പാലാ മുണ്ടുപാലത്ത് സ്ഥിതി ചെയ്യുന്ന തറവാട് തട്ടുകട ഏറെ പ്രശസ്തമാണ്. അന്യ ജില്ലകളിൽ നിന്നുപോലും ഇവിടേക്ക് നിരവധി ആളുകൾ എത്തിച്ചേർന്നിരുന്നു. ഈ തട്ടുകട ആരംഭിച്ചതും ആദ്യകാലങ്ങളിൽ നടത്തിയതും സിപിഎം പ്രാദേശിക നേതാവായിരുന്ന അഭിലാഷ് ആയിരുന്നു. പിന്നീട് 10 ലക്ഷം രൂപ അഭിലാഷും രണ്ടു ലക്ഷം രൂപ സ്ഥല ഉടമ രാജേഷും കൈപ്പറ്റിക്കൊണ്ട് കടയുടെ നടത്തിപ്പ് സാബു എന്ന വ്യക്തിക്ക് കൈമാറുകയായിരുന്നു. 12 ലക്ഷം രൂപയ്ക്ക് പുറമേ പ്രതിമാസം വൻതുക വാടകയും രാജേഷ് ഈടാക്കിയിരുന്നു.
എന്നാൽ ഇപ്പോൾ, വാങ്ങിയ ലക്ഷങ്ങൾ തിരികെ നൽകാതെ തട്ടുകട ഒഴിപ്പിക്കുവാനുള്ള നീക്കമാണ് സ്ഥലംൺ ഉടമയായ രാജേഷ് നടത്തുന്നത്. ഇതിന് ഇയാൾക്ക് ഒത്താശ ചെയ്തു കൊടുക്കുന്നത് ഉറ്റ സുഹൃത്തും കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് പാലാ മണ്ഡലം പ്രസിഡന്റുമായ ബിജു പാലുപടവനാണ്. ഇവർക്ക് വേണ്ടി ഈ കൊട്ടേഷൻ ഏറ്റെടുത്തിരിക്കുന്നത് പാലാ നഗരസഭാ സെക്രട്ടറി ജൂഹി മരിയ ടോം എന്ന ഉദ്യോഗസ്ഥനാണ്.
നമ്പരില്ലാത്ത കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത് എന്ന് ചൂണ്ടിക്കാട്ടി ആദ്യം നഗരസഭാ സെക്രട്ടറി തട്ടുകടയുടെ ലൈസൻസ് റദ്ദാക്കി. കെട്ടിടം ഒഴിവാക്കി സ്ഥലത്ത് മറ്റു തട്ടുകടകൾ പ്രവർത്തിക്കുന്നതുപോലെ താൽക്കാലിക ഷെഡ്ഡിൽ സംവിധാനങ്ങൾ ഒരുക്കിയ ശേഷം വീണ്ടും അപേക്ഷ നൽകിയപ്പോൾ പുതുതായി തട്ടുകടകൾക്ക് പാലായിൽ ലൈസൻസ് നൽകുന്നില്ല എന്ന തീരുമാനവും സെക്രട്ടറി എടുത്തു. ഇതിൽ നിന്നുതന്നെ വാടകക്കാരനെ ഒഴിവാക്കാനുള്ള ഗൂഢ തന്ത്രമാണ് നടക്കുന്നത് എന്ന് വ്യക്തം.
ഇതിന് ഇവർ മറയാക്കിയത് രണ്ടുവർഷം മുമ്പ് നഗരസഭ പ്രതിപക്ഷ നേതാവ് രാജേഷിന്റെ അനധികൃത നിർമ്മാണത്തിനെതിരെ നൽകിയ പരാതിയാണെന്നതാണ് ഏറെ കൗതുകരം. അതായത് സ്ഥല ഉടമയുടെ അനധികൃത കെട്ടിട നിർമ്മാണത്തിനെതിരെയുള്ള പരാതിയുടെ മറവിൽ സ്ഥല ഉടമയെ സഹായിക്കാനായി വാടകക്കാരനെ ഒഴിപ്പിച്ചു കൊടുക്കുന്ന നെറികേടാണ് മാണി ഗ്രൂപ്പും മുനിസിപ്പൽ ഭരണാധികാരികളും ചേർന്ന് പാലായിൽ നടപ്പാക്കുന്നത് എന്ന് സാരം. സെക്രട്ടറിയുടെയും ചെയർമാന്റെയും നിയന്ത്രണത്തിലും ഉത്തരവാദിത്വത്തിലുമുള്ള പാലാ ഗവൺമെൻറ് ഹോസ്പിറ്റൽ കെട്ടിടം പോലും കെട്ടിട നമ്പർ ഇല്ലാതെ പ്രവർത്തിക്കുമ്പോഴാണ് സ്ഥാപന ഉടമയുടെയും ജീവനക്കാരുടെയും ഉൾപ്പെടെ 16ലധികം കുടുംബങ്ങളുടെ ഉപജീവനമാർഗമായ കടപൂട്ടിക്കുവാൻ ഇവർ മുന്നിട്ടിറങ്ങുന്നത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ തന്റെ വാർഡിലെ വോട്ടർമാരായ സ്ഥല ഉടമ രാജേഷിന്റെ കുടുംബത്തിലെ 10 വോട്ട് കണ്ട് നഗരസഭ ചെയർമാൻ ഈ നെറികേടുകൾക്ക് കുടപിടിക്കുകയാണ് എന്നും ആരോപണമുണ്ട്.
അധ്വാനത്തിന്റെ വിലയറിയാതെ സർക്കാർ ശമ്പളം കൈപ്പറ്റുന്ന നേതാവിന്റെ ലീലാവിലാസങ്ങൾ
മാണി ഗ്രൂപ്പ് മണ്ഡലം പ്രസിഡണ്ടായ ബിജു പാലൂപ്പടവൻ ചീഫ് വിപ്പ് എൻ ജയരാജിന്റെ പേഴ്സണൽ സ്റ്റാഫ് അംഗമാണ്. സ്റ്റാഫ് അംഗമാണ് എന്ന് പറയുമ്പോഴും ഇദ്ദേഹം ഇതുവരെ തിരുവനന്തപുരത്തോ, ജയരാജിന്റെ മണ്ഡലത്തിലോ ഉള്ള ഓഫീസിലോ ഒരു പ്രവർത്തനങ്ങൾക്കും പോകാതെ സൗജന്യമായി ശമ്പളം കൈപ്പറ്റുകയാണെന്നതാണ് യാഥാർത്ഥ്യം. ഇങ്ങനെ അധ്വാനത്തിന്റെ വിലയറിയാതെ 50000ത്തോളം രൂപ പൊതു ഖജനാവിൽ നിന്ന് പോക്കറ്റിലേക്ക് മാസംതോറും എത്തുന്ന നേതാവ് അധ്വാനിച്ച് ജീവിക്കുന്നവരുടെ അന്നം മുട്ടിക്കാൻ ഇറങ്ങുമ്പോൾ ഇതിനെതിരെ പ്രതികരിക്കേണ്ടത് സാധാരണക്കാരിൽ സാധാരണക്കാരായ ജനങ്ങളാണ്.

















