ഇന്ത്യൻ സമ്ബദ്‌വ്യവസ്ഥയ്ക്ക് ഇക്കഴിഞ്ഞ സെപ്തംബർ നിർണായകമായിരുന്നു. ചരക്കു സേവന നികുതി (GST) ലളിതമാക്കിക്കൊണ്ട്, നാലു സ്ലാബുകളുള്ള നികുതി ഘടനയെ 5 ശതമാനം, 18 ശതമാനം എന്നിങ്ങനെ രണ്ടാക്കി ചുരുക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തെ ലോകം ഉറ്റുനോക്കുകയായിരുന്നു. കേവലം ഒരുമാസം പിന്നിട്ടപ്പോഴേക്കും ജി.എസ്.ടി പരിഷ്‌കരണം സൃഷ്ടിച്ച ഫലം അദ്ഭുതകരമെന്ന് എല്ലാവർക്കും പറയേണ്ടി വന്നു.നികുതി നിരക്കില്‍ മാറ്റം വരുത്തിയിട്ടും, ഒക്ടോബറിലെ ജി.എസ്.ടി കളക്ഷൻ 1.96 ലക്ഷം കോടി രൂപയിലെത്തി.
ഇത് യാദൃച്ഛികതയല്ല; മറിച്ച്, ലളിതവും നീതിപൂർവകവുമായ ജി.എസ്.ടി സംവിധാനം രാജ്യത്തിന്റെ വരുമാനം വർദ്ധിപ്പിക്കുമെന്നതിന്റെ പ്രത്യക്ഷ തെളിവാണ്. ആഗോള സാമ്ബത്തിക അനിശ്ചിതത്വത്തിനിടയിലും ഭാരതം വളർച്ചയുടെയും സമൃദ്ധിയുടെയും പാതയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ഈ കണക്കുകള്‍ വിപണികള്‍ക്കും നിക്ഷേപകർക്കും ഉറപ്പു നല്‍കുന്നു. 2025 ഒക്ടോബറിലെ ജി.എസ്.ടി വരുമാന കണക്കുകള്‍ ആ ബോദ്ധ്യത്തിന് അടിവരയിടുന്നു.
സെപ്തംബറിലെ നേട്ടങ്ങൾ:
- നൂറുകണക്കിന് ഉത്പന്നങ്ങളും സേവനങ്ങളും താഴ്ന്ന നികുതി നിരക്കുകളിലേക്ക് മാറ്റപ്പെട്ടു.
- ചെരിപ്പുകള്‍, വസ്ത്രങ്ങള്‍, അടുക്കള സാധനങ്ങള്‍ തുടങ്ങിയ പ്രതിദിന ആവശ്യങ്ങള്‍ക്കുള്ള വസ്തുക്കള്‍ 12 ശതമാനത്തില്‍ നിന്ന് അഞ്ചു ശതമാനമായി കുറഞ്ഞു.
- അനവധി ഭക്ഷ്യവസ്തുക്കള്‍ക്ക് നികുതി തന്നെ ഇല്ലാതായി.
- നിർമ്മാണ മേഖലയെ മുന്നോട്ടു നയിക്കുന്ന സിമന്റ്, ഇലക്‌ട്രോണിക് ഉത്പന്നങ്ങള്‍, ഇരുചക്ര വാഹനങ്ങള്‍ എന്നിവയ്ക്ക് ജിഎസ്ടി 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി ചുരുക്കി.
- കുടുംബങ്ങള്‍ക്ക് നേരിട്ട് ആശ്വാസം നല്‍കുന്ന വിധത്തില്‍ ആരോഗ്യ ഇൻഷ്വറൻസിനുള്ള ജി.എസ്.ടി പൂർണമായും എടുത്തുകളഞ്ഞു.
കേവലം നയപരമായ ക്രമീകരണങ്ങളല്ല ഈ വളർച്ചയുടെ അടിസ്ഥാനം. അതിനപ്പുറത്ത്, സാധനങ്ങളുടെ വില കുറയല്‍, ജനങ്ങളുടെ കൈയില്‍ കൂടുതല്‍ പണം ശേഷിക്കല്‍, ജനങ്ങള്‍ കൂടുതല്‍ ചെലവഴിക്കുമ്ബോഴുള്ള ബിസിനസ് വളർച്ച, തൊഴിലവസരങ്ങളുടെ വർദ്ധന, നികുതി അടിസ്ഥാനങ്ങളുടെ വ്യാപനം തുടങ്ങി മികവുറ്റ ഒരു സാമ്ബത്തിക ആവാസ വ്യവസ്ഥയുടെ നിലനില്പിന് ആവശ്യമായ ചാക്രിക സംവിധാനമാണ് വളർത്തപ്പെട്ടത്.2025 ഒക്ടോബറിലെ കണക്കുകള്‍ ഈ മികവിന്റെ സാക്ഷ്യപത്രമാവുന്നു. പലരും വ്യാജമായി പ്രചരിപ്പിച്ച ‘വരുമാന നഷ്ടം” ഒന്നുംതന്നെ ഉണ്ടായില്ല. പകരം ലളിതമായ നികുതി സംവിധാനം കൂടുതല്‍ പേരെ ഔപചാരിക സമ്ബദ്‌വ്യവസ്ഥയിലേക്ക് ചേർത്തുനിറുത്തി. 2017-ല്‍ ജി.എസ്.ടി ആദ്യമായി കൊണ്ടുവന്നപ്പോള്‍ത്തന്നെ അടിസ്ഥാനമില്ലാത്ത പല ആരോപണങ്ങളുമായി വിമർശകർ രംഗത്തെത്തിയിരുന്നു. വരുമാനത്തില്‍ കുറവ് വരും, ഫെഡറല്‍ ബാലൻസില്‍ പ്രത്യാഘാതം സൃഷ്ടിക്കും എന്നൊക്കെയുള്ള ആശങ്കകള്‍ ഉയർന്നപ്പോള്‍ ഓരോ തവണയും പ്രക്രിയ മെച്ചപ്പെടുത്തുകയും, നഷ്ടപരിഹാരം നല്‍കി സംസ്ഥാനങ്ങളെ ചേർത്തുപിടിക്കുകയും ചെയ്തു.ആ പിന്തുണ ഇപ്പോഴും തുടരുന്നു. ഇതിലെ ഗുണപാഠം വ്യക്തമാണ്: ‘വളർച്ചയ്ക്ക് അനുകൂലമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കൂ, വരുമാനം സ്വാഭാവികമായി പിന്നാലെ വരും!” വ്യക്തതയോടും ദൃഢനിശ്ചയത്തോടും കൂടിയ നടപടികള്‍ ആഴ്ചകള്‍ക്കുള്ളില്‍ത്തന്നെ ഫലം കാണിക്കുമെന്നതാണ് ദേശീയതലത്തില്‍ ഒക്ടോബറിലെ പ്രകടനം മനസിലാക്കിത്തരുന്നത്.
സംസ്ഥാനത്തിന്അനുകരിക്കാം: ഇതെല്ലാം കേരളത്തിലെ എല്‍.ഡി.എഫ് സർക്കാരിന് അനുകരിക്കാവുന്ന മാതൃകകളാണ്. അനന്തമായ നികുതി വർദ്ധനയിലൂടെയും ലെവികളിലൂടെയും പൗരന്മാരെയും ചെറുകിട വ്യവസായങ്ങളെയും ചൂഷണം ചെയ്യുന്നതിനു പകരം, അവസരങ്ങള്‍ വികസിപ്പിക്കുകയും നിക്ഷേപങ്ങളെ ആകർഷിക്കുകയും സംരംഭകത്വം പ്രോത്സാഹിപ്പിക്കുകയുമാണ് വേണ്ടത്. ഉയർന്ന നികുതികളിലൂടെയല്ല; മറിച്ച്, ഉയർന്ന വളർച്ചയിലൂടെയാണ് ദീർഘകാലത്തേക്കുള്ള മികച്ച സമ്ബദ് വ്യവസ്ഥയുണ്ടാവുക എന്ന് കേരള സർക്കാർ തിരിച്ചറിയേണ്ട മുഹൂർത്തമാണിത്.ഒരു മാസത്തെ കണക്കുകളില്‍ അഭിരമിക്കുന്നില്ല. വരും മാസങ്ങളിലെ പ്രവണതകളും പ്രധാനമാണ്. പക്ഷേ കാറ്റിന്റെ ദിശ വ്യക്തമാണ്. ജി.എസ്.ടി പരിഷ്‌കാരം അതിന്റെ ലക്ഷ്യങ്ങള്‍ കൃത്യമായി നിറവേറ്റുകയാണെന്നതിന്റെ ലക്ഷണങ്ങള്‍ പ്രകടമായിക്കഴിഞ്ഞു. നികുതി ലളിതമാക്കുന്നു, വില കുറയ്ക്കുന്നു, ഉയർച്ചയിലേക്ക് നയിക്കുന്നു. പൗരസൗഹൃദവും കൂടുതല്‍ കാര്യക്ഷമമായ ഒരു സംവിധാനം രൂപപ്പെട്ടതു വഴി വ്യാപാരം ഉത്തേജിപ്പിക്കപ്പെടുന്നു.

















