അതിദാരിദ്ര്യത്തെ തുടച്ചുനീക്കിക്കൊണ്ട് ഒരിക്കല്‍ക്കൂടി ചരിത്രം രചിച്ച്‌ കേരളം. രാജ്യത്ത് ഈ ലക്ഷ്യം കൈവരിക്കുന്ന ആദ്യ സംസ്ഥാനം എന്ന നേട്ടത്തിനൊപ്പം ചൈനയ്ക്ക് ശേഷം ലോകത്ത് ഈ ലക്ഷ്യം കൈവരിച്ച രണ്ടാമത്തെ പ്രദേശമാവാനും കേരളത്തിന് കഴിഞ്ഞു. ഈ മഹത്തായ നേട്ടം കൈവരിച്ചതിന്‍റെ പ്രഖ്യാപനം നവംബർ ഒന്നിന് വൈകിട്ട് അഞ്ച് മണിക്ക് തിരുവനന്തപുരം സെൻട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയും സംയുക്തമായി സെക്രട്ടേറിയറ്റ് പി ആർ ചേംബറില്‍ നടത്തിയ വാർത്താസമ്മേളനത്തില്‍ അറിയിച്ചു.

സംസ്ഥാനത്തെ എല്ലാ മന്ത്രിമാരും ഈ ചടങ്ങില്‍ പങ്കാളികളാവും. പ്രതിപക്ഷനേതാവിനെ പരിപാടിയിലേക്ക് ക്ഷണിക്കും. ചലച്ചിത്രതാരങ്ങള്‍ കമല്‍ഹാസൻ എംപി, മമ്മൂട്ടി, മോഹൻലാല്‍ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. പരിപാടിയ്ക്ക് ശേഷവും മുൻപും കലാവിരുന്നും അരങ്ങേറും. പരിപാടിയുടെ വിജയത്തിനായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ചെയർമാനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ച്‌ പ്രവർത്തനം നടത്തുന്നുണ്ട്. തിരുവനന്തപുരത്ത് പരിപാടി നടക്കുന്ന അതേസമയത്ത് സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പ്രത്യേക പരിപാടിയും ആസൂത്രണം ചെയ്തിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നീതി ആയോഗിന്‍റെ കണക്കുകള്‍ അനുസരിച്ച്‌ രാജ്യത്ത് ഏറ്റവും ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. 2021ല്‍ ജനസംഖ്യയുടെ 0.7 ശതമാനം മാത്രമായിരുന്നു ദരിദ്രരുടെ അളവായി നീതി ആയോഗ് കണ്ടെത്തിയത്. വേണമെങ്കില്‍ ഒരു സർക്കാരിന് കണ്ടില്ല എന്ന് നടിക്കാവുന്ന ആ ചെറു ന്യൂനപക്ഷത്തെ കൈപിടിച്ചുയർത്താനാണ് സർക്കാർ നേതൃത്വം നല്‍കിയത്. 2021 ല്‍ അധികാരത്തിലെത്തിയ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്‍റെ ആദ്യ മന്ത്രിസഭാ യോഗത്തിലെ ആദ്യ തീരുമാനമായിരുന്നു അതിദരിദ്രരില്ലാത്ത കേരളം യാഥാർഥ്യമാക്കാനുള്ള പ്രവർത്തനങ്ങള്‍.ശാസ്ത്രീയവും സമഗ്രവുമായ സർവേയിലൂടെ കേരളത്തിലെ 64006 അതിദരിദ്ര്യ കുടുംബങ്ങളെയാണ് കണ്ടെത്തിയത്.

64006 കുടുംബങ്ങളില്‍ 4421 കുടുംബങ്ങള്‍ (ഭൂരിപക്ഷവും ഏകാംഗ കുടുംബങ്ങളാണ്) ഇതിനകം മരണപ്പെട്ടു. വിപുലമായ പരിശോധനയും ബന്ധപ്പെടലും ശ്രമങ്ങളും നടത്തിയെങ്കിലും നാടോടികളായി കഴിയുന്ന 261 കുടുംബങ്ങളെ ഈ പ്രക്രീയയ്ക്കിടയില്‍ കണ്ടെത്താനായിട്ടില്ല. ഇവരില്‍ മഹാഭൂരിപക്ഷവും മറ്റ് സംസ്ഥാനങ്ങളിലേക്ക് കുടിയേറിപ്പാർത്തവരാണ്. ഇങ്ങനെ 4729 കുടുംബങ്ങള്‍ ഒഴികെ ബാക്കി 59277 കുടുംബങ്ങളാണ് അതിദരിദ്രരായി നിലവില്‍ പട്ടികയിലുള്ളത്. ഇവരെയെല്ലാം അതിദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിച്ചാണ് നവംബർ ഒന്നിന് അതിദരിദ്രരില്ലാത്ത കേരളം സാധ്യമാക്കുന്നതെന്നും മന്ത്രി എം ബി രാജേഷ് അറിയിച്ചു.

പുതിയ പടം പിടുത്തം

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സംസ്ഥാനത്ത് വലിയ എന്തോ നേട്ടം കൈവരിച്ചു എന്ന് സർക്കാർ അവകാശവാദത്തിന്റെ ആധികാരികത സംശയിക്കേണ്ടിയിരിക്കുന്നു. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള ഒരു പിആർ സ്റ്റൺഡ് മാത്രമാണ് ഇത് എന്ന പ്രാഥമിക വിലയിരുത്തലും വിവിധ കോണുകളിൽ നിന്ന് ഉയരുന്നുണ്ട്. കൃഷിക്കാരും മദ്യവർഗ്ഗ കുടുംബങ്ങളും പോലും അതിൽ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോഴാണ് അതി ദരിദ്രർ ഇല്ലാത്ത സംസ്ഥാനമെന്ന അവകാശവാദവുമായി പിണറായി സർക്കാർ രംഗത്ത് എത്തുന്നത്. സമസ്ത മേഖലകളിലും നികുതിയും നിരക്കുകളും വർദ്ധിപ്പിച്ച് ജനത്തെ ഞെക്കി പിഴിഞ്ഞെടുക്കുന്ന സർക്കാരാണ് ഇത്തരത്തിൽ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് വമ്പൻ പ്രഖ്യാപനം നടത്താൻ കോടികൾ ഒഴുക്കാൻ ഒരുങ്ങുന്നത്

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക