ലൈംഗികാരോപണങ്ങളെ തുടർന്ന് പാർട്ടിയില്‍ നിന്ന് പുറത്താക്കിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ തിരിച്ചെടുക്കണമെന്ന് കെപിസിസി ഭാരവാഹി യോഗത്തില്‍ ആവശ്യം. രാഹുലിന്റെ പേരെടുത്ത് പറയാതെയാണ് എ ഗ്രൂപ്പുകാരനായ ഭാരവാഹി ആവശ്യമുന്നയിച്ചത്.പുനഃസംഘടനക്ക് ശേഷമുള്ള കെപിസിസിയുടെ ആദ്യ യോഗത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിനായി വാദമുയർന്നത്.
ആരോപണ വിധേയരെ സിപിഐഎം പാർട്ടി പദവികളില്‍ തിരികെ കൊണ്ടുവന്നത് ചൂണ്ടിക്കാട്ടിയാണ് ആവശ്യം ഉയർത്തിയത്. എന്നാല്‍ അഭിപ്രായത്തിന് പിന്തുണയുണ്ടായില്ല. മറ്റു ഭാരവാഹികള്‍ അഭിപ്രായം ചിരിച്ചുതള്ളി. ഐക്യ ആഹ്വാനം നല്‍കിയാണ് യോഗം അവസാനിച്ചത്. രണ്ട് തിരഞ്ഞെടുപ്പുകള്‍ ജീവന്മരണ പോരാട്ടം എന്നും ഐക്യം മറന്നാല്‍ തിരിച്ചടി ഉണ്ടാകുമെന്നും നേതാക്കള്‍ ഓർമ്മപ്പെടുത്തി.
അതേസമയം, എസ്.ഐ.ആറിനെ എതിർക്കുമ്ബോഴും വോട്ട് ചേർക്കാനും യോഗത്തില്‍ തീരുമാനമായി. കോണ്‍ഗ്രസിന് വോട്ടുകള്‍ വെട്ടി പോകാതിരിക്കാൻ ജാഗ്രത കാട്ടണമെന്ന് നിർദേശമുയർന്നു. വിഷയത്തില്‍ പാർട്ടി ഉപസമിതിക്കും ആലോചനയുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പ് കഴിയുംവരെ എസ്‌ഐആർ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് നിയമ പോരാട്ടത്തിനും ശ്രമം നടത്തും. ജില്ലകളുടെ ചുമതലകള്‍ വൈസ് പ്രസിഡൻ്റുമാർക്ക് നല്‍കാനും ആലോചനയുണ്ട്. നിലവില്‍ ജനറല്‍ സെക്രട്ടറിമാർക്കാണ് ചുമതല. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കൻ കെപിസിസി അധ്യക്ഷനെ ചുമതലപ്പെടുത്തി.

















