രക്തസമ്മർദ രോഗികളുടെ എണ്ണം ഇന്ന് കേരളത്തില്‍ ദിനംപ്രതി വർദ്ധിച്ചുവരികയാണ്. അനാരോഗ്യകരമായ ജീവിതശൈലിയും ജോലിയിലെ സ്‌ട്രസുമാണ് ഇതിന്റെ പ്രധാനകാരണം. അതിനാല്‍ത്തന്നെ രക്തസമ്മർദം (ബിപി) നിയന്ത്രിക്കാൻ ചെറുപ്രായത്തില്‍ മരുന്ന് കഴിക്കുന്നവരുടെ എണ്ണവും കൂടുതലാണ്. എന്നാല്‍, ഈ മരുന്നുകള്‍ സുരക്ഷിതമാണോ? രക്തസമ്മർദം നിയന്ത്രിക്കാനുള്ള മരുന്നില്‍ ക്യാൻസർ രോഗത്തിന് കാരണമാകുന്ന രാസവസ്‌തു അടങ്ങിയിട്ടുണ്ടെന്നാണ് പുതിയ കണ്ടെത്തല്‍. കേരളത്തിലല്ല, യുഎസിലാണ് സംഭവം.
രക്തസമ്മർദത്തിനുള്ള മരുന്നിന്റെ അരദശലക്ഷത്തിലധികം കുപ്പികളാണ് യുഎസില്‍ തിരിച്ചുവിളിച്ചത്. ന്യൂജേഴ്‌സി ആസ്ഥാനമായുള്ള ടെവ ഫാർമസ്യൂട്ടിക്കല്‍സാണ് സ്വമേധയാ അവരുടെ മരുന്ന് തിരിച്ചുവിളിച്ചത്. ഉയർന്ന രക്തസമ്മർദത്തിനും അനുബന്ധ പ്രശ്‌നങ്ങള്‍ക്കും ചികിത്സയ്‌ക്കായി രോഗിക്ക് നല്‍കുന്ന പ്രാസോസിൻ ഹൈഡ്രോക്ലോറൈഡ് (prazosin hydrochloride) കാപ്‌സ്യൂളുകള്‍ ആണ് പിൻവലിച്ചത്. ഈ മരുന്നുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ തുടരുന്നതിനിടെ രോഗികളുടെ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് മരുന്ന് പിൻവലിച്ചതെന്ന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനും (എഫ്ഡിഎ) മരുന്ന് കമ്ബനിയും അറിയിച്ചു.
എന്തുകൊണ്ടാണ് ഈ മരുന്ന് തിരിച്ചുവിളിച്ചതെന്നും അതിന്റെ അപകടസാദ്ധ്യതയും ഈ മരുന്ന് സ്ഥിരമായി കഴിച്ചിരുന്ന രോഗികള്‍ ഇനി എന്തുചെയ്യണമെന്നും അറിയാം.
രക്തക്കുഴലുകളെ വികസിപ്പിച്ച് രക്തപ്രവാഹം കൂടുതല്‍ സുഗമമാക്കാൻ സഹായിക്കുന്ന മരുന്നാണ് പ്രാസോസിൻ ഹൈഡ്രോക്ലോറൈഡ് കാപ്‌സ്യൂള്‍. മരുന്നിന്റെ ചില ബാച്ചുകളില്‍ ക്യാൻസറിന് കാരണമായ നൈട്രോസാമൈൻ മാലിന്യങ്ങള്‍, പ്രത്യേകിച്ച് “എൻ – നൈട്രോസോ പ്രാസോസിൻ ഇംപ്യൂരിറ്റി സി” എന്നിവ കലർന്നിരിക്കാമെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് തിരിച്ചുവിളിക്കല്‍ ആരംഭിച്ചത്. മരുന്നുകളുടെ നിർമാണത്തിനിടെ ഉണ്ടാകുന്ന രാസപ്രക്രിയയിലാണ് ഈ നൈട്രോസാമൈൻ മാലിന്യങ്ങള്‍ ഉണ്ടാകുന്നത്.ചില മരുന്നുകള്‍, വെള്ളം, ഗ്രില്‍ ചെയ്‌ത മാംസം, പാലുല്‍പ്പന്നങ്ങള്‍ എന്നിവയില്‍ നൈട്രോസാമൈനുകള്‍ വളരെ ചെറിയ അളവില്‍ അടങ്ങിയിട്ടുണ്ട്.
ഇവ ദിനംപ്രതി ശരീരത്തില്‍ എത്തുന്നത് ക്യാൻസറിന് കാരണമാകും എന്നതിനാലാണ് തിരിച്ചുവിളിച്ചത്. പ്രത്യേകിച്ച് ദിനസേന കഴിക്കുന്ന മരുന്നുകളില്‍ ഇതിന്റെ അംശമുണ്ടെങ്കില്‍ അത് മാരക പ്രശ്‌നങ്ങള്‍ ശരീരത്തിനുണ്ടാക്കും.മുൻകരുതല്‍ നടപടിയായി, ടെവ മരുന്നിന്റെ 580,000ലധികം കുപ്പികളാണ് വിപണിയില്‍ നിന്നും പിൻവലിച്ചത്. ഇതില്‍ 1 മില്ലിഗ്രാം പതിപ്പിന്റെ 181,659 കുപ്പികളും, 2 മില്ലിഗ്രാമിന്റെ 291,512 കുപ്പികളും, 5 മില്ലിഗ്രാമിന്റെ 107,673 കുപ്പികളും ഉള്‍പ്പെടുന്നു. ഓരോന്നിലും 1000 ഗുളികകളാണ് അടങ്ങിയിട്ടുള്ളത്. വളരെ കുറഞ്ഞ അളവില്‍ ഈ രാസവസ്‌തു ശരീരത്തില്‍ എത്തുന്നത് പ്രശ്‌നമല്ലെങ്കിലും അമിതമായാല്‍ ആപത്താണ്.
മരുന്ന് ഉപയോഗിച്ചിരുന്നവർ എന്തുചെയ്യണം?
തിരിച്ചുവിളിക്കപ്പെട്ട രക്തസമ്മർദത്തിനുള്ള മരുന്ന് ഇനി എന്തുചെയ്യണമെന്ന് ടെവ ഫാർമസ്യൂട്ടിക്കല്‍സോ എഫ്ഡിഎയോ വ്യക്തമാക്കിയിട്ടില്ല. മരുന്ന് സ്ഥിരമായി കഴിച്ചിരുന്നവർ എത്രയും വേഗം അവരുടെ ഡോക്‌ടറെ ബന്ധപ്പെടാനാണ് മരുന്ന് കമ്ബനി നിർദേശിച്ചിരിക്കുന്നത്. ഇതുവരെ മരുന്നുമായി ബന്ധപ്പെട്ട പ്രതികൂല ഫലങ്ങള്‍ ഉള്ളതായി രോഗികളില്‍ നിന്ന് പരാതി ടെവയ്‌ക്ക് ലഭിച്ചിട്ടില്ല. നിലവില്‍ മരുന്ന് കൈവശം വച്ചിരിക്കുന്ന രോഗികള്‍ അവ വാങ്ങിയ സ്ഥലത്ത് തന്നെ തിരികെ നല്‍കണമെന്നും കമ്ബനി അറിയിച്ചു.
രക്തസമ്മർദത്തിന് മരുന്ന് സ്ഥിരമായി കഴിക്കുന്നവർ പെട്ടെന്നത് മാറ്റുന്നത് അപകടത്തിന് കാരണമാകും. അതിനാല്‍ ഡോക്‌ടറെ സമീപിച്ച് പരിഹാരം കണ്ടശേഷം വേണം ഇത് നിർത്താനെന്നും കമ്ബനി നിർദേശിച്ചു. ഇതിന് മുമ്ബ് നൈട്രോസാമൈൻ മലിനീകരണം കാരണം ഫൈസർ, മെർക്ക്, സാൻഡോസ്, റൈസിംഗ് ഫാർമസ്യൂട്ടിക്കല്‍സ് തുടങ്ങിയ കമ്ബനികളും മുമ്ബ് മരുന്നുകള്‍ തിരിച്ചുവിളിച്ചിട്ടുണ്ട്.






