വെഞ്ഞാറമ്മൂട്ടില്‍ കോണ്‍ഗ്രസ് നേതാവ് ബിജെപിയില്‍. നെല്ലനാട് ഗ്രാമ പഞ്ചായത്തിലെ മാണിക്യമംഗലം വാർഡ് മെമ്ബർ പി. ബാബു ആണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേർന്നത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ നെല്ലനാട് പഞ്ചായത്തിലെ മാണിക്യമംഗലം വാർഡില്‍ നിന്നും കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച്‌ സിപിഎം സ്ഥാനാർഥിയെ തോല്‍പ്പിച്ചായിരുന്നു മുൻ പൊലീസ് ഉദ്യോഗസ്ഥൻ കൂടിയായ ബാബു കോണ്‍ഗ്രസിന് വേണ്ടി വാർഡ് പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസം ബിജെപി പ്രാദേശിക നേതാക്കള്‍ വീട്ടിലെത്തി ഷാള്‍ അണിയിച്ചാണ് ബാബുവിനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തത്.

അമേരിക്ക, റഷ്യ, ചൈന ഉള്‍പ്പെടെയുള്ള വൻകിട രാജ്യങ്ങളോടൊപ്പം വളർന്നു നില്‍ക്കാനുള്ള പ്രാപ്തിയിലേക്ക് രാജ്യത്തെ എത്തിച്ച ഭാരതീയ ജനതാ പാർട്ടിയുടെ ഭാഗമാകാനുള്ള താല്‍പര്യമാണ് തന്നെ ബിജെപിയിലെത്തിച്ചതെന്ന് ബാബു പറഞ്ഞു. കൂടാതെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വ്യക്തി പ്രഭാവവും ദിവ്യഗുണങ്ങളും ഒരു അവതാര പുരുഷൻ എന്ന നിലയില്‍ തന്റെ മനസ്സില്‍ വളരെ കാലമായി നിലനില്‍ക്കുന്നുണ്ടെന്നും ബാബു പറയുന്നു.അഞ്ചാം തീയതി പാർട്ടി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറില്‍ നിന്നും ബിജെപി അംഗത്വം സ്വീകരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം, സ്വന്തം വാർഡ് സ്ത്രീ സംവരണമായതിനാല്‍ സമീപത്തെ കാവറ വാർഡില്‍ മത്സരിക്കാൻ താല്‍പര്യം അറിയിച്ചത് പാർട്ടി അംഗീകരിക്കാത്തതിനാലാണ് ബിജെപിയിലേക്ക് പോയതെന്ന് പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. കോണ്‍ഗ്രസ് പരിപാടികളില്‍ പങ്കെടുക്കാതിരിക്കുന്ന ഇയാള്‍ക്ക് സ്വന്തം വാർഡില്‍പ്പോലും ജനപിന്തുണ കുറഞ്ഞു വരികയായിരുന്നെന്നും കോണ്‍ഗ്രസ് പ്രവർത്തകർ പറയുന്നു. നിലവില്‍ പഞ്ചായത്ത് ഭരണം കോണ്‍ഗ്രസിനാണ്. ഒരു അംഗം മാത്രമാണ് ബിജെപിയില്‍ നിന്നുമുള്ളത്. തെരഞ്ഞടുപ്പ് വരാനിരിക്കെ കൂടുതല്‍ പ്രാദേശിക നേതാക്കളെ എത്തിച്ച്‌ ഭരണം പിടിക്കാനാണ് ബിജെപി ശ്രമം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക