നിലമ്ബൂരില്‍ അർദ്ധരാത്രി കുഴിയില്‍ വീണ യുവാവിനെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തി പോലീസ്. ചൊവ്വാഴ്ച രാത്രി 12 മണിയോടെയാണ് നിലമ്ബൂർ പോലീസ് സ്റ്റേഷനിലേക്ക് കണ്‍ട്രോള്‍ റൂമില്‍ നിന്ന് സഹായം ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശം ലഭിക്കുന്നത്. ഒരു യുവാവ് നിലമ്ബൂർ ഭാഗത്ത് എവിടെയോ കുഴിയില്‍ വീണു കിടക്കുന്നുണ്ടെന്നായിരുന്നു സന്ദേശം.
ലൊക്കേഷൻ കണ്ടെത്തി, ജീവൻ രക്ഷിച്ചു
വിവരം ലഭിച്ച ഉടൻ നൈറ്റ് പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്.ഐ. ടി.പി. മുസ്തഫയും സിനിയർ സി.പി.ഒ. നിബിൻ ദാസും യുവാവിനെ തിരിച്ചുവിളിച്ചു. കുഴിയില്‍ വീണുകിടക്കുകയാണെന്നും സ്ഥലം എവിടെയാണെന്ന് അറിയില്ലെന്നും യുവാവ് മറുപടി നല്‍കി. തുടർന്ന് സൈബർ സെല്ലിൻ്റെ സഹായത്തോടെ ഫോണ്‍ നമ്ബറിൻ്റെ ലൊക്കേഷൻ പരിശോധിച്ച പോലീസ്, യുവാവ് മമ്ബാട് ടാണ ഭാഗത്താണ് ഉള്ളതെന്ന് മനസ്സിലാക്കി.പോലീസ് ഫോണിലൂടെ യുവാവിന് ധൈര്യം പകരുകയും തിരച്ചിലിനൊടുവില്‍ സ്ഥലം കണ്ടെത്തുകയും ചെയ്തു. ടാണയില്‍ പുഴക്കടവിലേക്ക് പോകുന്ന റോഡില്‍ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് സമീപമുള്ള 10 അടിയോളം താഴ്ചയുള്ള കുഴിയില്‍ വീണുകിടക്കുന്ന നിലയില്‍ രവീണ്‍ എന്ന യുവാവിനെയാണ് പോലീസ് കണ്ടെത്തിയത്. തൊട്ടടുത്തുള്ള വീട്ടില്‍നിന്ന് കോണി സംഘടിപ്പിച്ചാണ് യുവാവിനെ കരക്കെത്തിച്ചത്. പരിക്കേറ്റ 22-കാരനായ രവീണിനെ ഉടൻ തന്നെ നിലമ്ബൂർ ഗവ. ആശുപത്രിയിലും തുടർന്ന് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. താമരശ്ശേരി ഈങ്ങാപ്പുഴ സ്വദേശിയാണ് രവീണ്‍.
രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വീണു
പൈനാപ്പിള്‍ കൃഷിത്തോട്ടത്തില്‍ ജോലി ചെയ്യുന്നതിനാണ് രവീണ്‍ ബന്ധുക്കളോടൊപ്പം നിലമ്ബൂരില്‍ എത്തിയത്. കൂടെയുള്ളവരെ അറിയിക്കാതെ രാത്രി താമരശ്ശേരിയിലുള്ള വീട്ടിലേക്ക് പോകാനിറങ്ങിയതായിരുന്നു. ബസ് കിട്ടാതെ വന്നപ്പോള്‍ മമ്ബാട് ഭാഗത്തേക്ക് നടക്കുകയായിരുന്നു. തന്നെ ആരോ പിന്തുടരുന്നതായി തോന്നിയെന്നും രക്ഷപ്പെടാൻ ഓടുന്നതിനിടെയാണ് കുഴിയില്‍ വീണതെന്നുമാണ് രവീണ്‍ പോലീസിനോട് പറഞ്ഞത്. പോലീസിൻ്റെ സമയോചിതമായ ഇടപെടലാണ് രവീണിന് ജീവൻ തിരിച്ചുകിട്ടാൻ കാരണമായത്.

















