തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് സിപിഎം ഇപ്പോള്‍ സജീവമായി പരിഗണിക്കുന്ന പേരാണ് ഹരിപ്പാട് മുന്‍ എംഎല്‍എ കൂടിയായ ടികെ ദേവകുമാറിന്റേത്. മറ്റുപല പേരുകളും ചര്‍ച്ചയായി എങ്കിലും ദേവകുമാറിലേക്ക് തീരുമാനം എത്തിയതിന് കാരണം മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള അടുപ്പം തന്നെയാണ്. നാളത്തെ സെക്രട്ടറിയേറ്റ് യോഗത്തില്‍ ദേവകുമാറിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും.

ദേശീയ തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പിആര്‍ നോക്കിയിരുന്നത് ദേവകുമാറിന്റെ മകന്‍ ടിഡി സുബ്രഹ്‌മണ്യം ഉള്‍പ്പെട്ട ഏജന്‍സിയായ ‘കെയ്സൻ’ ആണ്. 2024 സെപ്റ്റംബറിലെ മുഖ്യമന്ത്രിയുടെ ‘മലപ്പുറം സ്വർണക്കടത്ത് പരാമർശം’ വിവാദമായതിന് പിന്നാലെ അദ്ദേഹം തന്നെയാണ് അത് വ്യക്തമാക്കിയത്. ദ ഹിന്ദു ദിനപത്രം പ്രസിദ്ധീകരിച്ച തൻ്റെ അഭിമുഖത്തില്‍ താൻ പറയാത്ത കാര്യം ഉള്‍പ്പെടുത്തി എന്നായിരുന്നു മുഖ്യമന്ത്രി ആദ്യം നിലപാടെടുത്തത്. മലപ്പുറം ജില്ലയിലൂടെ നടക്കുന്ന സ്വര്‍ണ-ഹവാല കേസുകളുടെ കണക്കുകള്‍ വിശദീകരിച്ചത് മുസ്ലീം വിഭാഗത്തിനെതിരായി എന്ന തരത്തില്‍ വൻ വിവാദമായി വളർന്നതോടെയാണ് വിശദീകരണങ്ങള്‍ ഉണ്ടായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പറയാത്ത കാര്യം ഉള്‍പ്പെടുത്തിയെന്ന് പിന്നീട് ഏറ്റുപറഞ്ഞ ഹിന്ദു പത്രം പക്ഷെ, മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നവർ എഴുതിനല്‍കിയ കണക്കുകളാണ് അഭിമുഖത്തില്‍ ചേർത്തതെന്നും വിശദീകരിച്ചു.ഇതോടെയാണ് ഒപ്പമുണ്ടായിരുന്നവർ വെറും പിആർ ഏജൻസിക്കാരല്ല, തൻ്റെ അടുപ്പക്കാരാണെന്ന് വിശദീകരിച്ച്‌ മുഖ്യമന്ത്രി രംഗത്തെത്തിയത്. “അഭിമുഖം നടത്താന്‍ ദ ഹിന്ദു പത്രത്തിന് തല്‍പര്യമുണ്ടെന്ന് അറിയിച്ച്‌ സമീപിച്ചത് മുന്‍ എംഎല്‍എ ദേവകുമാറിന്റെ മകനാണ്. ചെറുപ്പം മുതല്‍ അറിയാവുന്ന ആളായതു കൊണ്ടും അയാളുടെ രാഷ്ട്രീയ നിലപാട് അറിയാവുന്നതു കൊണ്ടും സമ്മതിച്ചു”; ഇങ്ങനെയാണ് ഹരിപ്പാട് മുൻ എംഎല്‍എ ദേവകുമാറിനേയും മകനേയും കുറിച്ച്‌ മുഖ്യമന്ത്രി അന്ന് വിശദീകരിച്ചത്.

അഭിമുഖം നടക്കുമ്ബോള്‍ സുബ്രഹ്‌മണ്യം മുഖ്യമന്ത്രിക്കൊപ്പം മുറിയില്‍ ഉണ്ടായിരുന്നു എന്നും സമ്മതിച്ചിരുന്നു.ദേശീയ തലത്തില്‍ മുഖ്യമന്ത്രിയുടെ ഇമേജ് വര്‍ദ്ധിപ്പിക്കുക എന്നതാണ് ഈ സംഘത്തിൻ്റെ ജോലി എന്നാണ് സൂചന. അതോടൊപ്പം മുസ്ലിം പ്രീണനം ആണെന്ന ഭൂരിപക്ഷ സമുദായങ്ങളുടെ പരാതിയുടെ ആക്കം കുറയ്ക്കാനും മലപ്പുറം പരാമര്‍ശത്തിലൂടെ സിപിഎം ലക്ഷ്യമിട്ടിരുന്നു എന്ന വിലയിരുത്തല്‍ ഉണ്ടായിരുന്നു. എന്നാല്‍ കണക്കുകൂട്ടിയതില്‍ അപ്പുറം വിവാദമായി കൈപൊള്ളിയതോടെ പിന്നീട് പലവിധ വിശദീകരണങ്ങളിലൂടെ തലയൂരുകയായിരുന്നു.

ഇതേ ദേവകുമാറിനെയാണ് ഈ നിർണായക ഘട്ടത്തില്‍ ദേവസ്വം തലപ്പത്തേക്ക് എത്തിക്കുന്നത്. സിപിഎമ്മും സർക്കാരും ആകെ പെട്ടുനില്‍ക്കുന്ന ശബരിമലയിലെ പ്രശ്നങ്ങളില്‍ മുഖംരക്ഷിക്കുക എന്ന ഉദ്ദേശ്യമാണ് നിലവിലെ ദേവസ്വം ഭരണസമിതിയെ നീക്കുക എന്നതിലൂടെ സർക്കാർ ഉദ്ദേശിക്കുന്നത്. അതോടൊപ്പം തൻ്റെ വിശ്വസ്തനെ തന്നെ അവിടെ ഇരുത്തുക എന്നതും മുഖ്യമന്ത്രി തന്നെ നേരിട്ട് എടുത്ത തീരുമാനം ആണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക