മിന്നല്‍ വേഗത്തിലുള്ള സർക്കാരിന്റെ മദ്യനയ മാറ്റത്തില്‍ രൂക്ഷ പ്രതികരണവുമായി കെസിബിസി രംഗത്ത്. ബാറുകളുടെ സമയം വർധിപ്പിച്ചതും എണ്ണം വർധിപ്പിച്ചതുമടക്കമുള്ള പുതിയ മദ്യനയത്തിനെതിരെയാണ് കെസിബിസി മദ്യവിരുദ്ധ സമിതി രംഗത്തെത്തിയത്.പുതിയ മാറ്റം തെരഞ്ഞെടുപ്പ് ഡീല്‍ ആണോ എന്നാണ് തങ്ങളുടെ സംശയമെന്നും മദ്യവിരുദ്ധ സമിതി വിമർശിച്ചു. ബാറുകളുടെ സമയം വർധിപ്പിച്ച നടപടി എത്രയും വേഗം തന്നെ പിൻവലിക്കണമെന്നാണ് കെസിബിസി മദ്യവിരുദ്ധ സമിതിയുടെ ആവശ്യം.

വിനോദസഞ്ചാരികളുടെ മറവില്‍ മദ്യവില്പന വ്യാപകമാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കേണ്ട. വിനോദസഞ്ചാരികള്‍ കേരളത്തിലെത്തുന്നത് നാട്ടിലെ ‘ചളുക്ക് ബ്രാണ്ടി കുടിക്കാനല്ല’ പ്രകൃതിഭംഗി ആസ്വദിക്കാനാണ്. മദ്യത്തിന്റെ ലഭ്യതക്കുറവുകൊണ്ടല്ല വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ കുറവ് വന്നിരിക്കുന്നത്. മറിച്ച്‌ ,മയക്കുമരുന്നുപയോഗിക്കുന്നവരുടെയും മദ്യപാനികളുടെയും തെരുവുനായ്ക്കളുടെയും വന്യമൃഗങ്ങളുടെയും കടന്നാക്രമണം ഭയന്നാണെന്നും മദ്യവിരുദ്ധ സമിതി അഭിപ്രായപ്പെട്ടു. മുന്നണിയിലും മന്ത്രിസഭയിലും പോലും കൂടിയാലോചിക്കാതെയാണ് അബ്കാരി പ്രീണന നയം സ്വീകരിച്ചവര്‍ മദ്യനയ മാറ്റം കൊണ്ടുവന്നത് ‘മദ്യം അത് പാമ്പിനെപ്പോലെ കൊത്തുകയും, അണലിയെപ്പോലെ കടിക്കുകയും ചെയ്യുമെന്ന’ ബൈബിള്‍ വാക്യം ഓര്‍മ്മയില്‍ വയ്ക്കുന്നത് ഉചിതമായിരിക്കുമെന്ന് കെസിബിസി പറയുന്നു. മയക്കുമരുന്നുകളുടെ ഹബ്ബായി മാറിയ കേരളത്തെ എരിതീയില്‍ എണ്ണയൊഴിക്കുന്നത് പോലെ മദ്യശാലകളുടെ എണ്ണം വർധിപ്പിച്ചും സമയം വർധിപ്പിച്ചും സാധാരണ ജനങ്ങളെ വേട്ടയാടരുത് എന്നാണ് കെസിബിസി മദ്യവിരുദ്ധ സമിതി പറയുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പുര കത്തുമ്പോള്‍ വാഴവെട്ടുന്ന സമീപനമാണ് തെരഞ്ഞെടുപ്പടുത്ത ഘട്ടത്തില്‍ സർക്കാർ എടുത്തിട്ടുള്ളതെന്നും. മദ്യപിച്ചും മയക്കുമരുന്നുകള്‍ കഴിച്ചും ഭ്രാന്തന്‍മാരെപ്പോലെ നമ്മുടെ പൊതുജനം അക്രമകാരികളാകുമെന്നും കെസിബിസി വിമർശനമുയർത്തി. സർക്കാരിന്റെ മദ്യനയത്തിലെ മാറ്റത്തിനെതിരെ കേരള കത്തോലിക്കാ സഭ മാര്‍ച്ച്‌ 8ന് മദ്യലഹരി വിരുദ്ധ ഞായര്‍ ആചരിക്കും. സീറോ മലബാര്‍-ലത്തീന്‍-മലങ്കര റീത്തുകളിലെ പള്ളികളില്‍ സഭയുടെ സര്‍ക്കുലര്‍ വായിക്കുകയും വിവിധ പരിപാടികളോടെ ആചരണം നടത്തുകയും ചെയ്യുമെന്നും കെസിബിസി വ്യക്തമാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക