ഉത്തരാഖണ്ഡിലെ മസൂറിയില്‍ ഭർത്താവിനൊപ്പം വിനോദയാത്രയ്‌ക്കെത്തിയ സോഫ്റ്റ്‌വെയർ എൻജിനീയർ മരിച്ച നിലയില്‍. പി. രാധാ ഗായത്രിയെ (27) ആണ് ഹോംസ്റ്റേ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജൂണ്‍ 15 തിങ്കളാഴ്ച ആണ് സംഭവം പുറത്തറിയുന്നത്. മസൂറി-ധനോല്‍തി റോഡിലെ ഹോംസ്റ്റേയിലെ മുറിയിലാണ് ഗായത്രിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഫോറൻസിക് പരിശോധനാ ഫലങ്ങള്‍ക്കും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനും ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.

ഡല്‍ഹി കിദ്വായ് നഗർ സ്വദേശിനിയായ ഗായത്രി ഗുരുഗ്രാമിലെ ഐ.ടി കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. ഭർത്താവ് സൗമ്യ ശ്രീചരണ്‍ പൂനെയില്‍ സോഫ്റ്റ്‌വെയർ എൻജിനീയറാണ്. ഇരുവരുടെയും കുടുംബങ്ങള്‍ ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം സ്വദേശികളാണ്. 2025 നവംബർ 8-നായിരുന്നു ഇവരുടെ വിവാഹം.സംഭവത്തെക്കുറിച്ച്‌ പോലീസ് പറയുന്ന വിവരങ്ങള്‍ ഇങ്ങനെ, ജൂണ്‍ 13 ശനിയാഴ്ചയാണ് ദമ്പതികള്‍ ഡല്‍ഹിയില്‍ നിന്ന് ഉത്തരാഖണ്ഡിലേക്ക് യാത്ര തിരിച്ചത്. ഋഷികേശ് സന്ദർശിച്ച ശേഷം ജൂണ്‍ 14 ഞായറാഴ്ച രാത്രി 11.30 ഓടെയാണ് ഇവർ മസൂറിയിലെ ഹോംസ്റ്റേയിലുള്ള ‘ബ്ലിസ്’ എന്ന മുറിയില്‍ ചെക്ക്-ഇൻ ചെയ്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രാത്രിയില്‍ ഇരുവരും മദ്യപിച്ചിരുന്നതായും പുലർച്ചെ 3.30 ഓടെയാണ് ഉറങ്ങാൻ കിടന്നതെന്നും ഭർത്താവ് ശ്രീചരണ്‍ പോലീസിന് മൊഴി നല്‍കി. ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം ഉണർന്നപ്പോള്‍ ഗായത്രി മൂക്കില്‍ നിന്നും വായില്‍ നിന്നും രക്തം വാർന്ന നിലയില്‍ മുറിയുടെ തറയില്‍ അബോധാവസ്ഥയില്‍ കിടക്കുന്നത് കണ്ടതായാണ് ഭർത്താവ് പറയുന്നത്. തുടർന്ന് ഹോംസ്റ്റേ അധികൃതരെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. മെഡിക്കല്‍ സംഘം എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.തിങ്കളാഴ്ച രാവിലെ 7.30 ഓടെയാണ് യുവതി അബോധാവസ്ഥയിലാണെന്ന സന്ദേശം പോലീസിന് ലഭിക്കുന്നത്. മസൂറി പോലീസ് സ്റ്റേഷൻ ഓഫീസർ ദേവേന്ദ്ര ചൗഹാന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. മുറിയിലെ ബെഡ്ഷീറ്റില്‍ രക്തക്കറകള്‍ കണ്ടെത്തിയിട്ടുണ്ട്. രണ്ട് ഒഴിഞ്ഞ മദ്യക്കുപ്പികളും മറ്റ് തെളിവുകളും സംഭവസ്ഥലത്തുനിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഫോറൻസിക് സംഘവും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.

മരണത്തില്‍ നിലവില്‍ മറ്റ് അസ്വാഭാവികതകളോ ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങളോ കണ്ടെത്താനായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. ഭർത്താവ് ശ്രീചരണിനെയും ഹോംസ്റ്റേ ജീവനക്കാരെയും പോലീസ് ചോദ്യം ചെയ്തുവരികയാണ്.യുവതിയുടെ മൃതദേഹം ഡെറാഡൂണിലെ കൊറോണേഷൻ ആശുപത്രിയിലേക്ക് മാറ്റി. ജൂണ്‍ 16 ചൊവ്വാഴ്ച പോസ്റ്റ്‌മോർട്ടം നടപടികള്‍ പൂർത്തിയാക്കി. വിശാഖപട്ടണത്തുള്ള യുവതിയുടെ ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ട്. നിലവില്‍ ബന്ധുക്കളുടെ ഭാഗത്തുനിന്ന് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും എല്ലാ വശങ്ങളും പരിശോധിച്ച്‌ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക