ദാദ്ര നഗർ ഹവേലിയിലും ദാമൻ ദിയുവിലും തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയ വൻ വിജയത്തിന് പിന്നാലെ ഗുരുതര ക്രമക്കേട് നടന്നെന്ന് ആരോപിച്ച് കോണ്‍ഗ്രസ് ഹൈക്കോടതിയെ സമീപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ സഹായത്തോടെ ബിജെപി തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന് ആരോപിച്ചാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. ആകെയുള്ള 122 സീറ്റില്‍ 91 ലും ബിജെപി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതിലാണ് വിവാദം. കോണ്‍ഗ്രസിൻ്റെ സ്ഥാനാർത്ഥികളില്‍ 80 ശതമാനം പേരുടെയും പത്രികകള്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയെന്നാണ് ആരോപണം. ബോംബെ ഹൈക്കോടതിയില്‍ സമർപ്പിച്ച ഹർജിയിലാണ് കോണ്‍ഗ്രസ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.
നാളെയാണ് മത്സരം നടക്കുന്ന വാർഡുകളില്‍ വോട്ടെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്.ഈ കേന്ദ്ര ഭരണ പ്രദേശത്തെ 48 അംഗ ജില്ലാ പഞ്ചായത്തില്‍ 35 എണ്ണത്തിലും ബിജെപി എതിരില്ലാതെ ജയിച്ചു. കഴിഞ്ഞ തവണ ഒൻപത് സീറ്റുകളില്‍ ബിജെപി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട സ്ഥലത്താണ് ഇപ്പോള്‍ 35 സീറ്റിലേക്കുള്ള കുതിപ്പ്. 44 ഗ്രാമപഞ്ചായത്ത് സീറ്റുകളില്‍ 30 എണ്ണത്തിലും 30 മുനിസിപ്പാലിറ്റി സീറ്റുകളില്‍ 26ഉം സമാനമായ നിലയില്‍ എതിരാളികളില്ലാതെ ബിജെപി വിജയിച്ചു.അഞ്ച് വർഷം മുൻപ് നടന്ന തെരഞ്ഞെടുപ്പില്‍ ഇവിടുത്തെ ആകെയുള്ള 150 ഗ്രാമപഞ്ചായത്ത് സീറ്റുകളില്‍ 84 എണ്ണത്തില്‍ എതിരാളികളില്ലാതെയാണ് അംഗങ്ങള്‍ പ്രതിനിധികളായത്. 47 എണ്ണത്തില്‍ സ്വതന്ത്രരും വിജയിച്ചു.
കൊവിഡ് മഹാമാരിയുടെ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുമ്ബോഴായിരുന്നു ഇവിടെ തെരഞ്ഞെടുപ്പ് നടന്നത്.ഇക്കുറി ദാമൻ ജില്ലാ പഞ്ചായത്തിലെ 16 സീറ്റുകളില്‍ 10 എണ്ണത്തിലും, ദാമൻ മുനിസിപ്പാലിറ്റിയിലെ 15 വാർഡുകളില്‍ 12 എണ്ണത്തിലും, 16 ഗ്രാമപഞ്ചായത്തുകളില്‍ 10 എണ്ണത്തിലും ബിജെപി സ്ഥാനാർത്ഥികളെ എതിരില്ലാതെ വിജയികളായി പ്രഖ്യാപിച്ചു. ദിയുവില്‍, എട്ട് ജില്ലാ പഞ്ചായത്ത് സീറ്റുകളില്‍, അഞ്ചെണ്ണത്തില്‍ ബിജെപി സ്ഥാനാർത്ഥികളെ വിജയികളായി പ്രഖ്യാപിച്ചു. സർപഞ്ച് സോളവാഡി, ബുച്ചാർവാഡ ഗ്രാമപഞ്ചായത്തുകള്‍ ബിജെപി എതിരില്ലാതെ ജയിച്ചുകയറി. ദാദ്ര, നാഗർ ഹവേലി ജില്ലാ പഞ്ചായത്തില്‍, 26 സീറ്റുകളില്‍ 20 എണ്ണത്തിലും, 15 മുനിസിപ്പാലിറ്റി വാർഡുകളില്‍ 14 എണ്ണത്തിലും, 26 ഗ്രാമപഞ്ചായത്തുകളില്‍ 18 എണ്ണത്തിലും ബിജെപി സ്ഥാനാർത്ഥികളെ എതിരില്ലാതെ വിജയികളായി പ്രഖ്യാപിച്ചു

















