മുൻ കണ്ണൂർ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ (ACP) ടി.കെ. രത്നകുമാർ സിപിഎം ടിക്കറ്റില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു. എഡിഎം നവീൻ ബാബുവിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യക്കെതിരായ കേസിന്റെ അന്വേഷണ മേല്‍നോട്ടം വഹിച്ചിരുന്ന ഉദ്യോഗസ്ഥനാണ് അദ്ദേഹം.
ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റിയിലെ കോട്ടൂർ വാർഡില്‍നിന്നാണ് രത്നകുമാർ ജനവിധി തേടുന്നത്. സിപിഎമ്മിന്റെ ചിഹ്നത്തില്‍ത്തന്നെയാണ് അദ്ദേഹത്തിന്റെ മത്സരം. കോട്ടൂർ സ്വദേശിയായ ഇദ്ദേഹം നിലവില്‍ കണ്ണൂരിലാണ് താമസം. പാർട്ടിക്ക് വലിയ സ്വാധീനമുള്ള കോട്ടൂർ വാർഡില്‍ അദ്ദേഹത്തിന്റെ വിജയം ഉറപ്പാണ്.
നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കുറ്റപത്രം സമർപ്പിച്ച ശേഷമാണ് ടി.കെ. രത്നകുമാർ ഈ വർഷം മാർച്ചില്‍ സർവ്വീസില്‍നിന്ന് വിരമിച്ചത്. കേസിന്റെ അന്വേഷണത്തില്‍ കൃത്രിമം നടന്നുവെന്നും, പ്രതിയായിരുന്ന പി.പി. ദിവ്യക്ക് അനുകൂലമായ രീതിയിലാണ് അന്വേഷണം മുന്നോട്ട് പോയതെന്നും നവീൻ ബാബുവിന്റെ കുടുംബം അന്ന് ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.

















