വീതി കുറഞ്ഞ റോഡിൽ കാൽനടക്കാർക്കും വ്യാപാരികൾക്കും ബുദ്ധിമുട്ടാകുന്ന രീതിയിൽ അനധികൃതമായി ഓട്ടോ സ്റ്റാൻഡ് സ്ഥാപിക്കാനുള്ള നീക്കത്തെ കോടതി ഇടപെടലിലൂടെ ചെറുത്ത് തോൽപ്പിച്ച് വ്യാപാരികൾ. പാലാ ടിബി റോഡ് ബ്ലൂ മൂൺ ജംഗ്ഷനിൽ ആണ് ഭരണതലത്തിലെ സ്വാധീനം ഉപയോഗിച്ച് അനധികൃതമായി ഓട്ടോ സ്റ്റാൻഡ് സ്ഥാപിക്കാൻ കേരള കോൺഗ്രസ് എം ട്രേഡ് യൂണിയൻ വിഭാഗമായ കെടിയുസി നേതാവ് ജോസുകുട്ടി പൂവേലിയുടെ നേതൃത്വത്തിൽ നീക്കം നടത്തിയത്. ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയെയും മുനിസിപ്പൽ ഭരണസമിതിയെയും മുന്നിൽ നിർത്തിയാണ് വ്യാപാരികളുടെ പാർക്കിംഗ് സ്ഥലവും കാൽനടക്കാർക്ക് കടന്നുപോകാനുള്ള ഇടവും കയ്യേറി ഓട്ടോ സ്റ്റാൻഡ് സ്ഥാപിച്ചിരുന്നത്.

ഇതിനെതിരെ മറ്റത്തിൽ ബിൽഡിങ് ഉടമ സെബാസ്റ്റ്യൻ മറ്റത്തിലും, ഈ കെട്ടിടത്തിൽ വ്യാപാരസ്ഥാപനങ്ങൾ നടത്തുന്നവരും ഹൈക്കോടതിയെ സമീപിച്ചതോടെയാണ് നീക്കം പൊളിഞ്ഞത്. വസ്തുതകൾ വിശദമായി വിലയിരുത്തിയ കോടതി തല്പരകക്ഷികളെ കേൾക്കണം എന്നത് ഉൾപ്പെടെയുള്ള നിയമപരമായ നിബന്ധനകൾ പാലിക്കാതെയാണ് തീരുമാനമെടുത്തത് എന്ന് കണ്ടെത്തുകയായിരുന്നു. അതുകൊണ്ടുതന്നെ ട്രാഫിക് റെഗുലേറ്ററി കമ്മറ്റി മെയ് 28, 2024ൽ എടുത്ത തീരുമാനവും, മുനിസിപ്പാലിറ്റി ജൂലൈ 31 2024ൽ എടുത്ത തീരുമാനവും റദ്ദാക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കേവലം 5.7 മീറ്റർ വീതി മാത്രമുള്ള റോഡിൽ കാൽനടക്കാർക്ക് നടന്നു പോകുവാനുള്ള ഒന്നര മീറ്റർ ഒഴിച്ചിടുന്നത് നഷ്ടപ്പെടുന്ന രീതിയിലാണ് സ്റ്റാൻഡ് സ്ഥാപിച്ചിരിക്കുന്നത് എന്ന വാദവും ഹൈക്കോടതി കണക്കിലെടുത്തു. നിലവിലുള്ള സ്റ്റാൻഡ് റദ്ദാക്കുകയും ആറാഴ്ചയ്ക്കകം ബന്ധപ്പെട്ടവരെയെല്ലാം കേട്ട് നിയമാനുസൃതമുള്ള നടപടികൾ കൈക്കൊള്ളുവാനുമുള്ള നിർദ്ദേശവും ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിക്ക് ഹൈക്കോടതിയിൽ നിന്ന് നൽകിയിട്ടുണ്ട്. ഹർജിക്കാർക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ എബ്രഹാം വാക്കനാൽ, അഭിഭാഷകരായ പോൾ വാക്കനാൽ ജീവൻ ബാബു എന്നിവർ ഹാജരായി.

ഓട്ടോ സ്റ്റാൻഡിന് മറവിൽ നടക്കുന്നത് വൻ പണപ്പിരിവ്?

ഓട്ടോ സ്റ്റാൻഡിനെ മറയാക്കി വൻ പണപ്പിരിവാണ് ട്രേഡ് യൂണിയൻ സംഘടന ലക്ഷ്യമിട്ടത് എന്നും റിപ്പോർട്ടുകൾ ഉണ്ട്. സ്റ്റാൻഡ് സ്ഥാപിക്കുക അതിനുശേഷം അവിടെ ഇടം ലഭിക്കുന്നതിന് ഓട്ടോ ഓടിക്കുന്നവരോട് വൻ തുക പിരിക്കുക എന്നതാണ് ശൈലി. പൊതു പാതയോരങ്ങൾ കയ്യേറി പണമുണ്ടാക്കുന്ന രാഷ്ട്രീയ ഇടപെടലിന്റെ ഞെട്ടിക്കുന്ന ഉദാഹരണമാണ് ഇത്തരം സംഭവങ്ങൾ. ഭരണതലത്തിലുള്ള സ്വാധീനം ഉപയോഗിച്ചാണ് ഇത്തരം ക്രമക്കേടുകൾ നടപ്പാക്കുന്നത്. വ്യാപാരികൾക്ക് ഭീഷണിയാകുന്ന വഴിയോരക്കച്ചവടക്കാർക്കിടയിൽ നിന്നും വ്യാപകമായ പണപ്പിരിവ് ഇത്തരത്തിൽ നടക്കുന്നുണ്ട് എന്ന ആക്ഷേപങ്ങളും പാലാ നഗരസഭയെ സംബന്ധിച്ച് സജീവമാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക