തെരച്ചിലിനൊടുവിൽ കഴിഞ്ഞ ദിവസം നെയ്യാർ അണക്കെട്ടിന്റെ റിസർവോയറില്‍ ചാടിയ ആർ.ടി ഓഫിസ് ജീവനക്കാരിയായ നേമം പൊന്നുമംഗലം സ്വദേശി ശരണ്യയുടെ മൃതദേഹം കണ്ടെത്തി. അഗ്നിരക്ഷാ സേനയും സ്കൂബാ സംഘവും മണിക്കൂറുകളോളം നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.സ്ഥലമാറ്റം ലഭിക്കാത്തതു കൊണ്ടുള്ള ജോലി സമ്മർദവും മനോവിഷമവുമാണ് ശരണ്യ ജീവനോടുക്കാനായി കാരണമെന്ന് ഭർത്താവ് സിരില്‍ പൊലീസിനോട് പറഞ്ഞു.
എന്നാല്‍, ഭർത്താവിന്റെ നിരന്തര പീഡനം സഹിക്കാതെയാണ് ശരണ്യ ജീവനോടുക്കിയതെന്നാണ് പൊലീസ് .സ്ഥിരം മദ്യപാനിയാണെന്നും മദ്യപിച്ചെത്തിയാല്‍ ഇവരെ ക്രൂരമായി മർദിച്ചിരുന്നുവെന്നും നാട്ടുകാരും പൊലീസിന് മൊഴി നല്‍കി. ഭർത്താവിനെതിരെ മുമ്പ് ശരണ്യ പൊലീസില്‍ പരാതി നല്‍കിയിരുന്നതായി ബന്ധുക്കളും പറയുന്നു.
11 മാസം മുമ്പാണ് ശരണ്യ തമ്പാനൂർ ആർ.ടി ഓഫിസില്‍ ജോലിക്ക് ചേർന്നത്. ഇന്നലെ വൈകുന്നേരം 5.30ന് താൻ ജീവനൊടുക്കാൻ പോകുന്നുവെന്ന് ശരണ്യ തന്നെ വിളിച്ച് അറിയിച്ചതായി ഭർത്താവ് സിരില്‍ പൊലീസിനോട് പറഞ്ഞു. വൈകുന്നേരം ആറോടെ ഡാം ടോപ്പില്‍ ചെരുപ്പും പഴ്സും മൊബൈല്‍ ഫോണും കാണുകയും തുടർന്ന് ഇറിഗേഷൻ വകുപ്പ് ജീവനക്കാർ പരിശോധന നടത്തുകയും തുടർന്ന് പൊലീസിനെ അറിയിക്കുകയുമായിരുന്നു.
6.30 തോടെ യുവതിയുടെ ഭർത്താവ് ഇവിടെ എത്തുകയും അവിടെ കണ്ടെത്തിയ ചെരുപ്പും മൊബൈല്‍ ഫോണും പാർക്കിങ്ങിലുള്ള സ്കൂട്ടറും തിരിച്ചറിയുകയും ചെയ്തു. ഇന്നലെ സന്ദർശകർ കുറവായതിനാല്‍ യുവതി ചാടുന്നത് ആരും കണ്ടതുമില്ല.





