പ്രായമായ ഉദ്യോഗസ്ഥരെയും വിരമിച്ച ഉദ്യോഗസ്ഥരെയും സൗഹൃദം നടിച്ച് വലയിലാക്കി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍. വിരമിച്ച റവന്യൂ ഉദ്യോഗസ്ഥനുമായി സൗഹൃദം സ്ഥാപിച്ച് 20 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന കേസിലാണ് വടക്കഞ്ചേരി പരുവാശ്ശേരി യു.എസ്.ബി. ഗാര്‍ഡനില്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തുന്ന പ്രിന്‍സി (46) എന്ന സ്ത്രീ പിടിയിലായത്.
ഒറ്റപ്പാലം സ്വദേശിയായ റിട്ടയേര്‍ഡ് റവന്യൂ ഉദ്യോഗസ്ഥന്‍ നല്‍കിയ പരാതിയിലാണ് ഈ വന്‍ ലഹരി-ബ്ലാക്ക്മെയിലിങ് മാഫിയയുടെ കഥ പുറത്തുവന്നത്. നാണക്കേട് ഭയന്ന് പുറത്തുപറയാതിരുന്ന വിരമിച്ച നിരവധി ഉന്നത ഉദ്യോഗസ്ഥരാണ് ഇവരുടെ കെണിയില്‍ വീണിട്ടുള്ളതെന്നാണ് പോലീസിന് ലഭിക്കുന്ന ഞെട്ടിക്കുന്ന വിവരം. മുന്‍പ് ഒരു പോലീസ് ഉദ്യോഗസ്ഥനില്‍ നിന്ന് മാത്രം 40 ലക്ഷം രൂപ ഇവര്‍ തട്ടിയെടുത്ത കേസ് നിലവിലുണ്ട്.
പ്രിന്‍സിക്കെതിരെ വടക്കഞ്ചേരി പോലീസ് സ്റ്റേഷനിലും സമാനമായ രീതിയില്‍ ബ്ലാക്ക്മെയിലിങ് കേസ് നിലവിലുണ്ട്. ഒരു മുന്‍ പോലീസ് ഉദ്യോഗസ്ഥനുമായി സോഷ്യല്‍ മീഡിയ വഴിയും നേരിട്ടും സൗഹൃദം സ്ഥാപിച്ച് മോശം സന്ദേശങ്ങള്‍ അയപ്പിക്കുകയും, പിന്നീട് ഇതും കാണിച്ച് പ്രിന്‍സിയും മറ്റ് മൂന്ന് പുരുഷന്മാരും അടങ്ങുന്ന ഗുണ്ടാസംഘം ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി 40 ലക്ഷം രൂപ തട്ടിയെടുക്കുകയുമായിരുന്നു.
വടക്കഞ്ചേരിയില്‍ ഇവര്‍ നടത്തിവരുന്ന ബ്യൂട്ടി പാര്‍ലറിന്റെ മറവിലാണ് ഈ വലിയ ഹണി ട്രാപ്പ് മാഫിയ പ്രവര്‍ത്തിച്ചിരുന്നതെന്നാണ് പോലീസ് നല്‍കുന്ന സൂചന. പ്രായമായതും മാന്യമായി ജീവിക്കുന്നതുമായ ഉദ്യോഗസ്ഥരെയാണ് ഇവര്‍ പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. സമൂഹത്തില്‍ നാണക്കേട് ഭയന്ന് പലരും ലക്ഷങ്ങള്‍ കൊടുത്ത് ഒത്തുതീര്‍പ്പാക്കിയതുകൊണ്ട് മാത്രമാണ് ഇത്രയും കാലം ഇവര്‍ പുറത്തിറങ്ങി നടന്നത്.

















