ഇസ്രായേല്‍ സൈന്യത്തിന്റെ ചീഫ് ലീഗല്‍ ഓഫീസർ രാജിവച്ചു. പാലസ്തീൻ തടവുകാരെ ഇസ്രായേല്‍ സൈനികർ ലൈംഗികമായി പീഡിപ്പിക്കുന്ന വീഡിയോ ചോർന്ന സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതോടെയാണ് രാജിവച്ചത്. സംഭവത്തില്‍ ക്രിമിനല്‍ അന്വേഷണം ആരംഭിച്ചതോടെയാണ് അഡ്വക്കേറ്റ് ജനറല്‍ മേജർ ജനറല്‍ യിഫാത് ടോമർ- യെരുഷാല്‍മി രാജിവച്ചത്.2024 ആഗസ്റ്റിലായിരുന്നു വീഡിയോ ചോർന്നത്. ഈ വീഡിയോ ഇസ്രായേലി ചാനല്‍-12 സംപ്രേഷണം ചെയ്തിരുന്നു.
ഫലസ്തീൻ തടവുകാരെ സൈനികർ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന വീഡിയോ ചോർന്നതിന്റെ ഉത്തരവാദി താനാണെന്ന് വ്യക്തമാക്കിയാണ് ഇസ്രായേലി സൈന്യത്തിലെ ഉന്നത അഭിഭാഷക ഉദ്യോഗസ്ഥ രാജിവച്ചത്.എസ്ഡി ടീമാൻ തടങ്കല്‍ കേന്ദ്രത്തില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ചോർന്നത്. പീഡനത്തില്‍ അന്വേഷണത്തിന് പിന്നാലെ അഞ്ച് റിസർവ് സൈനികർക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. ഇതിനെ അപലപിച്ച് വലതുപക്ഷ രാഷ്ട്രീയക്കാർ രംഗത്തെത്തിയിരുന്നു.തടവുകാരെ ദുരുപയോഗം ചെയ്യുന്ന വീഡിയോയും റിപ്പോർട്ടുകളും കെട്ടിച്ചമച്ചതാണെന്നായിരുന്നു ഇവരുടെ അവകാശവാദം.
തടങ്കല്‍ കേന്ദ്രത്തിലെ വീഡിയോ എങ്ങനെ ചോർന്നു എന്നതിനെക്കുറിച്ച് ഈ ആഴ്ച ആദ്യം പൊലീസ് ക്രിമിനല്‍ അന്വേഷണം ആരംഭിച്ചതുമുതല്‍ സൈനിക അഡ്വക്കേറ്റ് ജനറലായ മേജർ ജനറല്‍ യിഫാത് ടോമർ- യെരുഷാല്‍മി അവധിയിലായിരുന്നു.രാജി തീരുമാനത്തെ സ്വാഗതം ചെയ്ത പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ്, ഇസ്രായേല്‍ സൈനികർക്കെതിരെ അപവാദം പ്രചരിപ്പിക്കുന്ന ആർക്കും സൈനിക യൂണിഫോം ധരിക്കാൻ അർഹതയില്ലെന്ന് പറഞ്ഞു. വീഡിയോ ചോർച്ചയെക്കുറിച്ച് ക്രിമിനല്‍ അന്വേഷണം നടക്കുന്നുണ്ടെന്നും ടോമർ-യെരുഷാല്‍മി നിർബന്ധിത അവധിയിലാണെന്നും കാറ്റ്സ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
പൊലീസ് മന്ത്രി ഇറ്റാമർ ബെൻ-ഗ്വിറും രാജിയെ സ്വാഗതം ചെയ്തു. കൂടുതല്‍ നിയമാധികാരികളെക്കുറിച്ച് അന്വേഷണം നടത്തണമെന്നും ബെൻ-ഗ്വിർ ആവശ്യപ്പെട്ടു. യുദ്ധകാലത്ത് ഇസ്രായേല്‍ തടങ്കലില്‍ ഫലസ്തീനികള്‍ ഗുരുതരമായി പീഡിപ്പിക്കപ്പെട്ടതായി വിവിധ അവകാശ സംഘടനകള്‍ റിപ്പോർട്ട് ചെയ്തിരുന്നു. വെടിനിർത്തല്‍ കരാറിന്റെ ഭാഗമായി ഇസ്രായേല്‍ മോചിപ്പിച്ച ഫലസ്തീൻ തടവുകാരുടെ ശരീരത്തില്‍ സൈന്യത്തിന്റെ കൊടുംക്രൂരതയുടെ തെളിവുകളും കാണാമായിരുന്നു.





