കണ്ണാടി ഹയർസെക്കൻഡറി സ്കൂളില്‍ പത്താം ക്ലാസ് വിദ്യാർഥിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ മാസം ഇതേ സ്കൂളിലെ ഒമ്ബതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിഷേധിച്ച് നടന്ന സമരങ്ങളില്‍ മുൻപന്തിയിലുണ്ടായിരുന്ന വിദ്യാർഥിയാണ് മരിച്ച അഭിനവ് (15). പാലക്കാട് വിളയന്നൂർ പാലാട്ട് വീട്ടില്‍ ഗിരീഷ്-റീത്ത ദമ്ബതികളുടെ മകനാണ്.
വൈകുന്നേരം അഭിനവിനെ വീട്ടിലെ മുറിയിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ മറ്റാരും ഇല്ലാതിരുന്ന സമയത്തായിരുന്നു സംഭവം. വിവരമറിഞ്ഞ് പൊലിസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ രണ്ടു ദിവസങ്ങളായി അഭിനവ് സ്കൂളില്‍ പോയിരുന്നില്ലെന്നും ബന്ധുക്കള്‍ അറിയിച്ചു.കഴിഞ്ഞ മാസം കണ്ണാടി സ്കൂളിലെ ഒമ്ബതാം ക്ലാസ് വിദ്യാർഥിയായ അർജുൻ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണ വിധേയരായ അധ്യാപികമാർക്കെതിരെ വിദ്യാർഥികള്‍ ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു.
അർജുനെ അധ്യാപിക ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം ഉണ്ടായിരുന്നത്. ഒന്നര വർഷം ജയിലില്‍ കിടത്തുമെന്നും അധ്യാപിക ഭീഷണിപ്പെടുത്തിയെന്ന് വിദ്യാർഥിയുടെ കുടുംബവും ആരോപിച്ചിരുന്നു. ക്ലാസിലെ അധ്യാപിക അർജുനെ നിരന്തരം മാനസികമായി പീഡിപ്പിച്ചുവെന്നാണ് കുടുംബത്തിന്റെ പ്രധാന ആരോപണം. ഇൻസ്റ്റഗ്രാമില്‍ കുട്ടികള്‍ തമ്മില്‍ മെസേജ് അയച്ചതിന് അധ്യാപിക അർജുനെ ഭീഷണിപ്പെടുത്തിയെന്നാണ് കുടുംബം പറയുന്നത്. അർജുനെതിരെ സൈബർ സെല്ലില്‍ പരാതി നല്‍കുമെന്നും ജയിലിലിടുമെന്നും അധ്യാപിക ഭീഷണിപ്പെടുത്തിയെന്നും കുടുംബം പറഞ്ഞിരുന്നു. വിദ്യാർഥികളും ഇതേ ആരോപണമാണ് ഉന്നയിച്ചിരുന്നത്. അധ്യാപികയെ സ്കൂളില്‍ നിന്ന് പുറത്താക്കണമെന്നാണ് വിദ്യാർഥികള്‍ ഒന്നാകെ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ആരോപണമെല്ലാം സ്കൂള്‍ നിഷേധിച്ചിരുന്നു.
അർജുൻ ജീവനൊടുക്കാനുള്ള സംഭവങ്ങളൊന്നും സ്കൂളില്‍ ഉണ്ടായിട്ടില്ലെന്നാണ് പ്രധ്യാനാധ്യാപിക പറഞ്ഞിരുന്നത്. ഈ സമര പരിപാടികളിലും പ്രതിഷേധ പ്രകടനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു, ഇപ്പോള്‍ മരിച്ച അഭിനവ് എന്ന് ബന്ധുക്കള്‍ വെളിപ്പെടുത്തി.അതേസമയം അർജ്ജുന്റെ മരണത്തില്‍ സ്കൂളിലെ പ്രധാന അധ്യാപിക ലിസിയെയും ആരോപണ വിധേയയായ അധ്യാപിക ആശയേയും സസ്പെൻഡ് ചെയ്തിരുന്നു. വിദ്യാർഥി പ്രതിഷേധത്തെ തുടർന്നാണ് അന്ന് നടപടി ഉണ്ടായത്. അധ്യാപികയ്ക്ക് എതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് സ്കൂളിലെ കുട്ടികള്‍ ക്ലാസ്സില്‍ കയറാതെ പ്രതിഷേധിക്കുകയായിരുന്നു.ഈ സംഭവങ്ങള്‍ അടങ്ങിയതിന് പിന്നാലെയാണ് പ്രതിഷേധത്തില്‍ മുൻനിരയില്‍ ഉണ്ടായിരുന്ന വിദ്യാർഥിയെ ഇപ്പോള്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലിസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

















