ഇതിനിടെയുണ്ടായ തർക്കത്തെ തുടർന്നാണ് അങ്കിത് യാദവ് കാമുകിയെ കൊലപ്പെടുത്തി മൃതദേഹം റോഡില്‍ ഉപേക്ഷിച്ചത്.
2024-ല്‍ കബ്രയി പൊലീസ് സ്റ്റേഷനിലാണ് കിരണ്‍ തന്റെ ഭർത്താവായ സിആർപിഎഫ് ജവാനെതിരെ സ്ത്രീധന പീഡന കേസ് നല്‍കിയത്. വിവാഹ ശേഷം രണ്ട് ലക്ഷം രൂപയും കാറും ആവശ്യപ്പെട്ട ഭർതൃവീട്ടുകാരുടെ സമ്മർദ്ദത്തെ കുറിച്ചായിരുന്നു കിരണ്‍ പരാതി നല്‍കിയിരുന്നത്. കേസന്വേഷണത്തിന്റെ ചുമതല സബ് ഇൻസ്പെക്ടർ അങ്കിത് യാദവിനായിരുന്നു. ഇതോടെ ഇരുവരും തമ്മില്‍ അടുപ്പത്തിലായി. അന്വേഷണം മുന്നേറുന്നതിനിടെ ഇരുവരും ഇടപഴകുകയും പിന്നീട് ബന്ധം ശക്തമാകുകയും ചെയ്‌തു.എന്നാല്‍ പിന്നീട് കിരണ്‍ നിരന്തരം വിളിച്ച് സമ്മർദ്ദം ചെലുത്തിയത് അങ്കിത്തിനെ അസ്വസ്ഥനാക്കി. ഫോണ്‍ നമ്ബർ ബ്ലോക്ക് ചെയ്തപ്പോഴും കിരണ്‍ പല നമ്ബറുകളില്‍ നിന്നും വിളിച്ചും ശല്യം തുടരുകയുമായിരുന്നു. നവംബർ 11-ന് വിളിച്ച് നേരില്‍ കാണണമെന്ന് ആവശ്യമുന്നയിച്ചതിനെത്തുടർന്ന് പ്രശ്നം തീർക്കാനായി അങ്കിത് സമ്മതിക്കുകയും ചെയ്തു.
സ്ത്രീധന കേസിന്റെ വാദം കേള്‍ക്കാൻ നവംബർ 12-ന് കോടതിയില്‍ പോയ കിരണ്‍ പിന്നീട് വീട്ടിലെത്തിയില്ല. അന്നു തന്നെ അങ്കിതിന്റെ വാഹനത്തില്‍ ഇരുവരും പുറപ്പെട്ടതായി തെളിവുകള്‍ പറയുന്നു. കാറില്‍ സഞ്ചരിക്കുന്നതിനിടെ തർക്കം രൂക്ഷമാകുകയും, അങ്കിത് ഇരുമ്ബ് കമ്ബികൊണ്ട് കിരണിനെ ആക്രമിച്ച് കൊല്ലുകയുമായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തി.നവംബർ 13-ന് മധുവ-റാത്ത് റോഡരികില്‍ നഗ്നമായ നിലയില്‍ മൃതദേഹം കണ്ടെടുത്തതോടെ കേസിലെ ക്രൂരത പുറത്തുവന്നു. തുടർന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ പൊലീസ് ക്വാർട്ടേഴ്സില്‍ നിന്ന് അറസ്റ്റ് ചെയ്തു.

















