കോട്ടയം ജില്ലാ പഞ്ചായത്തിലേക്കുള്ള സീറ്റ് വിഭജന ചർച്ചയില്‍ തീരുമാനമാകാതെ യു.ഡി.എഫും, എല്‍.ഡി.എഫും. 23 സീറ്റില്‍ 10 സീറ്റ് വേണമെന്ന നിലപാടില്‍ കേരളാകോണ്‍ഗ്രസ് (എം) ഉറച്ച് നില്‍ക്കുകയാണ്.ഒരു സീറ്റില്‍ പൊതുസ്വതന്ത്രനെ നിറുത്തണമെന്ന നിർദ്ദേശവും തള്ളി. പത്തുപേരും രണ്ടില ചിഹ്നത്തില്‍ മത്സരിക്കണമെന്ന നിർദ്ദേശമാണ് പാർട്ടിയില്‍ ഉയരുന്നത്.
പുതിയതായുള്ള തലനാട് ഡിവിഷൻ മാണി ഗ്രൂപ്പിന് നല്‍കാൻ ധാരണയായി. സീറ്റ് വച്ചുമാറാമെന്ന മാണിഗ്രൂപ്പ് ആവശ്യം സി.പി.ഐ അംഗീകരിച്ചില്ല. ഇടതുമുന്നണി ജില്ലാ കമ്മിറ്റിയില്‍ തീരുമാനമാകുന്നില്ലെങ്കില്‍ സംസ്ഥാന കമ്മിറ്റിയ്ക്ക് വിടാനാണ് മന്ത്രി വി.എൻ.വാസവൻ കൂടി പങ്കെടുത്ത യോഗത്തില്‍ ധാരണയായത്. എന്നാല്‍ സീറ്റ് വിഭജനത്തില്‍ ഒരു തർക്കവുമില്ലെന്നാണ് നേതാക്കള്‍ പറയുന്നത്.
കഴിഞ്ഞ തവണത്തെ സീറ്റ് വിഭജനം:
- സി.പി.എം : 9
- മാണി ഗ്രൂപ്പ് : 9
- സി.പി.ഐ : 4
വല്യേട്ടൻ കളിയ്‌ക്ക് നിന്ന് കൊടുക്കരുത്; മാണി ഗ്രൂപ്പിന് പത്ത് സീറ്റ് നല്‍കുന്നതില്‍ എതിർപ്പ്
സിപിഎമ്മിനേക്കാൾ ഒരു സീറ്റിൽ അധികം മത്സരിക്കാനുള്ള മാണി ഗ്രൂപ്പിൻറെ നീക്കമാണ് സിപിഎമ്മിലെ ഒരു വിഭാഗത്തെ പ്രകോപിപ്പിച്ചത്. കോട്ടയം ജില്ലയിൽ മാണിക്കാരുടെ വല്യേട്ടൻ കളിക്ക് നിന്നു കൊടുക്കേണ്ടതില്ല എന്ന നിലപാടിലാണ് അവർ. പൊതുസ്വതന്ത്രനെ അവതരിപ്പിച്ച് സീറ്റുകൾ ഒപ്പത്തിനൊപ്പം ആക്കാം എന്ന ധാരണയോട് സിപിഐ കൂടി അനുകൂലമായി പ്രതികരിച്ചതോടെ മാണി ഗ്രൂപ്പ് വെട്ടിലായിട്ടുണ്ട്.
യുഡിഎഫിലും തലവേദന കേരള കോൺഗ്രസ്
സ്ഥാനാർത്ഥികളെ കണ്ടെത്താൻ നെട്ടോട്ടം ഓടുമ്പോഴും അത് സീറ്റുകൾ വിട്ടുകൊടുക്കില്ല എന്ന നിലപാടാണ് യുഡിഎഫിലും ജോസഫ് ഗ്രൂപ്പ് സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞതവണ എട്ട് സീറ്റിൽ മത്സരിച്ച് രണ്ടിടത്ത് മാത്രം വിജയിച്ച ജോസഫ് ഗ്രൂപ്പിൽ നിന്നും കുറഞ്ഞത് മൂന്നു സീറ്റ് എങ്കിലും ഏറ്റെടുക്കാനാണ് കോൺഗ്രസ് തീരുമാനം. എന്നാൽ വിട്ടുവീഴ്ചയില്ല എന്ന നിലപാടിലുറച്ച് ജോസഫ് ഗ്രൂപ്പ് മുന്നോട്ടുപോകുമ്പോൾ അത് മുന്നണിക്ക് തലവേദനയാകുന്നു. വിജയ് സാധ്യതയും സ്വന്തം കഴിവും പരിഗണിക്കാതെ കുറെ നേതാക്കൾക്ക് സീറ്റ് കൊടുക്കുക എന്ന നിലപാടുമായി ജോസഫ് ഗ്രൂപ്പ് മുന്നോട്ടു പോകുമ്പോൾ അത് അംഗീകരിക്കാൻ കഴിയില്ല എന്ന് കടുത്ത തീരുമാനവും ആയിട്ടാണ് കോൺഗ്രസ് നിലയുറപ്പിക്കുന്നത്. ജില്ലയിൽ ഇത്തവണ ഒരു സീറ്റ് എങ്കിലും ലഭിച്ചേ മതിയാകൂ എന്ന് കടുത്ത നിലപാടിൽ ലീഗും മുന്നോട്ടു പോകുന്നു. ലീഗിനെ അനുനയിപ്പിക്കുവാൻ ഈരാറ്റുപേട്ട നഗരസഭയിൽ കൂടുതൽ സീറ്റ് അനുവദിക്കാനാണ് കോൺഗ്രസ് നീക്കം.

















